'ജോർജ് അക്കൗണ്ടിൽ നിന്നും പണം തട്ടിയെന്ന വിവരം ശ്രീവിദ്യ അന്നാണ് അറിഞ്ഞത്, കണ്ണ് പാതിയെ തുറക്കുമായിരുന്നുള്ളു'
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു ശ്രീവിദ്യ. പ്രത്യേകതകളുള്ള സൗന്ദര്യം. അതിലുപരി വെല്ലുവിളി നിറഞ്ഞ ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവും ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജ് ഒരിക്കല്‍ ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്. മലയാളത്തിന്‍റെ ശ്രീയായിരുന്നു ശ്രീവിദ്യ എന്ന നടി. സൗന്ദര്യത്തിനൊപ്പം അഭിനയത്തികവും ഒത്തുചേര്‍ന്ന വ്യക്തിത്വം എന്നതാണ് ശ്രീവിദ്യയെ മറ്റുള്ള നടിമാരിൽ നിന്നും വ്യത്യസ്തയാക്കിയത്.
മലയാളത്തിന്‍റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചത്. എങ്കിലും അവസാന നാളുകളിൽ എല്ലാം നഷ്ടപ്പെട്ട് ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോള്‍ ആരുമുണ്ടായിരുന്നില്ല ശ്രീവിദ്യയ്ക്ക് കൂട്ടിന്. താരത്തിളക്കങ്ങള്‍ക്കിടയിലും ഒറ്റക്കായിരുന്നു അവര്‍. ശ്രീവിദ്യയുടെ അവസാനനാളില്‍ ആദ്യ കാമുകനായിരുന്ന കമല്‍ഹാസന്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.

പിന്നീട് രഞ്ജിത് തിരക്കഥ എന്ന ചിത്രത്തിന് ആധാരമായത് ഈ സന്ദര്‍ശനമായിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയെ കുറിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുഹൃത്ത് ശോഭന രമേശ് ഓർമകൾ പങ്കിട്ടത് ചർച്ചയാവുകയാണ്. ഭർത്താവ് ജോർജ് അക്കൗണ്ടിൽ നിന്നും പണം തട്ടിയെന്ന വിവരം അറിഞ്ഞത് മുതൽ ശ്രീവിദ്യ വിഷമത്തിലായിരുന്നുവെന്നും പിന്നാലെയാണ് കാൻസർ കണ്ടെത്തുന്നതെന്നും ശോഭന രമേശ് പറയുന്നു.
'വിവാഹത്തിന് മുമ്പ് വരെ ജോർജ് ശ്രീദിവ്യയെ വളരെ മനോഹരമായി സംരക്ഷിച്ചിരുന്നു. അയാൾ ഒരു പക്കാ മലയാളിയാണ്. ഞാനും ശ്രീയും കൂടെക്കൂടെ തിരുവനന്തപുരത്ത് പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ജോർജുമായുള്ള എൻ്റെ പരിചയം വളർന്നത്. ഒരു ഘട്ടത്തിൽ ശ്രീയുടെ പണം കൈകാര്യം ചെയ്യാനുള്ള അടുപ്പമായി അയാൾക്ക്.'
'പക്ഷെ അയാൾ ഒരു വഞ്ചകനാണെന്ന് എനിക്കറിയാമായിരുന്നു. എല്ലാം ഭംഗിയായി നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് വിദ്യയുടെ അക്കൗണ്ടിൽ നിന്ന് ചെക്ക് നൽകാതെ പണം പോയ വിവരം ഞങ്ങൾ അറിഞ്ഞു. പണം നഷ്ടപ്പെട്ടത് അറിഞ്ഞ് ശ്രീവിദ്യ ബാങ്കിൽ ചെന്ന് ചോദിച്ചപ്പോൾ ഒപ്പിട്ട ചെക്ക് അകത്തുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഇത് കേട്ട് വിദ്യ അസ്വസ്ഥയായി. ഇതിന് പിന്നാലെയാണ് ജോർജിനെതിരെ കേസ് കൊടുത്തത്.'
'തിരുവനന്തപുരത്ത് നിന്ന് പോയസ് ഗാർഡനിലെത്തിയ ശ്രീവിദ്യയ്ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന് കാൻസർ ബാധിച്ചിരുന്നില്ല. പക്ഷെ തടി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ചികിത്സ നടന്നുകൊണ്ടിരുന്നു. ഇതിനിടയിൽ ചില മാറ്റങ്ങൾ ശ്രീയുടെ ശരീരത്തിൽ വന്ന് തുടങ്ങി. കവിളുകൾ ചുരുങ്ങി അവൾക്ക് പകുതി കണ്ണ് തുറക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് തിരുവനന്തപുരത്തേക്ക് പോയി.'

'അവിടെ കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് കാൻസർ പിടിപ്പെട്ടെന്ന് കണ്ടെത്തുന്നതെന്നും', ശോഭന രമേശ് പറഞ്ഞു. സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു ശ്രീവിദ്യയുടെ ജനനം. ആര്‍.കൃഷ്ണമൂര്‍ത്തിയുടെയും എം.എല്‍ വസന്തകുമാരിയുടെയും മകളായി മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. നൃത്തത്തിന്‍റെയും സംഗീതത്തിന്‍റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്.
അത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്ന ഒരു കുട്ടി എത്തിപ്പെടാവുന്ന സിനിമാ മേഖലയില്‍ തന്നെയാണ് വലുതായപ്പോള്‍ ശ്രീവിദ്യയും എത്തിയത്. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 1969ല്‍ എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യയെ മലയാള സിനിമക്ക് ലഭിക്കുന്നത്.
സത്യന്‍റെ നായികയായിട്ടായിരുന്നു ശ്രീയുടെ അരങ്ങേറ്റം. പിന്നീട് ശ്രീവിദ്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സൊല്ലത്താന്‍ നിനക്കിറേന്‍, അപൂര്‍വ്വ രാഗങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ അവര്‍ തമിഴകത്തിന്‍റെയും മനം കവര്‍ന്നു. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിന്‍റെ നിര്‍മാതാവായിരുന്ന ജോര്‍ജ് തോമസുമായി പ്രണയത്തിലായത്.
1979ല്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് പ്രശ്നങ്ങള്‍ മൂലം വേര്‍പിരിഞ്ഞു. അമ്മയെപ്പോലെ ഒരു പാട്ടുകാരിയും കൂടിയായിരുന്നു ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളില്‍ ശ്രീവിദ്യ പാടിയ പാട്ടുകള്‍ എന്നും ഓര്‍ക്കുന്നവയാണ്. അവസാന കാലത്ത് മിനിസ്ക്രീനിലും സജീവമായിരുന്നു ശ്രീവിദ്യ.


Click it and Unblock the Notifications











