ഷീല ഇല്ലെങ്കില്‍ തനിക്കും വേണ്ടെന്ന് പ്രേം നസീര്‍! ദേഷ്യക്കാരനായ നടന്‍ സോമനായിരുന്നെന്ന് നിര്‍മാതാവ് എസ് പ്രഭു
മലയാള സിനിമയിലെ ഏറ്റവും മികച്ച നടനാരാണെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളാകും. എന്നാല്‍ ഒരു കാലത്ത് മികച്ച് നിന്ന നടന്മാരെല്ലാം ഒന്നിനൊന്ന് മികവുറ്റവര്‍ ആയിരുന്നുവെന്ന് പറയുകയാണ് പഴയകാല നിര്‍മാതാവ് കൂടിയായ എസ് പ്രഭു. സത്യനും ജയനും പ്രേം നസീറുമൊക്കെ നല്ല സ്വഭാവമുള്ള താരങ്ങളായിരുന്നു.
ഇക്കൂട്ടത്തില്‍ നടന്‍ സോമന്‍ മാത്രമായിരുന്നു കുറച്ച് ദേഷ്യമൊക്കെ ആള്‍. അതുകൊണ്ട് തന്നെ സോമന്റെ കൂടെ സിനിമകള്‍ ചെയ്യാന്‍ താന്‍ മടിച്ചിരുന്നു എന്നും പറയുകയാണ് നിര്‍മാതാവിപ്പോള്‍. മാത്രമല്ല ഷീലയെ നായികയായി കൊണ്ട് വരാത്തതിനെ തുടര്‍ന്ന് പ്രേം നസീര്‍ തന്റെ സിനിമയില്‍ നിന്നും പിന്മാറിയതായിട്ടും മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എസ് പ്രഭു വെളിപ്പെടുത്തുന്നു.

ഈ ലോകത്ത് നിന്നും വേര്‍പിരിഞ്ഞ് പോയ മലയാള സിനിമയിലെ മികവുറ്റ നടന്മാരെ കുറിച്ചായിരുന്നു പഴയ കാലത്ത് ഹിറ്റ് സിനിമകളൊരുക്കിയ നിര്‍മാതാവ് വെളിപ്പെടുത്തിയത്. ജയന്‍ തന്റെ സിനിമകളിലൂടെ വില്ലനായി വന്ന് പിന്നീട് നായകനായി വളരുകയായിരുന്നു. എല്ലാ കാലത്തും ആ സ്‌നേഹവും സൗഹൃദവും ജയനുമായി തനിക്കുണ്ടായിരുന്നു.
'ജയന് ശേഷം സുകുമാരനെ വിളിച്ച് ഞാന്‍ സിനിമ എടുത്തിരുന്നു. സുകുമാരന്റെ അഞ്ച് പടം ചെയ്തു. സോമനുമായി ഒരു പടമേ ചെയ്തിട്ടുള്ളു. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും കുറച്ച് ദേഷ്യമുള്ളതാണ്. അതെനിക്ക് ഇഷ്ടമായിരുന്നില്ല. അതാണ് സോമന്റെ കൂടെ ഒരു പടം മാത്രം ചെയ്തതെന്നാണ് പ്രഭു പറയുന്നത്.

സത്യന്‍, പ്രേം നസീര്‍, മധു, സുകുമാരന്‍ ഇവരെ കുറിച്ചൊന്നും അങ്ങനെ പറയാന്‍ പറ്റില്ല. പക്ഷേ സോമന്‍ അങ്ങനെയല്ല. ഒരു നിര്‍മാതാവാണെന്ന ബഹുമാനമൊന്നും അദ്ദേഹം തന്നിട്ടില്ല. അത്രയും കെയര്‍ലെസായിട്ടുള്ള ആളാണ്. ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടന്‍ സത്യനാണ്. പക്ഷേ കാശിന്റെ കാര്യത്തില്‍ സത്യന് വളരെ നിര്‍ബന്ധമാണ്. പ്രേം നസീറിന് അങ്ങനെ ഒന്നുമില്ല.
എന്റെ അവസാന പടത്തില്‍ മധുവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്തോ പ്രശ്‌നം കാരണം സിനിമ വളരെ വൈകി. അന്നത്തെ കാലത്ത് ഇരുപത് ലക്ഷത്തോളം രൂപ ചെലവായി. പക്ഷേ പത്ത് ലക്ഷം രൂപയേ ആ സിനിമയ്ക്ക് കളക്ട് ചെയ്യാനായിട്ടുള്ളു. പത്ത് ലക്ഷം നഷ്ടമായി. ഇതോട് കൂടി ഞാന്‍ സിനിമ നിര്‍മ്മിക്കുന്നത് തന്നെ നിര്‍ത്തിയെന്ന് നിര്‍മാതാവ് വ്യക്തമാക്കുന്നു.
പ്രേം നസീറുമായി ഒരു സിനിമ ചെയ്യാന്‍ ഇരുന്നതാണ്. ശാരദയാണ് നായിക. എന്നാല്‍ നായികയായി ഷീലയെ മതിയെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഷീലയും നസീറും നിരവധി സിനിമകളില്‍ അഭിനയിച്ച് ഹിറ്റായി നില്‍ക്കുകയാണ്. ഷീല ഇല്ലെങ്കില്‍ ബുദ്ധിമുട്ടാണെന്നും നായകനായി വേറെ ആരെയെങ്കിലും വെച്ചോളാനും അദ്ദേഹം പറഞ്ഞു. അങ്ങനെ മധുവിനെ നായകനാക്കിയെന്നും നിര്‍മാതാവ് പ്രഭു പറയുന്നു.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച താരജോഡിയായിട്ടാണ് പ്രേം നസീറും ഷീലയും അറിയപ്പെട്ടിരുന്നത്. ഇന്നും അവരുടെ റെക്കോര്‍ഡ് മറികടക്കാന്‍ മലയാളത്തില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അങ്ങനെ ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ സ്‌നേഹവും സൗഹൃദവും എന്നും താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നതാണ് നിര്‍മാതാവ് എസ് പ്രഭുവിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications