'എന്റെ കെയറിങിൽ അവൾ വീണു, ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ല അതുപോലെ ഞങ്ങൾ കല്യാണം കഴിക്കുമെന്ന് ഉറപ്പില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി വന്ന് കുടുംബപ്രേക്ഷകരുടെ വരെ പ്രിയങ്കരനായ വ്യക്തിയാണ് സിജോ ജോൺ. ആലപ്പുഴ സ്വദേശിയായ സിജോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്ലോഗർമാരുടെ കൂട്ടായ്മയുടെ ഭാഗമായാണ് ബിഗ് ബോസിലെത്തിയത്. തുടക്കത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്ന സിജോയ്ക്ക് ഹൗസിൽ വെച്ച് രണ്ടാം ആഴ്ച ചില ദുരനുഭവങ്ങൾ ഉണ്ടായതോടെ ഗെയിമിൽ നിന്നും പിന്നോട്ട് പോകേണ്ടി വരികയായിരുന്നു.
ശാരീരികമായി വരെ വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടും അവസാനം വരെ പിടിച്ച് നിന്ന സിജോയ്ക്ക് ഇന്ന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. ബിഗ് ബോസിനുശേഷം യുട്യൂബ് ചാനൽ, യാത്രകൾ, ഇന്റ്‍വ്യൂകൾ എന്നിവയെല്ലാമായി തിരക്കിലാണ് സിജോ. അതേസമയം ലിനുവെന്ന പെൺകുട്ടിയുമായി പ്രണയത്തിലുമാണ് താരം. എന്നാൽ ഇതുവരെ ലിനുവുമായുള്ള പ്രണയകഥ സിജോ വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിതാ പ്രണയിനിയേയും ഒപ്പമിരുത്തി പുതിയ വീഡിയോയിലൂടെ ലിനുവിനെ പരിചയപ്പെട്ടപ്പോൾ മുതലുള്ള കാര്യങ്ങൾ സിജോ വിശദീകരിച്ചു. അതേസമയം സിജോയുടെയും ലിനുവിന്റെയും എൻഗേജ്മെന്റിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളുടെ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഡേറ്റ് തീരുമാനിച്ചിട്ടില്ല. ആഗസ്റ്റ് അഞ്ചിന് വീണ്ടും ഒരു ഓപ്പറേഷന് കൂടി സിജോയ്ക്ക് വിധേയനാകേണ്ടതുണ്ട്.
അത് കൂടി കഴിഞ്ഞാൽ മാത്രമെ തിയ്യതി തീരുമാനിക്കാൻ സാധിക്കൂവെന്നാണ് സിജോ പുതിയ വീഡിയോയിൽ പറഞ്ഞത്. ഞാനും ലിനുവും ഒരുമിച്ചുള്ള വീഡിയോകൾ ചെയ്യാത്തതെന്താണെന്ന് പലരും ചോദിക്കാറുണ്ട്. അത് വേറൊന്നും കൊണ്ടല്ല. ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒരു പ്രൈവസിയുണ്ടാകുമല്ലോ. കൂടുതലായും കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാകും സംസാരിക്കുക. അത് പുറത്തേക്ക് വിടേണ്ടെന്ന് കരുതിയാണ്. കൺഫോം ചെയ്തിട്ട് പറയാമല്ലോയെന്ന് കരുതിയാണെന്നും പറഞ്ഞാണ് സിജോയുടെ വീഡിയോ ആരംഭിക്കുന്നത്.
ഞാൻ ലിനുവിനേക്കാൾ സുന്ദരനും സുമുഖനുമായതുകൊണ്ട് ഇവൾക്ക് നല്ല പേടിയുണ്ട്. അതുപോലെ ഒരുപാട് പെൺകുട്ടികളുടെ ആലോചന എനിക്ക് വരും. അതുകൊണ്ടാണ് ലിനുവിനൊപ്പം വീഡിയോ ചെയ്യാത്തതെന്നും തമാശയായി സിജോ പറയുമ്പോൾ അതിന് അനുസരിച്ചുള്ള കുറിക്കുകൊള്ളുന്ന കൗണ്ടറുകൾ റിനുവും പറയുന്നുണ്ട്. പലരും ഞങ്ങൾ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് ചോദിച്ചിരുന്നു. അഞ്ച് വർഷം മുമ്പാണ് ഞങ്ങൾ പരിചയപ്പെട്ടത്.
അന്ന് ഞാൻ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അതുപോലെ ചങ്ങനാശ്ശേരിയാണ് ലിനുവിന്റെ വീട്. അവിടെ ഒരു കൺവെൻഷൻ സെന്ററിൽ എന്റെ കമ്പനിയുടെ വക ഒരു പ്രസന്റേഷനുണ്ടായിരുന്നു. ഞാനായിരുന്നു അത് ചെയ്തത്.
അന്ന് ലിനുവിന്റെ പപ്പയും ഉണ്ടായിരുന്നു. അവിടെ വെച്ച് ഞാനാണ് അദ്ദേഹത്തിന് ക്ലാസിന്റെ വിശദ വിവരങ്ങൾ പറഞ്ഞ് കൊടുത്തത്. എന്നാൽ അന്ന് അദ്ദേഹത്തിന് അത് മനസിലാകാത്തതുകൊണ്ട് അദ്ദേഹം മകളായ ലിനുവിനോട് കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ പറഞ്ഞു.

അങ്ങനെയാണ് ലിനുവിനെ ആദ്യമായി ഞാൻ കാണുന്നതും സംസാരിക്കുന്നതും. അന്ന് ലിനുവിന് 21 വയസായിരുന്നു പ്രായം. ഡിഗ്രിക്ക് സപ്ലി വാങ്ങി നിൽക്കുകയായിരുന്നു ലിനു. പിന്നെ പാരമ്പര്യമായി ബിസിനസ് ചെയ്യുന്ന കുടുംബമായതുകൊണ്ട് പഠിച്ചില്ലെങ്കിലും കുഴപ്പമില്ല. അങ്ങനെ അവിടെ വെച്ച് അന്ന് ലിനുവിന് ആ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തു.
പക്ഷെ എല്ലാം കേട്ടിട്ട് ഞങ്ങളുടെ കമ്പനിയുടെ ബിസിനസ് ചെയ്യാൻ താൽപര്യമില്ലെന്നാണ് ലിനു പറഞ്ഞത്. നെഗറ്റീവ്സ് അടക്കം മനസിലാക്കിയാണ് നോ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി ലിനുവിന് പഠിക്കാൻ ബുദ്ധിയില്ലെങ്കിലും ഇത്തരം കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ കഴിയുന്നുണ്ടെന്ന്. നല്ലതും ചീത്തയും പെട്ടന്ന് തിരിച്ചറിയുന്നു.
അന്ന് അവിടെ നിന്ന് ലിനുവിന്റെ കയ്യിൽ നിന്നും ഒരു ഫോമിൽ ഡീറ്റെയ്ൽസ് എഴുതി വാങ്ങി. ശേഷം പിറ്റേദിവസം ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചു. കോഴിത്തരം കാണിക്കാതെ ഡിപ്ലോമാറ്റിക്കായിട്ടാണ് ഞാൻ പിന്നീട് മെസേജ് അയച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മെസേജിന് റിപ്ലെ ഒക്കെ താമസിച്ചാണ് അയച്ചിരുന്നത്.
അന്ന് ഞാൻ വീട്ടിൽ ഒരു പണിയുമില്ലാതെ ചൊറിയും കുത്തിയിരിക്കുകയായിരുന്നു. നിരന്തരമായി മെസേജ് അയച്ച് തുടങ്ങി. സ്റ്റാന്റേർഡ് കെയറിങ് ഏട്ടായിയായി ഞാൻ. അങ്ങനെ എന്റെ കെയറിങിൽ അവൾ വീണു. പിന്നെ ലിനു പറയുന്നതെല്ലാം ഞാൻ ഓർത്തുവെക്കുമായിരുന്നു. അത് അനുസരിച്ച് കാര്യങ്ങൾ ചെയ്യും. ഞങ്ങൾ ഇഷ്ടമാണെന്ന് ഇതുവരെ പരസ്പരം പറഞ്ഞിട്ടില്ല.
അതുപോലെ ഞങ്ങൾ കല്യാണം കഴിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ട് പെൺകുട്ടികൾക്ക് എന്നെ സമീപിക്കാം. ഞാനും ലിനുവും നല്ല സുഹൃത്തുക്കളാണ്. ഞാൻ ലിനുവിനെ അച്ചുവെന്നാണ് വിളിക്കുന്നതെന്നാണ് വളരെ രസകരമായി പ്രണയകഥ വെളിപ്പെടുത്തി സിജോ പറഞ്ഞത്.


Click it and Unblock the Notifications