'പണമില്ല പട്ടിണി, നൈജീരിയയ്ക്ക് പോകാൻ ഒരുങ്ങി സുകുമാരൻ, എന്റെ പരീക്ഷണം വിജയിച്ചപ്പോൾ തിരക്കുള്ള നടനായി'
മലയാളത്തിൽ നടൻ മധുവിനെ കേന്ദ്ര കഥാപാത്രമാക്കി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത സംവിധായകരിൽ ഒരാളാണ് ചന്ദ്രകുമാർ. വൈദ്യരായിരുന്ന ചന്ദ്രകുമാർ വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിയത്. നടൻ സുകുമാരനുമായി നല്ലൊരു സൗഹൃദം ചന്ദ്രകുമാറിനുണ്ടായിരുന്നു. അവസരമില്ലാതെ ബുദ്ധിമുട്ടിയ കാലത്ത് സുകുമാരന് സിനിമയിലേക്ക് പുതുവഴികൾ തുറന്ന് കൊടുത്തതും ചന്ദ്രകുമാറാണ്. അങ്ങനെയാണ് സുകുമാരൻ തെന്നിന്ത്യയിൽ തിരക്കുള്ള നായക നടനായി മാറിയത്.
ഇപ്പോഴിതാ 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുകുമാരനുമായുള്ള സൗഹൃദത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് ചന്ദ്രകുമാർ. സിനിമ മാത്രമെ അറിയൂവെന്നും എന്നും സിനിമയ്ക്കൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു. മധു സാറിനേക്കാൾ ഞാൻ കൂടുതൽ സിനിമ ചെയ്തിട്ടുള്ളത് സുകുമാരനൊപ്പമാണ്. അദ്ദേഹത്തെ പരിചയപ്പെടുമ്പോൾ അസോസിയേറ്റായി ഞാൻ ജോലി ചെയ്യുന്ന സമയമാണ്.

ശംഖ്പുഷ്പമെന്ന സുകുമാരന്റെ സിനിമ റിലീസ് ചെയ്ത സമയം. സിനിമയ്ക്ക് കാര്യമായ സ്വീകാര്യത കിട്ടിയില്ല. അതുകൊണ്ട് തന്നെ കയ്യിൽ പണമില്ലാതെ ചെന്നൈയിൽ തുടരാൻ കഴിയാത്ത സാഹചര്യമായി. അതിനിടയിൽ നൈജീരിയയിൽ ഒരു കോളേജിൽ ലക്ചററായി ജോലി കിട്ടി. അവിടേക്ക് പോകും മുമ്പ് ഞങ്ങളോടെല്ലാം വന്ന് യാത്ര പറഞ്ഞു. അന്ന് ഞാനുമായി സുകുമാരന് അത്ര ബന്ധമില്ല. എന്റെ ചേട്ടനുമായാണ് സൗഹൃദം കൂടുതൽ.
അവർക്കെല്ലാം ഞാൻ ഒരു കൊച്ചുകുട്ടിയായിരുന്നു. സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇവരാരും എന്നെ സംവിധായകനായി അംഗീകരിച്ചിട്ടുമില്ല. സിനിമ ഉപേക്ഷിക്കുകയാണെന്നും നൈജീരിയയിൽ ജോലി കിട്ടിയെന്നും സുകുമാരൻ പറഞ്ഞു. ശംഖ്പുഷ്പം റിലീസ് ചെയ്തപ്പോൾ പ്രതീക്ഷയുണ്ടായിരുന്നുവെന്നും പക്ഷെ റിലീസിനുശേഷം നിർമാതാക്കളാരും വിളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൊക്കെ നിറഞ്ഞിരുന്നു. സിനിമ വിട്ട് പോകുന്നതിൽ അദ്ദേഹത്തിന് വിഷമമുണ്ട്. പക്ഷെ ചെന്നൈയിൽ തുടരാനും കഴിയില്ല പട്ടിണിയായി. കോടമ്പകത്ത് കൂടി നടന്ന് ലോക്കൽ പട്ടചാരമൊക്കെ വാങ്ങി അടിക്കുമായിരുന്നു അദ്ദേഹം. നൈജീരിയിലേക്ക് പോകാനിരുന്ന സുകുമാരനെ തിരക്കുള്ള നടനാക്കിയത് എന്റെ ഒരു പരീക്ഷണത്തിലാണ്. ഉച്ചപ്പടത്തിലെ നായകനായിരുന്ന സുകുമാരനെ ഞാന്‍ അഗ്നിവ്യൂഹത്തില്‍ കാസ്റ്റ് ചെയ്തു. അത് സൂപ്പര്‍ ഹിറ്റായി.
ഇതോടെ സുകുമാരന്‍ തിരക്കുള്ള നടനായി. പാട്ടും ഫൈറ്റുമൊക്കെ ചെയ്യാൻ അദ്ദേഹത്തിന് ആദ്യം മടിയായിരുന്നു. പതിനാല് ദിവസം കൊണ്ടാണ് ആ പടം ഞങ്ങൾ ഷൂട്ട് ചെയ്തത്. കഷ്ടപ്പെട്ടാണ് അദ്ദേഹം വളർന്ന് വന്നത്. അതുകൊണ്ട് അദ്ദേഹം കയ്യിൽ നിന്നും കാശുമുടക്കി ഒരു ചായപോലും ആർക്കും വാങ്ങി കൊടുക്കില്ലായിരുന്നു. നേടുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പത്ത് പൈസ ചെലവാക്കില്ല.

ആർഭാട ജീവിതവും നയിച്ചിരുന്നില്ല. പുള്ളി പക്ക ബിസിനസ്മാനാണ് ചന്ദ്രകുമാർ പറഞ്ഞു. സിനിമയെടുത്ത് പൊട്ടിപ്പോയ പല നിർമ്മാതാക്കളും എന്നെ സമീപിക്കുമായിരുന്നു. പേര് പോലും വെക്കണമെന്ന് ആവശ്യപ്പെടില്ല. പടമെടുത്ത് കാശുണ്ടാക്കി തന്നാൽ മതിയെന്ന് പറയും. അങ്ങനെ ഞാൻ ഒരുപാട് പേർക്ക് സിനിമ സംവിധാനം ചെയ്ത് കൊടുത്തിട്ടുണ്ട്. അതിന്റെയൊക്കെ അനന്തരഫലങ്ങൾ എനിക്കാണുണ്ടായിട്ടുള്ളത്. ചന്ദ്രകുമാറിനെ ഇനി ആവശ്യമില്ല.
സെക്സ് ബെയ്സ്ഡ് പടം എടുക്കുന്നയാളാണ്. എ സർട്ടിഫിക്കറ്റ് പടങ്ങൾ എടുത്തുഎന്നെല്ലാം മറ്റുള്ള സിനിമാക്കാർ എന്നെ കുറിച്ച് പറഞ്ഞ് തുടങ്ങി. ഞാൻ ചെയ്ത പാപം ആദിപാപം എന്ന സിനിമ ചെയ്തുവെന്നത് മാത്രമാണ്. പുതിയ ജനറേഷൻ പോലും ഈ സിനിമയിലൂടെയാണ് എന്നെ അറിയുന്നത്. അതിൽ എനിക്ക് വിഷമമില്ല.
ഞാൻ എന്തൊക്കെ ചെയ്തുവെന്നും എന്തെല്ലാം എനിക്ക് അറിയാമെന്നും എനിക്ക് അറിയാം. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആണെന്നാണ് കരുതുന്നത്. എല്ലാവർക്കും ഉയർച്ച താഴ്ചകൾ ഉണ്ടാകും. പക്ഷെ തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ ഹാപ്പിയാണ്. എനിക്ക് സിനിമ മാത്രമെ അറിയൂ. എന്നും സിനിമയ്ക്കൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ചന്ദ്രകുമാർ പറഞ്ഞു.


Click it and Unblock the Notifications











