'സായ്ക്ക് പ്രതിഫലം 2 കോടി, നീരാളി പൊട്ടുമെന്ന് സുചിത്ര ചേച്ചി പ്രവചിച്ചിരുന്നു, ലാലേട്ടന്റേത് സ്ഥിരം മറുപടി'
ഏത് മേഖലയിലാണോ പ്രവർത്തിക്കുന്നത് ആ മേഖലയെ കുറിച്ച് മുഴുവനായി അറിഞ്ഞിരിക്കുക എന്നുള്ളത് എല്ലാവരും ചെയ്യുന്ന കാര്യമല്ല. പക്ഷെ നിർമ്മാതാവും പ്രവാസിയുമായ സന്തോഷ് ടി കുരുവിളയ്ക്ക് അക്കാര്യത്തിൽ നൂറിൽ നൂറാണ് മാർക്ക്. സിനിമയിലേക്ക് ഇറങ്ങിയപ്പോൾ മുതൽ കൃത്യമായി കാര്യങ്ങൾ നിരീക്ഷിച്ച് പഠിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ അത് വ്യക്തവുമാണ്. സന്തോഷിന്റെ നിർമ്മാണത്തിൽ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ബാൾട്ടിയാണ്.
ഷെയ്ൻ നിഗമാണ് നായകൻ. ഇപ്പോഴിതാ സിനിമ നിർമ്മാണത്തിലേക്ക് വന്നശേഷമുള്ള അനുഭവങ്ങൾ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് സന്തോഷ്. സിനിമ ഒരു ഞാണിന്മേൽ കളിയാണെന്ന് സന്തോഷ് പറയുന്നു. ഷൂട്ടിങ്ങ് ഉള്ള സമയത്ത് തന്നെ ഒടിടിക്ക് പടം വിറ്റ് കാശ് മേടിക്കുന്നതാണ് നല്ലത്.

സിനിമ എങ്ങാനും ഓടാതെ വന്നാൽ പത്ത് കോടി കിട്ടുമായിരുന്ന സിനിമയ്ക്ക് രണ്ടോ മൂന്നോ കോടിയെ അവർ തരൂ. അതുകൊണ്ട് പ്രൊഡ്യൂസേഴ്സ് റിസ്ക്ക് എടുക്കില്ല. ഇങ്ങനെ നേരത്തെ വിൽപ്പന നടക്കുന്നതുകൊണ്ടാണ് റിലീസ് കഴിഞ്ഞ് 28 ആം ദിവസം സിനിമ ഒടിടിയിൽ വരുന്നത്. ഒടിടി റിലീസ് 28 ദിവസം എന്നുള്ളത് കുറച്ച് കൂടി മുന്നോട്ട് നീട്ടുന്നതിനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷെ ഒടിടിക്കാർ സമ്മതിക്കുന്നില്ല. വലിയ ഒടിടി കമ്പനികളുമായുള്ള കരാർ തിരുത്തുക എന്നത് എളുപ്പമല്ല. മുമ്പ് 40 ദിവസമായിരുന്നു. അത് പിന്നീട് അവർ 28 ആക്കി. ഇനിയും അത് കുറയ്ക്കാതിരുന്നാൽ മതി. ബൾട്ടി ഓണത്തിന് റിലീസ് ചെയ്യാതിരുന്നതിന് കാരണമുണ്ട്. എന്നെക്കാൾ ശക്തനായ ഒരാൾ വരുമ്പോൾ അയാളുമായി ഗുസ്തി പിടിക്കാൻ ഞാൻ പോകാറില്ല.
നാരദൻ ഭീഷ്മപർവത്തിന് ഒപ്പം റിലീസ് ചെയ്തതുകൊണ്ട് ആരും അറിയാതെ പോയിരുന്നു. ആ അവസ്ഥ ഇനിയും വരേണ്ടെന്ന് കരുതി. ഞാൻ നിർമ്മിച്ചതിൽ ഗ്യാങ്സ്റ്ററും നീരാളിയും ഇറങ്ങുന്നതിന് മുമ്പേ പരാജയമായി മാറുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇത് രണ്ടും നമ്മുടെ കയ്യിൽ നിന്നും പോയ സിനിമകളാണെന്ന്. നീരാളി ബോംബെയിൽ പ്രിവ്യു ഇട്ട് കണ്ടപ്പോഴും ഞങ്ങൾക്ക് മനസിലായിരുന്നു.
അന്ന് ലാലേട്ടനടക്കം എല്ലാവരും ഒരുമിച്ചിരുന്നാണ് പ്രിവ്യു ഇട്ട് കണ്ടത്. വിജയിക്കില്ലെന്ന് നമുക്ക് തോന്നിയ പടങ്ങൾ വിജയിക്കാൻ ബുദ്ധിമുട്ടാണ്. ഈ സിനിമ വിജയിക്കാൻ സാധ്യതയില്ലെന്ന് സുചിത്ര ചേച്ചിയും പ്രിവ്യു കണ്ടശേഷം പറഞ്ഞിരുന്നു. ഒന്നും വിചാരിക്കരുതെന്നും പറഞ്ഞു. ലാലേട്ടൻ സ്ഥിരം ശൈലിയിൽ ഒന്നും പേടിക്കേണ്ടെന്നാണ് അന്നും പറഞ്ഞത്. മരക്കാർ പക്ഷെ ഒരു ഫെയിലിയറല്ല.

89 കോടി മുതൽ 92 കോടി വരെ ജിഎസ്ടി അടക്കം മരക്കാറിന് ചിലവായി. അതിന് മുമ്പ് 20 കോടിക്ക് മുകളിൽ പണം മുടക്കി ഒരു പടം മലയാളത്തിൽ വന്നിട്ടില്ലെന്നാണ് അറിവ്. ആ സിനിമയ്ക്ക് വന്ന നഷ്ടം വെറും അഞ്ച് കോടിയാണ്. എന്നുവെച്ചാൽ ആ സിനിമയ്ക്ക് മുടക്കിയതിന്റെ അഞ്ച് ശതമാനം പോലും നഷ്ടമായി പോയിട്ടില്ല. അങ്ങനെ നോക്കുമ്പോൾ അതൊരു നഷ്ടമല്ല. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് ലാലേട്ടനായിരുന്നു. രണ്ടാമത‍് അർജുൻ.
സുനിൽ ഷെട്ടിയും പ്രഭുവുമൊക്കെ പ്രിയദർശനുമായുള്ള സൗഹൃദത്തിന്റെ പുറത്ത് ചെറിയ പൈസയ്ക്ക് വന്ന് അഭിനയിക്കുകയായിരുന്നു. ബൾട്ടിയാണ് ഏറ്റവും ടെൻഷനടിച്ച് ഞാൻ നിർമ്മിച്ച സിനിമ. ഇതിന് മുമ്പുള്ള എന്റെ സിനിമ വരെ എനിക്ക് ഓഫീസ് ഉണ്ടായിരുന്നില്ല. എന്റെ കാറായിരുന്നു എന്റെ ഓഫീസ്.
അതുപോലെ സംഗീത സംവിധായകൻ സായ് അഭയ്ശങ്കർ ഞങ്ങളുടെ സിനിമയിൽ ജോയിൻ ചെയ്തശേഷം പുതിയ പതിനൊന്ന് സിനിമകൾ കൂടി കമ്മിറ്റ് ചെയ്തു. രണ്ട് കോടിക്ക് മുകളിലാണ് സായ്ക്ക് ഞങ്ങൾ നൽകിയ പ്രതിഫലം. സായിയിൽ വിശ്വാസം വന്നതുകൊണ്ടാണ് അത്ര വലിയ തുക പ്രതിഫലമായി കൊടുത്തത്.
ബാൾട്ടിയിലെ ജാലക്കാരി തമിഴ്നാട്ടിൽ അടക്കം വൈറലാണ്. അങ്ങനൊരു സാധനം ഉണ്ടാക്കാൻ സായ്ക്ക് കഴിയുമെന്ന് തോന്നിയിരുന്നതുകൊണ്ടാണ് അത്ര പ്രതിഫലം നൽകിയതെന്നും സന്തോഷ് ടി കുരുവിള പറയുന്നു.


Click it and Unblock the Notifications