മമ്മൂട്ടിക്കും മോഹന്‍ലാലിനും കിട്ടണം! ഹരികൃഷ്ണന്‍സ് ഇരട്ട ക്ലൈമാക്സിനെക്കുറിച്ച് സംവിധായകന്‍!
മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഹരികൃഷ്ണന്‍സ്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച സിനിമകളില്‍ ഏറെ പ്രധാനപ്പെട്ട ചിത്രം കൂടിയാണിത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് നിര്‍ത്തി സിനിമയെടുക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ഫാസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. 1998 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ചിത്രത്തിന് വേണ്ടി മൂന്ന് ക്ലൈമാക്‌സുകള്‍ ഒരുക്കിയതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ഫാസില്‍ ഇപ്പോള്‍.
മോഹന്‍ലാലും മമ്മൂട്ടിയും തുല്യരായി നില്‍ക്കുന്ന സമയമായിരുന്നു അത്. അവരെ ഒരുമിപ്പിച്ചു സിനിമയെടുക്കണം എന്ന് ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഇരുവരുമായും അടുത്ത സൗഹൃദവുമുണ്ടായിരുന്നു. അങ്ങനെയാണ് ഹരികൃഷ്ണന്‍സ് ഒരുക്കുന്നത്. അങ്ങനെയൊരു സിനിമ എടുക്കുമ്പോള്‍ അവരിലൊരാളെ കൂടുതലായി പരിഗണിച്ചു എന്ന വിമര്‍ശനം വരാതെ നോക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ഫാസില്‍ പറയുന്നു. നായികയായ ജൂഹി ചൗളയെ ഏത് നായകന് ലഭിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരുന്നു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും ആരാധകരെ നിരാശരാക്കുന്ന തരത്തില്‍ സിനിമയൊരുക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെ ആലോചിച്ചപ്പോള്‍ തോന്നിയൊരു കുസൃതിയായിരുന്നു ആ ക്ലൈമാക്സ്. നായികയെ രണ്ടുപേര്‍ക്കും കിട്ടുന്നതും ആര്‍ക്കും കിട്ടാത്തതുമായ ക്ലൈമാക്സുകളിലേക്ക് എത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു ഫാസില്‍. 32 പ്രിന്‍റുള്ളതില്‍ 16 ല്‍ മോഹന്‍ലാലിന് കിട്ടുന്നതും 16 ല്‍ മമ്മൂട്ടിക്ക് കിട്ടുന്നതുമായാണ് കാണിച്ചത്. അതൊരു കൗതുകം മാത്രമായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications