'ശരത്ത്കുമാർ അന്ന് വഴക്കുണ്ടാക്കി, ദേവയാനിയുടെ അമ്മ ആളുകളുമായി വന്നു, വിവാഹത്തിന് സാക്ഷിയൊപ്പിട്ടത് ആ നടൻ'
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന് മലയാളികളുടെ ഇഷ്ടനായികയായി മാറിയ താരമാണ് ദേവയാനി. ജനിച്ചതും വളർന്നതും ബോംബെയിലാണെങ്കിലും മലയാളത്തനിമയുള്ള മുഖമായിരുന്നു ദേവയാനിയുടേത്. അതുകൊണ്ട് തന്നെ നടി ഒരു അന്യഭാഷക്കാരിയാണെന്ന് മലയാളികൾക്ക് തോന്നിയിട്ടേയില്ല. മുംബൈയിലെ ജീവിതവും വിദ്യാഭ്യാസവുമാണ് ദേവയാനിയെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തയാക്കിയത്. ഗോയൽ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്തേയ്ക്ക് അരങ്ങേറിയ ദേവയാനി തൊട്ടാ ചിണുങ്ങി എന്ന സിനിമയിലൂടെയാണ് തമിഴ് രംഗത്തെത്തുന്നത്.
അജിത്തിനൊപ്പം അഭിനയിച്ച കാതൽ കോട്ടെെയാണ് ദേവയാനിയെ പ്രശസ്തയാക്കിയത്. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ത്രീ മെൻ ആർമി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മഹാത്മാ, നരൻ, ഒരു നാൾ വരും, ബാലേട്ടൻ തുടങ്ങിയവയാണ് ദേവയാനി അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ.

ബോംബെയിൽ നിന്നാണ് തെന്നിന്ത്യയിലേക്ക് എത്തിയതെങ്കിലും വേഷവിധാനത്തിൽ അടക്കം ദേവയാനി പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു. ഗ്ലാമറസായ വേഷം ധരിക്കാൻ പോലും ദേവയാനി ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജായിരുന്നു ആരാധകർക്കിടയിൽ താരത്തിന്.
ഇപ്പോഴും ഇടയ്ക്കിടെ സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടാറുള്ള താരം നായികയായി കത്തി നിൽക്കുന്ന സമയത്താണ് വിവാഹിതയായത്. അതും തെന്നിന്ത്യയിൽ തന്നെ കോളിളക്കം സൃഷ്ടിച്ചൊരു പ്രണയവും വിവാഹവുമായിരുന്നു ദേവയാനിയുടേത്. സംവിധായകൻ രാജകുമരനെയാണ് ദേവയാനി വിവാഹം ചെയ്തിരിക്കുന്നത്. ഇരുവർക്കും രണ്ട് പെൺകുഞ്ഞുങ്ങളുണ്ട്.
കാഴ്ചയിൽ അടക്കം ഇരുവരും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിറത്തിന്റെ പേരിലും ഉയരത്തിന്റെ പേരിലും ദേവയാനിയുമായി പ്രണയത്തിലായശേഷം രാജകുമരന് നിരവധി കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ദേവയാനിയുടെ പ്രണയം, വിവാഹം എന്നിവയുടെ സമയത്ത് നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ആഗായം തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയെയും ഭർത്താവിനെയും കുറിച്ച് ചെയ്യാറു ബാലു സംസാരിച്ചത്. 'രാജകുമരൻ രണ്ടാമത് സംവിധാനം ചെയ്ത സിനിമയാണ് വിണ്ണുക്കും മണ്ണുക്കും. ശരത്ത് കുമാർ, വിക്രം എന്നിവരാണ് ദേവയാനിക്ക് പുറമെ ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.'

'ഈ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ തന്നെ ദേവയാനിയും രാജകുമരനും പ്രണയത്തിലായി. തമിഴ് സിനിമ ചെയ്ത് തുടങ്ങിയശേഷം ഒട്ടനവധി ആരാധകരെ താരത്തിന് ലഭിച്ചിരുന്നു. കെട്ടുകണക്കിന് കത്തുകളാണ് ദേവയാനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. അവയിൽ പലതും രക്തം കൊണ്ട് എഴുതിയവയായിരുന്നു. തുടക്കത്തിൽ തമിഴ് നന്നായി സംസാരിക്കാൻ ദേവയാനിക്ക് അറിയില്ലായിരുന്നു.'
'വഴക്കും ബഹളവുമെല്ലാമായാണ് ദേവയാനിയുടെയും രാജകുമരന്റെയും വിവാഹം നടന്നത്. രാജകുമാരൻ മറ്റുള്ളവരെപ്പോലെയൊന്നുമല്ല. ഹീറോയിൻസിനെ മോശമായ കണ്ണുകളിലൂടെ നോക്കുകയോ സംസാരിക്കുകയോ ചെയ്യില്ല. നടിമാർക്ക് ഡയലോഗ് പറഞ്ഞ് കൊടുക്കുമ്പോൾ പോലും തലകുനിഞ്ഞിരിക്കും. വിണ്ണുക്കും മണ്ണുക്കും ഷൂട്ട് നടക്കുമ്പോൾ ശരത്ത് കുമാറും വിക്രമും ഏറെ നേരമായി സെറ്റിൽ ഷോട്ടിന് റെഡിയായി ഇരിക്കുകയാണ്.'
'പക്ഷെ ആരും ഷോട്ടിന് വിളിക്കുന്നില്ല. കാരണം തിരക്കിയപ്പോൾ സംവിധായകൻ രാജകുമരൻ ദേവയാനിയുടെ ഷോട്ട് എടുക്കുകയാണെന്ന് മനസിലായി. അത് കണ്ടതും ശരത്ത്കുമാർ ദേഷ്യപ്പെട്ടു. പിന്നെ വഴക്കും ബഹളുമായി. അവിടെ വെച്ചാണ് പലർക്കും ദേവയാനിയും രാജകുമരനും പ്രണയത്തിലാണെന്ന് മനസിലായത്. പ്രണയം പുറത്ത് അറിഞ്ഞപ്പോൾ ദേവയാനിയുടെ വീട്ടിൽ വലിയ എതിർപ്പായിരുന്നു.'
'അവസാനം ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തു. മാത്രമല്ല ദേവയാനിയുടെ അമ്മ ആളുകളുമായി വന്ന് വരെ പ്രശ്നുമുണ്ടാക്കിയിരുന്നു. പിന്നീട് സിനിമയിലെ ചിലർ മധ്യസ്ഥം നിന്ന് അമ്മയെ സമാധാനിപ്പിച്ച് പറഞ്ഞ് അയച്ചു. ഇറുവരുടെയും വിവാഹത്തിന് സാക്ഷിയൊപ്പിട്ടത് നടൻ സിംഗമുത്തുവാണ്', എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.


Click it and Unblock the Notifications