For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശങ്കരാടി അഭിനയിച്ചത് 700 ഓളം സിനിമകളില്‍! ഓര്‍മ്മയായിട്ട് 18 വര്‍ഷം, ശങ്കരാടിയ്ക്ക് പ്രണാമം

|

മലയാള സിനിമയിലെ അതുല്യ നടന്മാരില്‍ ഒരാളായിരുന്നു ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടി. കേരളത്തിലെ റിയലിസ്റ്റിക് നടന്മാരില്‍ പ്രധാനിയായ ശങ്കരാടി 700 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശങ്കാരടി മരിച്ചിട്ട് പതിനെട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 2001 ഒക്ടോബര്‍ എട്ടിനായിരുന്നു താരം അന്തരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കിയിരിക്കുകയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. ഫേസ്ബുക്കിലൂടെ പുറത്ത് വന്ന കുറിപ്പിങ്ങനെ...

മലയാള സിനിമയിലെ നാട്ടുകാരണവര്‍ ചന്ദ്രശേഖരന്‍ മേനോന്‍ എന്ന ശങ്കരാടിയുടെ വിടവാങ്ങലിന് ഇന്ന് 18 വര്‍ഷം തികയുന്നു. ഇത്രയേറെ ഗ്രാമീണത്വം നിറഞ്ഞ മുഖം സിനിമയിലുണ്ടാവുകയില്ല, അത്ര പരിചിതമായിരുന്നു മലയാളിക്ക് ആ മുഖം. രസികത്വം നിറഞ്ഞ ആ നാട്ടുകാരണവര്‍ തന്റെ സ്വാഭാവികമായ അഭിനയം കൊണ്ട് ഓരോ വേഷവും വ്യത്യസ്തമാക്കി. വഴക്കം ചെന്ന അഭിനയ പാടവം കൊണ്ട് ഒരു പിടി ജീവനുള്ള കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച ശങ്കരാടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രണാമം.

വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924-ല്‍ ജന്മം. എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തന്റെ അഭിനയ ജീവിതത്തില്‍ എത്തുന്നതിന് മുന്‍പ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവര്‍ത്തനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്, കമ്മ്യൂണിസ്റ്റ് (CPI) പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ. പി. എ. സി. നാടക സംഘത്തില്‍ എത്തുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും നല്‍കിയിരുന്ന ഒരു കാലമായിരുന്നു അത്.

1960 ലെ ചില നാടക അഭിനയമാണ് ശങ്കരാടിയെ ചലച്ചിത്ര ജീവിതത്തിലേക്ക് കൊണ്ടു വന്നത്. നാടക ജീവിതത്തില്‍ നിന്ന് ശങ്കരാടിയെ സിനിമയില്‍ എത്തിക്കാന്‍ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. കുഞ്ചാക്കോ സംവിധാനം ചെയ്ത കടലമ്മ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്.

ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു. ചന്ദ്രശേഖര മേനോന്‍ എന്ന പേരില്‍ നിന്നും തറവാട്ടു പേരായ 'ശങ്കരാടി' എന്ന നാമത്തിലേയ്ക്ക് മാറപ്പെട്ടതും ഈ കാലത്താണ്. പിന്നെ അങ്ങോട്ട് 700ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ശങ്കരാടിയുടെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച്, കാര്യസ്ഥനായും, അമ്മാവനായും, അമ്മായിയഛനായും ഒക്കെ ആയിരുന്നു തുടക്കകാലത്തെ റോളുകള്‍. 80കളുടെ തുടക്കത്തോടെ ശങ്കരാടി ചെയ്തത് അധികവും സരസമായ കഥാപാത്രങ്ങളുടെ റോളുകള്‍ ആയിരുന്നു.

1960 മുതല്‍ 80 കാലഘട്ടത്തിലാണ് പ്രധാനമായും ശങ്കരാടി അഭിനയിച്ചിട്ടുള്ളത്. അടൂര്‍ ഭാസി, ബഹദൂര്‍ എന്നിവരോടൊപ്പം മികച്ച ഹാസ്യ കഥാപാത്രങ്ങളെ ശങ്കരാടി മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാബൂളിവാല, ഗോഡ്ഫാദര്‍, കിരീടം, സന്ദേശം, ചെങ്കോല്‍, മദനോത്സവം, ഏണിപ്പടികള്‍, കളിക്കളം, തൂവല്‍കൊട്ടാരം, വിയറ്റ്‌നാം കോളനി, മഴവില്‍ക്കാവടി, മിഥുനം, തലയനമന്ത്രം, ബോയിങ് ബോയിങ്, ഹിസ് ഹൈനെസ്സ് അബ്ദുള്ള, അനുബന്ധം, റാംജിറാവ് സ്പീകിംഗ്, നാടോടിക്കാറ്റ്, താഴ്‌വാരം എന്നിവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.

കാബൂളി വാലയിലെ ചായക്കടക്കാരന്‍ നായരെ മലയാളിക്ക് ഒരു കാലത്തും മറക്കാന്‍ കഴിയില്ല. ഗോഡ്ഫാദറിലെ ശങ്കരാടിയുടെ വക്കീല്‍ പ്രേക്ഷകരെ മുഴുവന്‍ ചിരിപ്പിച്ചു. കാസര്‍ഗോഡ് കാദര്‍ഭായിയിലെ പച്ചാളം പാപ്പച്ചനേയും ആര്‍ക്കാണ് മറക്കാനാവുക. തലയണമന്ത്രത്തില്‍ സുകുമാരിയുടെ ഭര്‍ത്താവായ തങ്കപ്പനായിട്ടാണ് ശങ്കരാടി വേഷമിട്ടത്. കിരീടത്തില്‍ സേതുമാധവന്‍ കുറ്റവാളിയാകുമ്പോള്‍ സ്വന്തം മകളുടെ നന്മ മാത്രം നോക്കുന്ന സ്വാര്‍ത്ഥത നിറഞ്ഞ അച്ഛനായി. തമ്മില്‍ തമ്മിലെ ഇത്തിരി നാണം എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഗാനരംഗത്തില്‍ അഭിനയിച്ച റഹ്മാനെക്കാള്‍ ഓര്‍മ്മ വരിക ശങ്കരാടിയെയാണ്.

സത്യന്‍ അന്തിക്കാട് സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു ശങ്കരാടി എന്ന നടന്‍. ''അതായത് വര്‍ഗാതിപത്യവും കൊലോനിയളിസ്റ്റ് ചിന്താ സരനികളും. റാഡിക്കല്‍ ആയിട്ടുള്ള മാറ്റം അല്ല... ഇപ്പൊ മനസ്സിലായോ.'' എന്ന് തുടങ്ങുന്ന 'സന്ദേശ'ത്തിലെ കുമാര പിള്ള സാറായി അഭിനയിച്ച ശങ്കരാടിയുടെ ഡയലോഗ് ഏറെ പ്രശസ്തമാണു. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന ശങ്കരാടി മലയാള പ്രേക്ഷകരുടെ മനസില്‍ തന്റെ കഥാപാത്രങ്ങളെ വളരെ രസകരമായി പ്രതിഷ്ടിച്ചു.. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു നടനെ കണ്ടു കിട്ടാന്‍ പ്രയാസമാണ് എന്ന് സത്യന്‍ അന്തികാട് പല അഭിമുഖ സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ളതാണ്.

തന്റെ മരണം വരെ അഭിനയം തുടര്‍ന്നു. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരം 1969-71 വരെ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്. നാടകത്തില്‍നിന്ന് സിനിമയിലെത്തുന്ന നടന്മാര്‍ക്ക് സാധാരണയുണ്ടാകുന്ന നാടകത്തിന്റെ ഹാങ് ഓവര്‍ ശങ്കരാടിയെ തൊട്ടുതെറിച്ചിരുന്നില്ല, റിയലിസ്റ്റിക്കായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു ശങ്കരാടി. മലയാളത്തില്‍ സ്വഭാവനടന്‍ എന്ന് നൂറു ശതമാനവും വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നടന്‍ ശങ്കരാടിയായിരുന്നു. ഏതു റോളിലഭിനയിച്ചാലും ജീവിതത്തില്‍ നമുക്കടുത്തറിയാവുന്ന ഒരാളെന്ന അനുഭവമുണര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്രയും ലളിതമായി ജീവിച്ച ഒരു നടന്‍ മലയാളത്തിലുണ്ടായിട്ടില്ല.

1980 ല്‍ അമ്പത്തിരണ്ടാം വയസ്സില്‍ ശാരദയെ അദ്ദേഹം തന്റെ ജീവിതസഖിയാക്കി. ഇവര്‍ക്ക് കുട്ടികളില്ല. മലയാളിയ്ക്ക് ഓര്‍ത്തെടുക്കാന്‍ ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും ബാക്കി വച്ച് 2001 ഒക്ടോബര്‍ 9 നു ശങ്കരാടി വിടപറഞ്ഞു. ഇന്നും മലയാളിക്ക് ചിരിക്കാനും ചിന്തിക്കാനും ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ചു ഈ അതുല്യ പ്രതിഭ മറയുമ്പോള്‍ നികത്താന്‍ കഴിയാത്ത ഒരു ശൂന്യത മലയാള സിനിമയില്‍ ഒഴിഞ്ഞു കിടക്കുന്നു.

മാസ് എന്ന് പറഞ്ഞാല്‍ മരണമാസ് ഡാന്‍ഡുമായി പാറുക്കുട്ടിയുടെ വീഡിയോ! പാറുവിനെ പുകഴ്ത്തുന്നത് വെറുതയല്ല!

Read more about: actor നടൻ
English summary
FEFKA Directors' Union Talks About Sankaradi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more