'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
ഒരു കാലത്ത് മലയാള സിനിമയിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ സമ്പാദിച്ചിട്ടുള്ള നടനാണ് ടി.പി മാധവൻ. വാർധക്യത്തിൽ എത്തി നിൽക്കുന്ന അദ്ദേഹം കുടുംബവും ബന്ധുക്കളും ഉപേക്ഷിച്ചതിനാൽ ഇപ്പോൾ ഗാന്ധി ഭവനിലാണ് താമസം.
അടുത്തിടെയാണ് അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽമീഡിയയിൽ നിറയാൻ തുടങ്ങിയത്. താരസംഘടനയായ അമ്മയുടെ ആദ്യകാലത്ത് സെക്രട്ടറിയും അമ്മ എന്ന സംഘടനയ്ക്ക് വേണ്ടി ഒരുപാട് നാള്‍ പ്രയത്‌നിക്കുകയും ചെയ്ത നടനാണ് ടി.പി മാധവൻ.
ഒരു കാലത്ത് ടി.പി മാധവനില്ലാത്ത മലയാള സിനിമകൾ തന്നെ കുറവായിരുന്നു. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ടി.പി മാധവൻ. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു.
ചികിത്സക്ക് ശേഷം ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുകയാണ്. ഇപ്പോഴിത താരത്തെ നടനും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം ഗാന്ധിഭവനിൽ എത്തി സന്ദർശിച്ചിരിക്കുകയാണ്.

ടിനി ടോം തന്നെയാണ് ആ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. 'ടി.പി മാധവൻ ചേട്ടനെ ഗാന്ധി ഭവനിൽ സന്ദർശിച്ചു.... ചേട്ടനെ പൊന്നുപോലെ നോക്കുന്ന സ്ഥാപനത്തിലെ എല്ലാ പ്രവർത്തകർക്കും ഒരു കോടി നന്ദി' എന്നാണ് ടി.പി മാധവനോട് സുഖാന്വേഷണം നടത്തുന്ന വീഡിയോ പങ്കുവെച്ച് ടിനി ടോം കുറിച്ചത്.
ശാരീരികമായി വളരെ ക്ഷീണിച്ച അവസ്ഥയിലാണ് ടി.പി മാധവൻ. അവശതയിലായ താരത്തിന്റെ പുതിയ വീഡിയോ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.

ചിലർ ടി.പി മാധവനെ സന്ദർശിക്കാൻ ടിനി ടോം കാണിച്ച മനസിനെ അഭിനന്ദിച്ചു. 'കുറേ നാളുകളായി ഈ അവസ്ഥയിൽ അദ്ദേഹമായിട്ട്. മലയാള സിനിമയുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഇറങ്ങി വരാം. ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്നവർ ശ്രദ്ധിക്കുക.'
'നാളെ നിങ്ങളുടെ അവസ്ഥയും ഇങ്ങനെയാകാം. ഒരു കൈ കൊടുത്തുകൂടെ?, ടിനി ചേട്ടനെ പോലെയുള്ള നടന്മാരെയാണ് നാം സപ്പോർട്ട് ചെയ്യേണ്ടത്, സഹോദരാ... ഒരുപാട് സന്തോഷം തോന്നി ഉയരങ്ങളിൽ നിൽക്കുമ്പോഴും സഹജീവികളോടുള്ള സമീപനത്തിൽ ഒരു മാറ്റവും വരുത്താതെയുള്ള താങ്കളുടെ മനസിനെ ഏറെ അഭിമാനത്തോടെ ഇഷ്ടപ്പെടുന്നു.'

'വളരെ നല്ലൊരു കാര്യമാണ് ടിനി ചേട്ടൻ ചെയ്തത്. നമുക്ക് മുന്നെ നടന്നവരെ മറക്കാതെ ഇരിക്കുക. ടിനി ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ' എന്നിങ്ങനെയെല്ലാമാണ് ടിനിയുടെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ.
അടുത്തിടെ ഗാന്ധി ഭവനില്‍ കഴിയുന്ന മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍ പറഞ്ഞ വാക്കുകള്‍ ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഗാന്ധി ഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നവ്യ. ഗാന്ധിഭവനില്‍ വെച്ച് ടി.പി മാധവനെ കണ്ട നവ്യ വികാരാധീനയായാണ് പ്രതികരിച്ചത്.

അദ്ദേഹത്തെ ഇവിടെ കണ്ടപ്പോള്‍ ഷോക്കായെന്നും നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ലെന്നും നിറകണ്ണുകളോടെ നവ്യ അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ മകനെ ഒന്ന് ഒരുനോക്ക് കാണണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുകയാണ് ടി.പി മാധവൻ.
ബോളിവുഡിലെ യുവ സംവിധായകന്‍ കൂടിയായ രാജകൃഷ്ണ മേനോനാണ് മാധവന്റെ മകന്‍. ഗിരിജ മേനോനാണ് ടി.പി മാധവന്റെ ഭാര്യ. അക്ഷയ് കുമാര്‍, സൈഫ് അലി ഖാന്‍ തുടങ്ങി ബോളിവുഡിലെ സൂപ്പര്‍താരങ്ങളെവെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് രാജകൃഷ്ണ മേനോന്‍.

അദ്ദേഹം ചെയ്ത നാല് സിനിമകളും വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകന്‍ അച്ഛനെ തിരിഞ്ഞുപോലും നോക്കുന്നില്ല. മകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
അച്ഛനെ എത്രയും വേഗം വന്ന് കാണണമെന്ന ഉപദേശങ്ങളും കമന്റുകളുകളിൽ വരാറുണ്ട്. സിനിമയ്ക്ക് പിന്നാലെ പോയതുകൊണ്ടാണ് തനിക്ക് കുടുംബം നഷ്ടമായതെന്ന് മുമ്പ് പലപ്പോഴും ടി.പി മാധവൻ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications