അങ്ങനെ എന്തെങ്കിലുമുണ്ടോ, വിവാഹിതയായ ശേഷം അച്ഛന്റെ ചോദ്യം; നിറ കണ്ണുകളോടെ അന്ന് നവ്യ പറഞ്ഞത്
നവ്യ നായരുടെ എല്ലാമെല്ലാമാണ് മാതാപിതാക്കൾ. അച്ഛനും അമ്മയും ജീവിതത്തിൽ തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് നവ്യ സംസാരിക്കാറുണ്ട്. തന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയ്ക്ക് കാരണം മാതാപിതാക്കളുടെ പിന്തുണയാണെന്ന് നവ്യ പറയാറുണ്ട്. കലാ രംഗത്ത് നവ്യ ശോഭിക്കണമെന്നത് ഇവരുടെ വലിയ ആഗ്രഹമായിരുന്നു. രാജു, വീണ എന്നിവരാണ് നവ്യയുടെ മാതാപിതാക്കൾ. ഫാദേഴ്സ് ഡേയിൽ നവ്യ നായർ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ ആകാശവും ഭൂമിയും എന്ന് കുറിച്ച് കൊണ്ടാണ് അച്ഛനൊപ്പമുള്ള ഫോട്ടോകൾ നവ്യ പങ്കുവെച്ചത്.
അച്ഛനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് നവ്യ നായർ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്ന നവ്യയെ നർത്തകിയും മലയാള സിനിമാ ലോകത്തെ അറിയപ്പെടുന്ന നടിയാക്കിയതിന് പിന്നിൽ അച്ഛന്റെയും അമ്മയുടെയും വലിയ പ്രയത്നമുണ്ട്. ഒരിക്കൽ കെെരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന ഷോയിൽ നവ്യയോട് അച്ഛൻ ഒരു ചോദ്യം ചോദിക്കുകയുണ്ടായി.

ചെറുപ്പത്തിൽ അച്ഛനും അമ്മയ്ക്കും നിന്റെ എന്തെങ്കിലും ആഗ്രഹം സാധിച്ച് തരാൻ കഴിയാതെ പോയിട്ടുണ്ടോ എന്നായിരുന്നു നവ്യയോട് പിതാവ് ചോദിച്ചത്. ഇത് കേട്ട് നവ്യയുടെ കണ്ണ് നിറഞ്ഞു. അങ്ങനെ ഒരു ആഗ്രഹവും അല്ലെന്ന് നിറ കണ്ണുകളോടെ നവ്യ മറുപടി നൽകി. അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അച്ഛനിൽ നിന്നും എനിക്ക് കിട്ടാതെ പോയ ഒന്നുമില്ല. എന്റെ മോനെ പോലും എനിക്കത്രയും സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എനിക്ക് വേണ്ടി അച്ഛൻ സഹിച്ച സാമ്പത്തിക ബുദ്ധിമുട്ട് പോലുള്ള പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല.
അങ്ങനെ ഒരുപാട് ആഗ്രഹങ്ങളൊന്നും അച്ഛന്റെയടുത്ത് പറഞ്ഞിട്ടുമില്ല. ഞങ്ങൾ നൽകിയ സ്നേഹം മകൾ തിരിച്ച് തന്നില്ലെന്ന് അച്ഛനും അമ്മയും ഒരിക്കലും പറയില്ല. 100 ൽ 110 ശതമാനം തന്നെന്നേ അവർ പറയൂ. എന്തും അവർക്ക് വേണ്ടിയേ ചെയ്തിട്ടുള്ളൂ. അന്നൊക്കെ സിഡി ഇട്ടല്ല യൂത്ത് ഫെസ്റ്റിവലിൽ ചെയ്യുക. പത്ത് ഐറ്റമാണ് ഞാൻ പെർഫോം ചെയ്യുക. പക്കമേളക്കാർക്ക് പണം കൊടുക്കണം. പഠിപ്പിക്കുന്നതിന് ഓരോ മാഷുമാർക്കും 20000 ഉം 35000 ഉം നൽകണം.

ഓരോ പ്രാവശ്യം അവർ വീട്ടിലേക്ക് വരുമ്പോഴുള്ള കാറിന്റെ ചാർജ്. ഓർക്കസ്ട്ര റിഹേഴ്സൽ തുടങ്ങി ഒരുപാട് ചെലവുകൾ ഉണ്ട്. സാധാരണക്കാരായ അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ഒരു വർഷം എത്ര ലക്ഷം ചെലവായെന്ന് തനിക്കറിയില്ലെന്നും നവ്യ നായർ അന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ് മകൻ പിറന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖമായിരുന്നു ഇത്.
ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ ഷൂട്ടിംഗിന് അച്ഛനോ അമ്മയോ എപ്പോഴും കൂടെയുണ്ടാകും. ചുറ്റും സഹായിക്കാനാളുണ്ടാകും. എന്നാൽ വിവാഹം എന്നത് വലിയ മാറ്റമായിരുന്നെന്ന് കഴിഞ്ഞ വർഷം നവ്യ നായർ പറഞ്ഞിട്ടുണ്ട്. ഞാനും ചേട്ടനും മാത്രമുള്ള വീട്. ജോലിക്കാരുണ്ട്. അവിടെ വല്ലാതെ ഒറ്റപ്പെട്ടിരുന്നെന്നും നവ്യ നായർ തുറന്ന് പറഞ്ഞു. മുംബെെയിൽ നിന്നും കേരളത്തിലേക്ക് തിരിച്ച് വന്നിട്ട് അഞ്ച് വർഷമായി. അച്ഛനും അമ്മയും ഡാൻസ് സ്കൂളിലെ കുട്ടികളുമെല്ലാം കൂടെയുള്ളതിനാൽ തനിക്ക് ഇപ്പോൾ ഒറ്റപ്പെടൽ തോന്നുന്നില്ലെന്നും നവ്യ നായർ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications