'എലിസബത്ത് എന്റെ കൂടെയില്ല... അത് വിധി... എലിസബത്ത് തങ്കമാണ്... അവളെപ്പോലൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല'; ബാല
അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം വർഷങ്ങളോളം ബാല സിംഗിൾ ലൈഫ് നയിക്കുകയായിരുന്നു. അതിനുശേഷം രണ്ട് വർഷം മുമ്പാണ് എലിസബത്തിനെ ഭാര്യയായി ജീവിതത്തിലേക്ക് ബാല കൂട്ടിയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഡോക്ടറാണ് എലിസബത്ത്. വളരെ ലളിതമായ രീതിയിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം നടന്നത്.
ബാലയുടെ ഉയർച്ചയിലും താഴ്ചയിലുമെല്ലാം തുണയായി നിന്നത് എലിസബത്തായിരുന്നു. കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടന്നപ്പോഴും ബാലയ്ക്ക് എല്ലാവിധ ശുശ്രൂഷയും നൽകി എലിസബത്ത് ഒപ്പമുണ്ടായിരുന്നു. സിനിമ കണ്ടാൽ പ്രണയം എത്ര മനോഹരമാണെന്ന് തോന്നും എന്നാൽ യഥാർഥ പ്രണയം അങ്ങനെയല്ലെന്നാണ് ഒരിക്കൽ എലിസബത്ത് പ്രണയത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

'എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാർക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും എല്ലാം കണ്ടാൽ പ്രണയം ഇത്രയും ദിവ്യവും മനോഹരവുമാണോ എന്നൊക്കെ തോന്നും. ഞാനും അനാർക്കലി സിനിമയുടെ വലിയ ആരാധികയാണ്. ഡയലോഗുകൾ എല്ലാം എനിക്ക് കാണാപാഠവും ആണ്. രണ്ടാം വർഷം എംബിബിഎസിന് പഠിക്കുമ്പോഴാണ് ആ സിനിമ കാണുന്നത്. എന്നാൽ സിനിമയിൽ കാണുന്നത് പോലെ ഒന്നുമായിരിക്കില്ല പ്രണയം.'
'എല്ലാവരും പറയുന്നതുപോലെ പ്രണയിക്കുമ്പോൾ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാൻ പാടില്ല. അങ്ങനെയാണെങ്കിൽ അറേഞ്ച്ഡ് മാരേജ് ആക്കിയാൽ പോരെ. പിന്നെ പ്രണയിക്കുമ്പോൾ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയിൽ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല.'
'പ്രണയിക്കുന്നത് തെറ്റാണ് എന്നല്ല. അമിതമായ പ്രതീക്ഷകൾ വെയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയിൽ പോയില്ലെങ്കിൽ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനിൽ തുടരേണ്ടതില്ല', എന്നാണ് എലിസബത്ത് പറഞ്ഞത്. ബാലയുമായുള്ള വിവാഹശേഷം എലിസബത്ത് തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പം എലിസബത്ത് ഇല്ല. കേരളത്തിന് പുറത്ത് ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. ബാലയും എലിസബത്തിനെ കുറിച്ച് സംസാരിക്കാറില്ല. ജോലിക്കായി കേരളം വിട്ട് പോകും മുമ്പ് എലിസബത്ത് ഏറെനാൾ മാതാപിതാക്കൾക്കൊപ്പം തൃശൂരിലെ വീട്ടിലായിരുന്നു.

ബാല വീഡിയോകൾ പങ്കിടുമ്പോൾ എലിസബത്ത് എവിടെയെന്ന് തിരക്കി ആരാധകർ എത്താറുണ്ടെങ്കിലും ബാല ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം ആരാധകരിലും ഉണ്ടായിരുന്നു. ഇപ്പോഴിതാ എലിസബത്ത് എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല.
മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എലിസബത്തിനെ കുറിച്ച് ഏറെ നാളുകൾക്കുശേഷം ബാല സംസാരിച്ചത്. 'എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോൾ പറയാം... എലിസബത്തിനെ കുറിച്ച് ഞാൻ പറയുകയാണെങ്കിൽ എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല... വിധി.'
'അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം...', എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ഷെഫീക്കിന്റെ സന്തോഷമാണ് ബാല അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications