'ആനി ചേച്ചിയെ പിന്നീട് ഞാൻ വിളിച്ചിട്ടില്ല'; ആനീസ് കിച്ചണിലെ സംഭാഷണം വൈറലായതിനെ കുറിച്ച് നവ്യാ നായർ!
ഏറ്റവും കൂടുതൽ വിവാദമായിട്ടുള്ള ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ആനീസ് കിച്ചൺ. നടി ആനിയാണ് പരിപാടിയിൽ അവതാരകയായി എത്തിയത്. പാചകവും ചാറ്റ് ഷോയും കൂടി ചേർന്നതാണ് ആനീസ് കിച്ചൺ എന്ന പരിപാടി. പാചകത്തിൽ കമ്പമുള്ള ആനി വിവിധ വിഭവങ്ങൾ തയ്യാറാക്കുകയും വിവിധ സെലിബ്രിറ്റികൾ വരികയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതാണ് പരിപാടി. നിരവധി സെലിബ്രിറ്റികൾ പരിപാടിയിൽ അതിഥികളായി വന്നിരുന്നു. അമൃത ടിവിയിലാണ് ആനീസ് കിച്ചൺ സംപ്രേഷണം ചെയ്തിരുന്നു.
ആനിയുടെ നാടൻ ശൈലിയിലുള്ള സംഭാഷണവും പെരുമാറ്റ രീതികളുമെല്ലാമാണ് പരിപാടിയുടെ പ്രധാന ആകർഷണം. എന്നാൽ നവ്യാ നായർ പങ്കെടുത്ത എപ്പിസോഡിൽ ആനി നടത്തിയ ചില പരാമർശനങ്ങളും അതിന് നവ്യ നൽകിയ മറുപടിയും വലിയ രീതിയിൽ വൈറലായിരുന്നു. കുക്കിങ് ചെയ്യുന്ന സ്ത്രീകളാണ് നല്ല വീട്ടമ്മ എന്നായിരുന്നു നവ്യ വന്ന എപ്പിസോഡിൽ ആനിയുടെ അഭിപ്രായം. എന്നാൽ ഈ വാദത്തോടുള്ള തൻ്റെ എതിർപ്പ് നവ്യ പരസ്യമായി തുറന്നടിച്ചു. പാചകം ഇഷ്ടമല്ലാത്തവർക്കും നല്ല വീട്ടമ്മയാകാൻ സാധിക്കുമെന്നും സ്ത്രീകളുടെ മാത്രം ജോലിയായി പാചകത്തെ കാണരുതെന്നും നവ്യ വ്യക്തമാക്കി.

സ്ത്രീകൾക്ക് ചെയ്യാനായി ഒരുപാട് കാര്യങ്ങളുണ്ട് സ്ത്രീകൾ ചെയ്യില്ലെന്ന് കരുതിയ എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്ത്രീകൾ കുക്ക് ചെയ്യണ്ട എന്നല്ല താൻ പറയുന്നത് തന്റെ മകനോടും കുക്ക് ചെയ്യാൻ പറയാറുണ്ട്. അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലിയല്ല കുക്കിങ്ങെന്നും നവ്യ പറഞ്ഞു. ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമായത് കൊണ്ട് ചേച്ചിക്ക് അത് ചെയ്യാം. പക്ഷേ മറ്റൊരു പെൺകുട്ടിക്ക് അത് ചെയ്യാനുള്ള താൽപര്യമില്ലെങ്കിൽ അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യട്ടെ... അതിനുള്ള സ്വാതന്ത്ര്യം നൽകൂ... നിങ്ങൾ പറയുന്നത് തന്നെ അവൾ അത് തന്നെ ചെയ്യണമെന്ന വാശി പാടില്ല. അതിൽ ആൺ-പെൺ വേർതിരിവൊന്നും പാടില്ല. കുക്കിംഗ് ഇഷ്ടപ്പെട്ടാൽ മാത്രമേ നല്ലൊരു വീട്ടമ്മ ആവുകയുള്ളൂ എന്നൊന്നുമില്ലെന്നും നവ്യ അതേ എപ്പിസോഡിൽ പറഞ്ഞിരുന്നു.

നവ്യയുടെ വീഡിയോ വൈറലായതോടെ നിരവധി ആളുകൾ ആനിക്കെതിരെ രംഗത്തെത്തി. കുലസ്ത്രീയാണ് ആനി എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ വന്നത്. നിലപാടുകൾ വ്യക്തമാക്കിയതിന്റെ പേരിൽ നവ്യക്ക് വലിയ സ്വീകാര്യതയും പ്രേക്ഷകർക്കിടയിൽ ലഭിച്ചു. നവ്യയുടെ വീഡിയോയ്ക്ക് പിന്നാലെ നിമിഷ സജയന്റെ ആനീസ് കിച്ചണിലെ വീഡിയോയും വൈറലായിരുന്നു. മേക്കപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ കുറിക്ക് കൊള്ളുന്ന മറുപടിയാണ് ആനിക്ക് നിമിഷ നൽകിയത്. ഇപ്പോൾ ആനീസ് കിച്ചണിലെ തന്റെ വീഡിയോ വൈറലായ സംഭവത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നവ്യ നായർ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നവ്യ വിഷയത്തിൽ പ്രതികരിച്ചത്. 'ഞാൻ ആ വീഡിയോ വൈറലായത് അറിഞ്ഞിരുന്നില്ല. പെട്ടന്ന് ഒരു ദിവസം ഒരുപാട് പേർ എന്റെ പേര് മെൻഷൻ ചെയ്തതായി സോഷ്യൽമീഡിയയിൽ കണ്ടു.'

'ചിലർ അഭിനന്ദനങ്ങളൊക്കെ അയക്കുന്നുമുണ്ടായിരുന്നു. കൺഗ്രാചുലേഷൻസ് വരുന്ന കണ്ടപ്പോൾ എനിക്ക് തോന്നി ഇനി ഞാൻ ഗർഭിണിയാണോന്ന്..... സുഹൃത്തുക്കളോടെല്ലാം ഞാൻ മെസേജ് അയച്ച് കാര്യങ്ങൾ അന്വേഷിച്ചു. ശേഷാണ് ആനീസ് കിച്ചണിലെ വീഡിയോ വൈറലായതാണ് എന്ന് മനസിലാക്കിയത്. ആ സംഭവത്തിന് ശേഷം ഞാൻ ആനി ചേച്ചിയെ വിളിച്ചിട്ടില്ല. ചേച്ചിക്ക് ചിലപ്പോൾ എന്നോട് ദേഷ്യമാണെങ്കിലോ എന്നൊരു തോന്നൽ. അതുപോലെ തന്നെ ചേച്ചി ശരിക്കും എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞതാണ്. ആരെങ്കിലും ഞാൻ പറയുന്നത് കേട്ട് എന്നെ എന്തെങ്കിലും പറഞ്ഞാലോ എന്ന് ചേച്ചിക്ക് പേടിയുണ്ടായിരുന്നു. നവ്യ നല്ല കുട്ടിയാണ് എന്ന് പറയാനാണ് ചേച്ചി ശ്രമിച്ചത്. പക്ഷെ സംഭവം അവസാനം കൈയ്യീന്ന് പോയി....' നവ്യാ നായർ പറയുന്നു.


Click it and Unblock the Notifications