'വീട്ടിലെ വഴക്ക് സിനിമയാക്കി മാറ്റി, മഞ്ജു നായികയുമായി, ഒരു ലക്ഷം രൂപയാണ് മഞ്ജു വാങ്ങിയത്'; ദിനേശ് പണിക്കർ!
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അഭിനയത്തില്‍ സജീവമാണ് ദിനേശ് പണിക്കര്‍. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും അദ്ദേഹം കൈവെച്ചിരുന്നു. അപ്രതീക്ഷിതമായി കൈ പൊള്ളിയതിനെക്കുറിച്ചും അതില്‍ നിന്നും കരകയറിയതിനെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. യുട്യൂബ് ചാനലിലൂടെയായും അദ്ദേഹം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ 1996ൽ പുറത്തിറങ്ങിയ തന്റെ സിനിമയായ കളിവീടിന്റെ കഥയുടെ ത്രഡ് എങ്ങനെ കിട്ടിയെന്നും അതിലേക്ക് മഞ്ജു വാര്യരെ എങ്ങനെ കാസ്റ്റ് ചെയ്തുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കർ തന്റെ ഏറ്റവും പുതിയ വീഡിയോയിൽ. തന്റെ സുഹൃത്തിന്റേയും ഭാര്യയുടേയും ജീവിതത്തിൽ നടന്ന ചില സംഭവങ്ങളും സിനിമയ്ക്ക് ത്രഡ് ആയിട്ടുണ്ടെന്നും ദിനേശ് പണിക്കർ പുതിയ വീഡിയോയിൽ പറഞ്ഞു. മഞ്ജുവിന്റെ കരിയറിലെ രണ്ടാമത്തെ സിനിമ കളിവീടായിരുന്നുവെന്നും ദിനേശ് പണിക്കർ പറയുന്നു.

സിബി മലയിൽ ആയിരുന്നു ജയറാം നായകനായ കളിവീട് സംവിധാനം ചെയ്തത്. ജയറാം-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ സിനിമ കൂടിയായിരുന്നു കളിവീട്. കുടുംബ ചിത്രമായിരുന്നതിനാൽ വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിച്ചു. മഞ്ജു വാര്യർക്കും ജയറാമിനും പുറമെ സിനിമയിൽ ജഗദീഷ്, ഇന്നസെന്റ്, സുനിത തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.
'എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒഴിവ് സമയം കിട്ടുമ്പോൾ ഞാൻ പോയി ഇരിക്കുകയും വർത്തമാനം പറയുകയും ചെയ്യാറുണ്ട്. ചില ദിവസങ്ങളിൽ അവിടെ ചെല്ലുമ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ ചെറിയ വഴക്ക് നടന്നിട്ടുണ്ടെന്നും അതിന്റെ നീരസം രണ്ടുപേർക്കുമിടയിലുണ്ടെന്നും നമുക്ക് മനസിലാകും.'
'ഇതേകുറിച്ച് ഒരു ദിവസം ഞങ്ങൾ എല്ലാവരും സംസാരിക്കവെ ചർച്ച വന്നു. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൾ ഉണ്ടാകാൻ പ്രത്യേകിച്ച് കാരണം വേണ്ടെന്നും രാവിലത്തെ പത്രവായനയുമായി ബന്ധപ്പെട്ട് പോലും തർക്കവും വഴക്കും ഉണ്ടാകാറുണ്ടെന്നും എന്റെ സുഹൃത്തും ഭാര്യയും പറഞ്ഞു. അവരുടെ കഥ കേട്ടപ്പോൾ ഇതൊരു സിനിമയ്ക്കുള്ള കഥയുണ്ടെന്ന് തോന്നി.'
'കാരണം അവരുടെ വഴക്ക് പോലെ തന്നെ എന്റെ വീട്ടിലും ചിലപ്പോൾ ഇത്തരം കാര്യങ്ങൾക്ക് വഴക്കുണ്ടാകാറുണ്ട്. ശേഷം ഈ ത്രഡ് സിബി മലയിലിനോട് പറഞ്ഞപ്പോൾ സിബിക്കും റിലേറ്റ് ചെയ്യാൻ പറ്റി. കാരണം സിബിയുടെ വീട്ടിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയാണ് ഈ ത്രഡ് വികസിപ്പിച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്.'

'പിന്നീട് നായകൻ ആരാകണമെന്ന ആലോചന തുടങ്ങി. അങ്ങനെയാണ് കുടുംബനായകൻ ജയറാമിലേക്ക് എത്തുന്നത്. കാരണം കുറച്ച് കോമഡി കൂടി ചെയ്യാൻ പറ്റണം. സിബിയാണ് സംവിധാനമെന്ന് കൂടി പറഞ്ഞതോടെ ജയറാം അഭിനയിക്കാമെന്ന് സമ്മതിച്ചു. അന്ന് തൂവൽക്കൊട്ടാരം സിനിമയിൽ അഭിനയിക്കുകയാണ് ജയറാം.'
'കാസറ്റിൽ കഥ പറഞ്ഞ് റെക്കോർഡ് ചെയ്താണ് ജയറാമിനെ കേൾപ്പിച്ചത്. അദ്ദേഹത്തിന്റെ ഷൂട്ടിങ് സെറ്റിൽ പോയി കഥ പറയാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വലിയ മുതൽ മുടക്ക് ഇല്ലാതെ സിനിമ ചെയ്യാൻ പറ്റുമെന്ന് സിബി മലയിലും പറഞ്ഞിരുന്നു. പുതുമുഖത്തെ നായികയാക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.'
'അതിനാൽ ആദ്യം നർത്തകി രാജശ്രീ വാര്യരെ സമീപിച്ചു. പക്ഷെ അവർക്ക് അഭിനയം താൽപര്യമില്ലായിരുന്നു. പിന്നീട് കിരീടം ഉണ്ണിയാണ് മഞ്ജുവിനെ കുറിച്ച് പറഞ്ഞത്. ആ സമയത്ത് കിരീടം ഉണ്ണി സല്ലാപം ചെയ്ത് തീർന്നതേയുണ്ടായിരുന്നുള്ളു. അങ്ങനെ മഞ്ജുവിനെ സമീപിച്ചപ്പോൾ ഒരു ലക്ഷം രൂപ പ്രതിഫലം ചോദിച്ചു.'
'ആ പണത്തിനുള്ള പ്രകടനം മഞ്ജുവിൽ നിന്നും ലഭിക്കുമെന്ന് ഉറപ്പായതോടെ അത് കൊടുത്തു. അന്ന് മഞ്ജു പുതുമുഖമാണ്. കിരീടം ഉണ്ണിക്ക് അടക്കം മഞ്ജുവിന് കുറിച്ച് നല്ല അഭിപ്രായമായിരുന്നു. സിനിമ വിചാരിച്ചതിനെക്കാൾ വേഗത്തിൽ ഷൂട്ട് ചെയ്ത് തീർന്നു. മഞ്ജുവിന്റെ സഹകരണവും അതിന് വലിയൊരു കാരണവുമായിരുന്നു.'
'അച്ഛൻ മാധവനൊപ്പമാണ് മഞ്ജു ഷൂട്ടിന് വന്നിരുന്നത്. ഉദ്ദേശിച്ചതിലും വേഗത്തിൽ ഷൂട്ട് തീർന്നതിനാൽ 25000 രൂപ മഞ്ജുവിന് സ്നേഹ സമ്മാനമായി അധികം നൽകുകയും ചെയ്തു' ദിനേശ് പണിക്കർ കളിവീട് സിനിമയുടെ ഷൂട്ടിങ് സമയത്തെ ഓർമകൾ പങ്കുവെച്ച് പറഞ്ഞു.


Click it and Unblock the Notifications