'ശ്രീവിദ്യയുടെ രൂപം കണ്ട് ഷോക്കായ കമൽഹാസൻ നിർത്താതെ കരഞ്ഞു, വൈകാതെ മരണം സംഭവിച്ചു'; ചെയ്യാർ ബാലു!
മലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യ ഓർമ്മയായിട്ട് 16 വർഷം പൂർത്തിയായി. മലയാള സിനിമയുടെ ശ്രീ തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ നടി ശ്രീവിദ്യ. സ്ത്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക്. 1953 ജൂലൈ 24ന് സംഗീതജ്ഞയായ എം.എൽ വസന്തകുമാരിയുടേയും ആർ.കൃഷ്ണമൂർത്തിയുടേയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും ശ്രീവിദ്യ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത് നൃത്തത്തിലാണ്.
പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.1969 ൽ പുറത്തിറങ്ങിയ ചട്ടമ്പികവല എന്ന ചിത്രത്തിൽ സത്യന്റെ നായികയായി ശ്രീവിദ്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി ശ്രീവിദ്യ മാറി. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകർഷിച്ചു. പിന്നീട് സൊല്ലത്താൻ നിനിക്കിറേനും, അപൂർവ രാഗങ്ങളും ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി.

ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികൾ, പഞ്ചവടിപ്പാലം തുടങ്ങി പ്രേക്ഷക ഹൃദയം കീഴടക്കിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. അവസാന നാളുകളിൽ മിനി സ്ക്രീനിലും സജീവമായ ശ്രീവിദ്യ ഒട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
എന്നാൽ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും പരാജയം രുചിക്കേണ്ടി വന്നു. ഒടുവിൽ 2006 ഒക്ടോബർ 19ന് 53ആം വയസില്‍ കാൻസറിന്റെ രൂപത്തിൽ മരണം മലയാളത്തിന്റെ പ്രിയ നായികയെ തട്ടിയെടുക്കുകയായിരുന്നു.
മരണശേഷം ഒട്ടേറെ സിനിമകളിൽ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യ ഇടംപിടിച്ചു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അമൂല്യമാണ് ശ്രീവിദ്യ. ശ്രീവിദ്യയ്ക്ക് ഉലകനായകൻ കമൽഹാസനോടുള്ള പ്രണയം ഒരു കാലത്ത് വലിയ ചർച്ചയായ ഒന്നായിരുന്നു. അവസാന നാളുകളിൽ മരണം കാത്ത് കഴിയുമ്പോൾ ശ്രീവിദ്യ കാണണമെന്ന് ആവശ്യപ്പെട്ടതും കമൽഹാസനെ മാത്രമായിരുന്നു.
ഇപ്പോഴിത ഇരുവരുടേയും അവസാന കൂടിക്കാഴ്ചയെ കുറിച്ച് സിനിമ നിരൂപകൻ ചെയ്യാർ ബാലു ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'ശ്രീവിദ്യയ്ക്ക് കമൽഹാസനെ ഇഷ്ടമായിരുന്നു. അക്കാലത്ത് മാധ്യമങ്ങൾ ഇരുവരേയും ചേർത്ത് വാർത്തകൾ എഴുതി വിടുമ്പോൾ ശ്രീവിദ്യ അതിനെ എതിർത്ത് സംസാരിച്ചിരുന്നില്ല.'

'കമലിനോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ശേഷം ശ്രീവിദ്യയ്ക്ക് പ്രണയം തോന്നുകയായിരുന്നു. വൺ സൈഡ് ലവ് ആയിരുന്നു. പക്ഷെ കമലിന് സിനിമയായിരുന്നു മുഖ്യം. അത് പലപ്പോഴും അദ്ദേഹം ശ്രീവിദ്യയോട് പറഞ്ഞിട്ടുമുണ്ട്. ഒരുപാട് പേർ ശ്രീവിദ്യയെ പറ്റിച്ച് പണം സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവ് ജോർജുമായുള്ള വിവാഹബന്ധം തകർന്നശേഷം കടക്കെണിയിലായ ശ്രീവിദ്യയെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല.'
'കാൻസർ ബാധിച്ചതോടെയാണ് അവർ ചെന്നൈ ഉപേക്ഷിച്ച് കേരളത്തിലേക്ക് അഞ്ജാതവാസത്തിന് എത്തിയത്. സിനിമയിലുള്ള ആർക്കും ശ്രീവിദ്യ എവിടെയാണ് താമസമെന്ന് അറിയില്ലായിരുന്നു. ആരെയും കാണാൻ അവർക്കും താൽപര്യമുണ്ടായിരുന്നില്ല. മരണത്തോട് അടുത്തപ്പോഴാണ് സഹായിയെ വിട്ട് കമൽഹാസനെ കാണണമെന്ന ആഗ്രഹം അറിയിച്ചത്.'
'ശ്രീവിദ്യയുടെ ആഗ്രഹം അറിഞ്ഞ് അദ്ദേഹം കാണാൻ ഓടി എത്തുകയും ചെയ്തു. പക്ഷെ മുറിക്കുള്ളിലേക്ക് കമൽഹാസനെ അല്ലാതെ മറ്റാരേയും കയറ്റിയില്ല. ശ്രീവിദ്യയെ കണ്ട് തിരികെ എത്തിയ കമൽഹാസൻ അവരുടെ രൂപം കണ്ട ഷോക്കിൽ നിർത്താതെ കരയുകയായിരുന്നു. കാരണം അസുഖം മൂലം മുടിയും അഴകും എല്ലാം നഷ്ടപ്പെട്ട് ശരീരമൊക്കെ മെലിഞ്ഞ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശ്രീവിദ്യ. കമൽഹാസൻ കണ്ട് മടങ്ങി വൈകാതെ ശ്രീവിദ്യ മരിച്ചു. കമൽഹാസൻ പൊതുവെ മരണം കേട്ടാൽ കരയാറില്ല.'
'അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. പക്ഷെ മൂന്ന് തവണ മാത്രം മരണ വാർത്ത കേട്ട് അദ്ദേഹം കരഞ്ഞു. അതിൽ ഒന്ന് സ്വന്തം അമ്മയുടേയും മറ്റൊന്ന് സഹോദരിയുടേയും മൂന്നാമത്തേത് ശ്രീവിദ്യയുടേതുമായിരുന്നു. മരണത്തോട് അടുത്തപ്പോൾ ശ്രീവിദ്യ പറഞ്ഞ ഒരേയൊരു പേര് തന്റേത് മാത്രമാണല്ലോ എന്നോർത്തായിരുന്നു അദ്ദേഹം കരഞ്ഞത്' ചെയ്യാർ ബാലു പറഞ്ഞു.


Click it and Unblock the Notifications











