'അത്തരം സീനുകൾ ഇല്ലെങ്കിൽ ഇതൊക്കെ ഒരു സിനിമയാണോയെന്ന് ചോദിക്കും, സെൻസർ ബോഡിന് ജോലി ഇല്ലാതെയാകും'
അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് രൺബീർ കപൂർ നായകനായ ആനിമൽ. രൺബീറിന്റെ വിളയാട്ടമാണ് ആനിമൽ സിനിമയെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം പറഞ്ഞത്. രണ്ട് മണിക്കൂർ സിനിമ പോലും തിയേറ്ററിൽ ഇരുന്ന് കാണാൻ ക്ഷമ കാണിക്കാത്ത ഇന്നത്തെ യൂത്തിനെ മൂന്നര മണിക്കൂർ തിയേറ്ററിൽ ഇരുത്തി എൻഗേജ് ചെയ്യിപ്പിക്കാൻ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്ക്കായി.
വയലൻസിന്റെ എക്സ്ട്രീം ലെവൽ സ്ക്രീനിൽ തീർത്ത് അഴിഞ്ഞാട്ടത്തിന്റെ അങ്ങേയറ്റം പ്രകടിപ്പിച്ച രൺബീർ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണമായി സിനിമാ പ്രേക്ഷകർ പറഞ്ഞത്. വയലൻസിന്റെ ആധിക്യം രൺബീറിന്റെ കഥാപാത്രത്തിൽ മാത്രമല്ല രൺബീറിനെതിരെ വരുന്ന ബോബി ഡിയോളിന്റെ സൈക്കോ ക്യാരക്ടറിലും വയലൻസിൽ മുന്നിട്ട് നിൽക്കുന്നു.

ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ പ്രകടനത്തേയും സിനിമ കണ്ടിറങ്ങിയവർ പ്രശംസിക്കുന്നുണ്ട്. ഇതുവരെ രശ്മിക ചെയ്ത കഥാപാത്രങ്ങളിൽ അഭിനയ സാധ്യത കൂടിയ കഥാപാത്രം കൂടിയായിരുന്നു ആനിമൽ. ചിത്രത്തിൽ നിരവധി ലിപ്ലോക്ക് സീനുകളും രൺബീറിന്റെ ന്യൂഡ് സീനുകളും അടങ്ങിയിട്ടുണ്ട്.
അതേസമയം ഒരു വിഭാഗം പ്രേക്ഷകർ ഇന്റിമേറ്റ് സീനുകളുടെ പേരിൽ രൺബീറിനേയും ആനിമൽ അണിയറപ്രവർത്തകരേയും വിമർശിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രൺബീറിന്റെ ന്യൂഡ് സീനുകളെ കുറിച്ച് തമിഴ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഹോളിവുഡ് സിനിമകളുടെ ആസ്വാദകർ ഇന്ത്യയിൽ വർധിച്ചതുകൊണ്ടാണ് ഇന്റിമേറ്റ് സീനുകൾ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് തുടങ്ങിയതെന്നാണ് ചെയ്യാറു ബാലു ആഗായം തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അത്തരം സീനുകൾ ഇല്ലെങ്കിൽ ഇതൊക്കെ ഒരു സിനിമയാണോയെന്ന് പ്രേക്ഷകർ ചോദിക്കുമെന്നും വൈകാതെ സെൻസർ ബോഡിന് ജോലി ഇല്ലാതെയാകുമെന്നും ചെയ്യാറു ബാലു പറയുന്നു. 'ആനിമൽ സിനിമയിൽ രണ്ട് ന്യൂഡ് സീൻ വരെയുണ്ട്. മുമ്പൊക്കെ സിനിമയിൽ കിസ്സിങ് സീനാണ് കാണിക്കുന്നതെങ്കിൽ അതിൽ റോസാപ്പൂക്കൾ പ്രതീകാന്മകമായി ഉപയോഗിക്കുമായിരുന്നു.'

'അതുകൊണ്ട് തന്നെ കിസ്സിങ് സീൻ പ്രേക്ഷകർക്ക് കാണാൻ സാധിക്കില്ലായിരുന്നു. അതുപോലെ പല സീനുകളിലും പ്രതീകാന്മകമായ വിഷ്വൽസായിരുന്നു എൺപതുകളിലൊക്കെ കാണിച്ചിരുന്നത്. എന്നാൽ സന്ദീപ് റെഡ്ഡി വംഗയുടെ ആനിമൽ കാണുമ്പോൾ അദ്ദേഹത്തിന് ഫീൽ വരുന്നത് വരെ എടുത്തുപോലെയുണ്ട് ചില രംഗങ്ങൾ.'
'ഇത്തരം രംഗങ്ങൾ സിനിമയിൽ വന്ന് തുടങ്ങിയത് ഹോളിവുഡ് സിനിമകളുടെ സ്വാധീനം കൊണ്ടാണ്. എല്ലാവരും ഒടിടി വന്നശേഷം ഹോളിവുഡ് സിനിമകൾ വീട്ടിലിരുന്ന് കാണാൻ തുടങ്ങി. മാത്രമല്ല സാധാരണ രംഗങ്ങളോടെ സിനിമ എടുത്താൽ ഇതൊക്കെ ഒരു സിനിമയാണോയെന്ന് ചോദിച്ച് ഇറങ്ങിപ്പോകും. ടുകെ കിഡ്സ് ആഘോഷിക്കണമെങ്കിൽ ഇത്തരത്തിലുള്ള മേക്കിങ് ആവശ്യമാണ്.'
'ഇങ്ങനെയാണെങ്കിൽ വൈകാതെ സെൻസർ ബോഡിന് ജോലി ഇല്ലാതെയാകും', എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയത്. ധനികനായ വ്യവസായി ബൽബീർ സിങ്ങിന്റെ മകൻ അർജുൻ സിങ് ആയാണ് ചിത്രത്തിൽ രൺബീർ കപൂർ അഭിനയിച്ചിരിക്കുന്നത്.


Click it and Unblock the Notifications