അമേരിക്കയിൽ ഇസ്ലാമിക പഠനം, എനിക്കിന്ന് പണം വരുന്നതിങ്ങനെ, യുവത്വത്തെ ഞാൻ വഴി തെറ്റിച്ചു: മുംതാസ്
അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിൽക്കുകയാണ് മുംതാസ്. ഒരു കാലത്ത് ഗ്ലാമറസ് റോളുകളിലൂടെ തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച മുംതാസ് ഒരു ഘട്ടത്തിൽ സിനിമാ രംഗം വിട്ട് മതപരമായ ജീവിതത്തിലേക്ക് കടന്നു. തന്റെ മതവിശ്വാസപ്രകാരം ഇത് തെറ്റാണെന്ന് പറഞ്ഞാണ് മുംതാസ് പിന്മാറിയത്. മുമ്പ് ഗ്ലാമറസ് റോളുകൾ ചെയ്തതിൽ മുംതാസിന് വലിയ കുറ്റബോധമുണ്ട്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മുംതാസ് തുറന്ന് സംസാരിക്കുന്നുണ്ട്. ബിഹെെന്റ്വുഡ്സ് ടിവി തമിഴിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
വലിയ അവസരങ്ങൾ വേണ്ടെന്ന് വെച്ചത് എന്റെ തീരുമാനമാണെന്ന് പറയില്ല. അള്ളാഹുവിന്റെ തീരുമാനമാണ്. ഞാൻ ക്രെഡിറ്റ് എടുക്കില്ല. ഹലാലായ വരുമാനമാണ് ലഭിക്കുന്നതെന്നും മുംതാസ് പറയുന്നുണ്ട്. എനിക്ക് വാടക ലഭിക്കുന്നുണ്ട്. അത് സിനിമയിൽ നിന്നുണ്ടാക്കിയ പണം കൊണ്ടല്ല. കുടുംബ സ്വത്തുക്കളാണ് ഞാൻ വാടകയ്ക്ക് നൽകിയത്. മതപ്രഭാഷണങ്ങളിലൂടെ പണം വാങ്ങാം. പക്ഷെ ഞാൻ വാങ്ങില്ല. ഒരു കാലത്ത് യുവത്വത്തെ ഞാൻ വഴി തെറ്റിച്ചു. ഇപ്പോൾ ദെെവം എനിക്ക് നല്ല വഴി കാണിച്ച് കൊടുക്കാനുള്ള അവസരം തരുന്നു. ഇത് താൻ പ്രായശ്ചിത്തത്തിനുള്ള അവസരമായി കാണുന്നെന്നും മുംതാസ് പറയുന്നു.

കാലിഫോർണിയയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ മതപഠനത്തിലാണ് താനെന്ന് മുംതാസ് പറയുന്നുണ്ട്. ഓൺലെെനായാണ് പഠിക്കുന്നത്. മൂന്ന് വർഷത്തെ കോഴ്സാണ്. ഞാനിപ്പോൾ സെക്കന്റ് ഇയർ ആണ്. അവിടെ ഒന്നിലേറെ ഇസ്ലാമിക് കോഴ്സുകൾ ചെയ്യുന്നുണ്ട്. വീട്ടിൽ ഖുർ ആൻ ടീച്ചർ വരും. ദിവസവും അള്ളാഹുവിനെക്കുറിച്ച് പഠിക്കുന്നു. എനിക്ക് സോഷ്യൽ ലെെഫുണ്ട്. ഉമ്മയോട് എന്നും സംസാരിക്കും. കുറച്ച് വാർത്ത കാണും. കാണേണ്ട വാർത്തകൾ മാത്രമേ കാണാറുള്ളൂ.
ഗാസയിൽ എന്ത് നടക്കുന്നു, സുഡാനിലെ ക്ഷാമം എന്നിവയായിരുന്നു എനിക്ക് പ്രധാനമായും താൽപര്യമുള്ള വാർത്തകൾ. അതെല്ലാം കണ്ട ശേഷം കഴിക്കാനിരുന്നാൽ ദെെവത്തോട് നന്ദി പറഞ്ഞ് എന്താണെങ്കിലും കഴിക്കും. സുഹൃത്തുക്കൾ വിളിച്ചാൽ ഞാൻ സംസാരിക്കും. ദെെവത്തെക്കുറിച്ചാണ് താൻ സംസാരിക്കാറെന്നും മുംതാസ് പറയുന്നു.
മുംതാസിനെ പോലെ ദെെവഭയം കാരണം സിനിമാ രംഗം വിട്ടവർ വേറെയുമുണ്ട്. മുൻ നടിമാരായ സെെറ വസീം, സന ഖാൻ എന്നിവർ ഇതിനുദാഹരണമാണ്. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ പ്രശസ്തിയാർജിച്ചിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് സൈറ പോകുന്നത്. തന്റെ മതപരമായ വിശ്വാസപ്രകാരം സിനിമാ രംഗം തെറ്റാണെന്ന് സെെറ പറയുന്നു.
തന്റെ ഫോട്ടോകൾ പോലും പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച സൈറ ഇന്ന് തന്റെ മുഖം സോഷ്യൽ മീഡിയയിൽ കാണിക്കാറില്ല. സൈറയെ പോലെ മത ജീവിതം തെരഞ്ഞെടുത്ത മറ്റൊരു മുൻ നടിയാണ് സന ഖാൻ. മുംതാസിനെ പോലെ ഗ്ലാമറസ് റോളുകളും ഡാൻസ് നമ്പറുകളിലും തിളങ്ങിയിരുന്ന സന പിന്നീട് താൻ ഇസ്ലാം മതാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന വിവാഹം കഴിച്ചത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം.


Click it and Unblock the Notifications











