'വന്താ രാജാവാ താൻ വരുവേൻ'; തെറ്റുകൾ ഏറ്റുപറഞ്ഞ് തിരുത്തി, കൈവിട്ട് പോയതെല്ലാം തിരിച്ച് പിടിക്കുന്ന എസ്ടിആർ!
ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും വാഗ്വാദത്തിന് നിൽക്കണ്ട... എനിക്ക് വേണ്ടി ഇനി ആരോടും നിങ്ങൾ സംസാരിക്കരുത്. ഞാൻ കഷ്ടത അനുഭവിച്ച കാലത്ത് നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതെല്ലാം തന്നെ ധാരാളം... ഇനി ഞാൻ എന്താണ് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പോകുന്നതെന്ന് കാണൂ. സാധാരണ നടക്കാറുള്ളത് പോലൊരു മാറ്റമല്ല. ഇത്തവണത്തെ തിരിച്ച് വരവ് വളരെ വ്യത്യസ്തമാണ്. ഇനി ഒന്നും ഞാൻ കൈവിട്ട് കളയുകയില്ല. എന്റെ ആരാധകരായ നിങ്ങളുടെ തല മറ്റുള്ളവരുടെ മുന്നിൽ കുനിക്കേണ്ടി വരുന്ന തരത്തിൽ ഒരു അവസ്ഥ നിങ്ങൾക്ക് ഞാൻ ഉണ്ടാക്കില്ല.
ലോകത്തിന് മുന്നിൽ തമിഴ് സിനിമയെ കൊണ്ടുപോയി നിർത്തേണ്ടത് നാം എല്ലാവരുടേയും കടമയാണ്. അത് ചെയ്യേണ്ടവരിൽ ഒരാൾ ഞാനാണ്. ഇനിയുള്ള കാലം അതിന് വേണ്ടി പ്രയത്നിക്കും. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കണ്ടോളൂ... എന്നാണ് കരിയറിലേക്ക് തിരിച്ച് വരവ് നടത്തികൊണ്ട് ആരാധകരോട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് സിമ്പു പറഞ്ഞത്.

കഴിഞ്ഞ അഞ്ച് വർഷമായി ആരാധകർക്ക് കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമങ്ങൾ നടന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. മാസ്, മസാല പടങ്ങൾ മാത്രമല്ല അഭിനയ സാധ്യതയുള്ള സിനിമകൾ കൂടി വേണമെന്ന തിരിച്ചറിവ് ഇപ്പോൾ താരത്തിനുണ്ട്. മാനാട്, വെന്ത് തനിന്തത് കാട് സിനിമകളിലെ പ്രകടനത്തിലൂടെ താരം അത് തെളിയിക്കുകയും ചെയ്തു.
പല താരങ്ങളുടേയും തിരിച്ച് വരവിനും ഉയർത്തെഴുന്നേൽപ്പിനും സാക്ഷ്യം വഹിച്ചിട്ടുണ്ട് തെന്നിന്ത്യൻ സിനിമ. അതിൽ അടുത്ത കാലത്ത് സിനിമാ പ്രേമികളേയും ആരാധകരേയും ഒരുപോലെ അത്ഭുതപ്പെടുത്തിയ തിരിച്ച് വരവ് നടത്തിയത് സിലംബരസനായിരുന്നു. പ്രായത്തിന്റെ ചോരത്തിളപ്പും സിനിമാ കുടുംബത്തിലെ അംഗമെന്ന ധാർഷ്ഠ്യവുമാണ് നന്നായി പോവുകയായിരുന്ന നടന്റെ കരിയർ തകരാൻ കാരണമെന്നായിരുന്നു പൊതുവെയുള്ള സംസാരം.
എന്നാൽ ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയ ശേഷം ശരീരത്തിനൊപ്പം കാഴ്ചപ്പാടിലും സ്വഭാവത്തിലും വരെ മാറ്റം കൊണ്ടുവരാൻ സിമ്പുവിനായി. മാറ്റങ്ങളുടെ തുടക്കം 2021ൽ പുറത്തിറങ്ങിയ ഈശ്വരൻ എന്ന സിനിമയിലൂടെയായിരുന്നു. നൂറ് കിലോയ്ക്ക് മുകളിലുണ്ടായ ശരീര ഭാരം നടൻ കുറച്ചത് മാനാടിനും ഈശ്വരനും വേണ്ടിയായിരുന്നു.
ഈശ്വരൻ ശരാശരി പ്രകടനം കാഴ്ചവെച്ചപ്പോൾ വെങ്കട് പ്രഭു സംവിധാനം ചെയ്ത പരീക്ഷണ ചിത്രം 2021ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് സിനിമയായി മാറി. ചെക്ക ചിവന്ത വാനം സിനിമയിലെ ഒരു സീനിൽ ശരീര ഭാരം കാരണം ഓടാൻ പോലും കഴിയാതെ പൊട്ടിക്കരഞ്ഞ അവസ്ഥ തനിക്കുണ്ടായിട്ടുണ്ടെന്ന് പറഞ്ഞിടത്ത് നിന്നാണ് സാഹസീകത നിറഞ്ഞ സ്റ്റണ്ടുകൾ അടക്കം ചെയ്യാൻ പാകത്തിന് ബോഡി സിമ്പു മാറ്റിയെടുത്തത്.

മാനാടും വെന്ത് തനിന്തത് കാടും വിജയമായശേഷം നിരവധി സിനിമകൾ താരത്തിനെ തേടി എത്തുന്നുണ്ട്. പരാജയ സിനിമകൾ മാത്രം സംഭവിച്ചിരുന്നിടത്ത് നിന്ന് തുടരെ തുടരെ വിജയങ്ങൾ നടനെ തേടി എത്താൻ തുടങ്ങി. മാത്രമല്ല പഴയ സ്റ്റാർഡം പതിന്മടങ്ങ് തിളക്കത്തിൽ നിലനിർത്താനും നടന് കഴിയുന്നു.
ഇപ്പോൾ എസ്ടിആർ ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത് കമൽഹാസൻ-മണിരത്നം സിനിമ തഗ് ലൈഫിലെ നടന്റെ പ്രകടനം കാണാനാണ്. ആദ്യമായാണ് കമൽഹാസനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാനുള്ള അവസരം സിമ്പുവിന് ലഭിക്കുന്നത്. തൃഷ അടക്കം വലിയൊരു താരനിര തഗ് ലൈഫിന്റെ ഭാഗമാണ്.


Click it and Unblock the Notifications











