ആ ഫോട്ടോകളൊന്നും ആരും കാണരുതെന്നുണ്ട്; അന്നത്തെ തെറ്റുകൾ ഓർത്ത് കരഞ്ഞിട്ടുണ്ട്; മുംതാസ്
സിനിമാ ലോകം വിട്ട് ഇന്ന് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ് മുൻ നടി മുംതാസ്. ഗ്ലാമറസ് നടിയായി പ്രേക്ഷകരുടെ ആവേശമായി മാറിയ മുംതാസ് ഒരു ഘട്ടത്തിൽ കരിയർ വിടുകയാണുണ്ടായത്. മാനസികമായ തളർന്ന ഘട്ടത്തിലാണ് മുംതാസ് വിശ്വാസത്തിലേക്ക് അടുക്കുന്നത്. താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിൽ പാലിൻ കുടമെടുത്ത് എന്ന ഡാൻസ് നമ്പർ ചെയ്തത് മുംതാസാണ്. അന്ന് ചെയ്ത റോളുകളിലും ധരിച്ച വസ്ത്രങ്ങളിലും മുംതാസിന് കുറ്റബോധമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി.
അബായ ആണ് തനിക്കിപ്പോൾ ഇഷ്ടപ്പെട്ട ഏറ്റവും നല്ല വസ്ത്രമെന്നും മുംതാസ് പറയുന്നു. ലോകത്തിലുള്ള മികച്ച ഡിസൈനർ വസ്ത്രങ്ങൾ എനിക്ക് വാങ്ങാം. അതെല്ലാം ഞാൻ ധരിച്ചിട്ടുണ്ട്. പക്ഷെ ഒരു അബായ ധരിക്കുമ്പോൾ തോന്നുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാനൊരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോൾ തോന്നാറെന്നും മുംതാസ് പറഞ്ഞു. സിനിമയില്ലാതെ തനിക്കിപ്പോഴുള്ള വരുമാനം എന്തെന്നും മുംതാസ് വ്യക്തമാക്കി. പ്രോപ്പർട്ടികളുണ്ട്. അതിൽ നിന്നും വാടക വരുന്നു. ഞാൻ ജോളിയായിരിക്കുന്നു.

ഞാൻ ലാവിഷ് ജീവിതമായിരുന്നു മുമ്പ് നയിച്ചത്. അതിനേക്കാൾ നന്നായാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് ചിലപ്പോൾ തോന്നും. ചിലപ്പോൾ എന്റെ ആവശ്യങ്ങൾ വളരെ കുറഞ്ഞെന്നും തോന്നും. കംഫർട്ടബിളായാണ് ജീവിക്കുന്നത്. പക്ഷെ പെട്ടെന്നൊരു ദിവസം ബാഗ് പാക്ക് ചെയ്ത് വിദേശത്ത് വെക്കേഷന് പോകാൻ പറഞ്ഞാൽ എനിക്ക് സാധിക്കില്ല. അതിലെനിക്ക് നിരാശ ഇല്ല. കാരണം എനിക്ക് മക്ക മദീനയിൽ പോകാൻ മാത്രമാണ് താൽപര്യം.
വേറെ എവിടെ പോകാനും ആഗ്രഹമില്ല. ആ സ്ഥലം കണ്ടാൽ പിന്നെ ലോകത്തിൽ മറ്റൊരു സ്ഥലവും കാണാൻ തോന്നില്ലെന്നും മുംതാസ് അഭിപ്രായപ്പെട്ടു. ഇന്നത്തെ ജീവിതത്തിലേക്ക് മാറിയപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചും മുംതാസ് സംസാരിച്ചു. ട്രാൻസ്ഫോർമേഷൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ വീട്ടിലിരുന്ന് കരയും. ചേട്ടൻ വീട്ടിൽ വരും. നോക്കുമ്പോൾ ഞാൻ കരയുകയായിരിക്കും. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിക്കും. അറിയില്ല, ആത്മാവ് ശുദ്ധിയാവുന്നത് പോലെ തോന്നുന്നെന്ന് ഞാൻ പറയും.

കുറേ വർഷങ്ങൾ മുമ്പ് ചെയ്ത തെറ്റ് ഓർമ്മ വരും. അന്ന് ധരിച്ച വസ്ത്രങ്ങളും ഡാൻസ് ചെയ്ത പാട്ടുകളും ഓർമ്മ വരും. അപ്പോഴൊക്കെ താൻ കരയാറുണ്ടായിരുന്നെന്നും മുംതാസ് പറഞ്ഞു. തനിക്കൊരുപാട് പണം ലഭിച്ചാൽ പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്സ് വാങ്ങി ഇന്റർനെറ്റിലുള്ള തന്റെ ഫോട്ടോകളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ ആഗ്രഹമുണ്ടെന്നും മുംതാസ് പറയുന്നു.
സോഷ്യൽ മീഡിയയിൽ നിന്നും തന്റെ പഴയ ഫോട്ടോകൾ നീക്കം ചെയ്യാത്തതിന് കാരണം തന്റെ മാറ്റം പുതിയ ഫോളോവേഴ്സ് അറിയണം. അവർ ഇന്റർനെറ്റിൽ പോയി എന്റെ പഴയ ഫോട്ടോകൾ തിരയരുത്. എന്നെ ആരും അത്തരത്തിൽ കാണരുത്. താൻ മരിച്ചാൽ ഇത്തരം മോശം ഫോട്ടോകൾ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറിൽ ബുദ്ധിമുട്ടാകുമെന്നും മുംതാസ് പറഞ്ഞു.
25-26 വയസിലാണ് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ എനിക്ക് വരുന്നത്. വളരെ വേദനയായിരുന്നു. അതൊരു ഡിസബിലിറ്റി പോലെയായി. അതുകൊണ്ട് എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല. എനിക്ക് വിവാഹം ചെയ്യമെന്നുമില്ല. ആർക്കും ബാധ്യതയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചേട്ടന്റെ കുടുംബവും മക്കളുമാണ് തനിക്കെല്ലാമെന്നും മുംതാസ് വ്യക്തമാക്കി.
പക്ഷെ തനിക്കെന്ന് പറയാൻ ഒരു കുഞ്ഞോ കുടുംബമോ ഇല്ലെന്ന തോന്നൽ ഉണ്ട്. ദിവസവും എനിക്കങ്ങനെ തോന്നും. എല്ലാവർക്കും എല്ലാം എപ്പോഴും ലഭിക്കില്ല. ഇനിയൊരു കുടുംബ ജീവിതം തനിക്കുണ്ടാകാൻ സാധ്യതയില്ല. ഞാനതിന് മാനസികമായി തയ്യാറല്ല. അള്ളാഹുവിന്റെ തീരുമാന പ്രകാരം നടന്നേക്കും. പക്ഷെ ആ ബന്ധം വിജയിക്കാൻ സാധ്യതയില്ല.
കാരണം ഇനിയൊരാളെ ശ്രദ്ധിക്കാനുള്ള കഴിവ് എനിക്കില്ല. ഞാൻ എന്നെത്തന്നെ നോക്കുന്നത് വലിയ കാര്യമാണെന്നും മുംതാസ് പറഞ്ഞു. അമ്മ ബോംബെയിലാണുള്ളത്. കുടുംബത്തിന്റെ വലിയൊരു ഭാഗവും അവിടെയാണ്. ചെന്നെെയിലുള്ള താൻ ഇടയ്ക്ക് അങ്ങോട്ട് പോകാറുണ്ടെന്നും മുംതാസ് വ്യക്തമാക്കി.


Click it and Unblock the Notifications











