കോമഡിയോട് താല്‍പര്യമില്ലെന്ന് പറഞ്ഞ കല്‍പന; 29 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള നടിയുടെ വീഡിയോ വൈറലാവുന്നു
മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് കല്‍പന. അപ്രതീക്ഷിതമായി മരണം കല്‍പനയെ തട്ടി എടുത്തെങ്കിലും ഇന്നും കഥാപാത്രങ്ങളിലൂടെ ഓരോ സിനിമാപ്രേമികളുടെയും മനസില്‍ ജീവിക്കുകയാണ്. ഇപ്പോഴിതാ 29 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള നടിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലാവുകയാണ്. വിദേശത്ത് എവിടെയോ പരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു.
കല്‍പന ഇത്രത്തോളം സിംപിള്‍ ആയിരുന്നോ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നുന്ന അഭിമുഖം 1992 ല്‍ എടുത്തതായിരുന്നു. സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങളായിരുന്നു നടി പറഞ്ഞത്. ഒപ്പം സീരിയസ് വേഷം ചെയ്യനാണ് ഇഷ്ടമെന്നും തനിക്ക് താൽപര്യമില്ലെങ്കിലും അമ്മയടക്കം വീട്ടിലുള്ളവർക്ക് ഞാൻ ഹാസ്യം ചെയ്യുന്നതാണ് ഇഷ്ടമെന്നും കൽപന പറയുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

'തമിഴില്‍ സ്ഥിരമായി നായകന്റെ സഹോദരി വേഷത്തില്‍ അഭിനയിക്കുകയായിരുന്നു. ഒരുപാട് തവണ ഒരേ ക്യാരക്ടര്‍ വന്നതോടെ തമിഴ് വേണ്ടെന്ന് കരുതി നില്‍ക്കുമ്പോഴാണ് കമലിന്റെ 'പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍' എന്ന സിനിമ വരുന്നത്. കോമഡി കഥാപാത്രം എന്ന നിലയില്‍ അല്ല ആ സിനിമയില്‍ അഭിനയിച്ചത്.
ആ ചിത്രത്തില്‍ ജയറാമും പാര്‍വതിയും ജഗതിശ്രീകുമാറുമൊക്കെ അഭിനയിച്ചു. പക്ഷേ ഞാന്‍ ചെയ്തത് കോമഡിയാണെന്നാണ് എല്ലാവരും പറഞ്ഞത്. സിനിമ കണ്ട പ്രേക്ഷകരാണ് എന്നെ ഹാസ്യ നടിയായി അംഗീകരിച്ചത്. ഈ വേഷം ചെയ്യാന്‍ എന്ന് പറഞ്ഞല്ല ആരും വരുന്നത്. നമ്മളെ പ്രേക്ഷകര്‍ അങ്ങനെ ആക്കി എടുക്കുകയാണ്. കല്‍പ്പനയ്ക്ക് ഈ വേഷമാണ് ചേരുന്നതെന്ന് കാണുന്നവരും സിനിമയിലുള്ളവരും പറയുന്നു.

സത്യം പറഞ്ഞാല്‍ ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യുവാനാണ് താല്‍പര്യം. കോമഡി റോളുകളോട് ഇഷ്ടമില്ല. പക്ഷേ എന്റെ വീട്ടിലുള്ളവര്‍ക്ക് ഞാന്‍ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോടാണ് ഇഷ്ടം. സഹോദരിമാരായ ഉര്‍വശിയും കലാരഞ്ജിനിയും സീരിയസ് വേഷങ്ങള്‍ ആണ് ചെയ്യുന്നത്. അത് കൊണ്ട് ഞാന്‍ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. പക്ഷേ എനിക്കെന്തോ അത് ഇഷ്ടമല്ല.
ഒരു കഥാപാത്രം കിട്ടിയാല്‍ അതിന്റെ വസ്ത്രങ്ങളും മേക്കപ്പുമിട്ട് അഭിനയിക്കും എന്നല്ലാതെ അതിന് മുന്‍കൂട്ടി തയ്യാറെടുപ്പുകളൊന്നും താന്‍ നടത്താറില്ലെന്ന് കല്‍പന പറയുന്നു. ഞങ്ങള്‍ നന്നായി അഭിനയിക്കുന്നത് വരെ പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും ഉണ്ടാവണമെന്നും' നടി സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











