'രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് വീരപ്പൻ അറിയിപ്പ് കൊടുത്തത് പുനീതിന് മാത്രം'; ചെയ്യാറു ബാലു!
കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ വേർപാട് ഇന്നും ഉറ്റവർക്കും ആരാധകർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ജീവിതത്തിലും സിനിമയിലും സൂപ്പര്‍സ്റ്റാറായ അപ്പുവിന്റെ സ്മരണകളിലാണ് ഇന്ന് ഓരോ ആരാധകനും കഴിയുന്നത്. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പുനീതിന്റെ സ്ഥാനം. 16 വൃദ്ധസദനങ്ങള്‍, 26 അനാഥാലയം, 46 സൗജന്യ സ്‌കൂള്‍, 1800 കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങളാണ് പുനീത് ചെയ്ത് വന്നിരുന്നത്. ജീവിതത്തിലും താരമായിരുന്നു പുനീത്.
ഇന്ന് കർണാടകത്തിൽ എവിടെ നോക്കിയാലും പുനീതിന്റെ ചിത്രങ്ങളും ശിൽപങ്ങളും കാണാം. രാജ്കുമാറിന്റെ മകൻ എന്ന പേരിലല്ല പകരം സ്വന്തം പ്രവർത്തികളിലൂടെയും സിനിമകളിലൂടെയുമാണ് പുനീത് ആരാധക മനസിൽ ഇടം നേടിയത്. ഇത്രയേറെ സഹായ പ്രവർത്തനങ്ങൾ പുനീത് ചെയ്തിരുന്നുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങൾ പോലും തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ്.

മറ്റുള്ള സൂപ്പർതാരങ്ങളെ അപേക്ഷിച്ച് പുനീത് വളരെ വ്യത്യസ്തനായിരുന്നു. ഏത് പ്രോഗ്രാമിൽ പങ്കെടുത്താലും ആരാധകരും അവതാരകനും ആവശ്യപ്പെടുന്നതെല്ലാം മടി കൂടാതെ ചിരിച്ച മുഖത്തോടെ പുനീത് ചെയ്യുമായിരുന്നു. പല താരങ്ങളും വലിയ വേദികളിൽ വരുമ്പോൾ പാട്ട് പാടാനോ നൃത്തം ചെയ്യാനോ രണ്ട് ഡയലോഗുകൾ പറയാനോ ആരാധകർ ആവശ്യപ്പെട്ടാൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറും.
പുനീത് ഒരിക്കലും ആരാധകരുടെ താൽപര്യങ്ങൾക്ക് എതിരായി പ്രവർത്തിച്ചിരുന്നില്ല. അപ്പു എന്നെല്ലാതെ ആരാധകർ താരത്തെ വിളിക്കുമായിരുന്നില്ല. പുനീതിന്റെ ശവസംസ്കാരം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരാധകർ സ്വന്തം വീടുകളിലേക്ക് മടങ്ങാതെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു.
ഇപ്പോഴിതാ പുനീത് രാജ്കുമാറിനെ കുറിച്ച് ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സൂപ്പർസ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് വീരപ്പൻ അറിയിപ്പ് കൊടുത്തത് പുനീതിന് മാത്രമാണെന്നാണ് ചെയ്യാറു ബാലു പറയുന്നത്.
പിതാവിന്റെ തിരോധാനത്തിന് ശേഷം ഏറ്റവും കൂടുതൽ തകർന്ന് പോയതും പുനീതായിരുന്നുവെന്നും ചെയ്യാറു ബാലു ആഗായം തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ചെന്നൈയിലാണ് പുനീത് ജനിച്ചത്. അപ്പു എന്നല്ലാതെ പുനീത് എന്ന് ആരും അദ്ദേഹത്തെ വിളിക്കാറില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ പുനീത് നായകനായി. ശിവരാജ് കുമാറിനെക്കാളും ആരാധകർ പുനീതിനുണ്ട്. അപ്പുവിന് ശേഷം ഇറങ്ങിയ പുനീതിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.'

'തന്റെ അച്ഛനൊപ്പം വർഷങ്ങളോളം ജോലി ചെയ്തവർക്ക് വേണ്ടിയെല്ലാം നിരവധി കാര്യങ്ങൾ പുനീത് ചെയ്തിട്ടുണ്ട്. തനിക്ക് എന്തുകൊണ്ട് പുനീതിനെ പോലെ ഇതൊന്നും ചെയ്യാൻ തോന്നിയില്ലെന്ന് പലതവണ ആലോചിച്ചിട്ടുണ്ടെന്ന് ശിവരാജ്കുമാർ തന്നെ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും ചേരുന്ന മുഖമാണ് പുനീതിന്റേത്.'
'തമിഴിൽ സിനിമകൾ ഇറങ്ങുമ്പോൾ പുനീതും ശിവരാജ്കുമാറും ഒരുമിച്ചിരുന്നാണ് കാണാറുള്ളത്. പുനീതിന്റെ മരണം ഇന്നും ശിവരാജ്കുമാറിന് ഉൾക്കൊള്ളാനായിട്ടില്ല. സിനിമയിൽ കാണിക്കുന്ന സഹോദര ബന്ധങ്ങൾക്കും മുകളിലാണ് പുനീതിന്റെയും ശിവയുടെയും ബന്ധം.'
'പുനീതിന്റെ മരണശേഷം ഭക്ഷണം, ഉറക്കം എന്നിവയെല്ലാം ശിവരാജ്കുമാറിന് നഷ്ടമായി. അപ്പുവിനെ കുറിച്ചുള്ള ഓർമകൾ വരുമ്പോഴെല്ലാം അദ്ദേഹത്തിന്റെ സങ്കടം അണപൊട്ടി ഒഴുകും. സാധാരണക്കാർക്കിടയിൽ ഇറങ്ങി അവർക്കൊപ്പമാണ് പുനീത് ജീവിച്ചത്. അതുകൊണ്ട് തന്നെയാണ് ഇത്രയേറെ സ്വീകാര്യത ലഭിച്ചതും.'
'തനിക്കുള്ള ജനപ്രീതി വെച്ച് നിസാരമായി രാഷ്ട്രീയത്തിൽ ജയിക്കാൻ പുനീതിന് സാധിക്കുമായിരുന്നു. പക്ഷെ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നത് അച്ഛന് മക്കൾ കൊടുത്ത സത്യമാണെന്നും', ചെയ്യാറു ബാലു പറയുന്നു. മോശമായ കണ്ടന്റുകളോ ഡയലോഗുകളോ ദൃശ്യങ്ങളോ പുനീതിന്റെ സിനിമകളിൽ ഉണ്ടാകില്ലെന്നും ചെയ്യാറു ബാലു പറയുന്നു.
'പിതാവ് രാജ്കുമാറുമായി ഏറ്റവും കൂടുതൽ ബന്ധം സൂക്ഷിച്ചിരുന്നത് പുനീതായിരുന്നു. വീരപ്പൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയപ്പോൾ ഏറ്റവും കൂടുതൽ മാനസീക വിഷമം അനുഭവിച്ചത് പുനീതായിരുന്നു. എത്ര പണം ചിലവായാലും കുഴപ്പമില്ല രാജ്കുമാറിനെ രക്ഷിക്കണമെന്ന് തറപ്പിച്ച് പറഞ്ഞതും അതിനായി ശ്രമങ്ങൾ ഏറെ നടത്തിയതും പുനീതായിരുന്നു. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് വീരപ്പൻ അറിയിപ്പ് കൊടുത്തത് പുനീതിന് മാത്രമാണെന്ന് റിപ്പോർട്ടുണ്ടെന്നും', ചെയ്യാറു ബാലു പറയുന്നു.


Click it and Unblock the Notifications











