കണ്ണ് മിഴിച്ച് ഇരുന്ന് പോകുന്ന അഭിനയം; അനശ്വരയും ഉർവശിയും ജ്യോതിർമയിയും വരെ, 2024ലെ മികച്ച സ്ത്രീ കഥാപാത്രങ്ങൾ
വ്യത്യസ്ത കഥാപാത്രങ്ങൾ നടന്മാർ മികച്ചതാക്കുമ്പോൾ പ്രശംസിക്കാൻ ആരാധകർ മടി കാണിക്കാറില്ല. എന്നാൽ സ്ത്രീകളായ അഭിനേതാക്കൾ അത്തരത്തിലുള്ള റോളുകൾ കയ്യടക്കത്തോടെ ചെയ്യുമ്പോൾ വേണ്ടത്ര പ്രശംസയും സ്വീകരണവും ലഭിക്കാറുണ്ടോയെന്നത് സംശയമാണ്. ഈ വർഷവും ഒട്ടനവധി മികച്ച പ്രകടനങ്ങൾ സ്ത്രീ അഭിനേതാക്കളുടെ ഭാഗത്ത് നിന്നും മലയാളി സിനിമാ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്.
അവയിൽ പലതും മറ്റൊരാൾക്കും ഇനി ചെയ്ത് ഫലിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ളതുമാണ്. ജ്യോതിർമയി അടക്കമുള്ള നടിമാരുടെ തിരിച്ച് വരവിന് മലയാള സിനിമ സാക്ഷ്യം വഹിച്ച ഒരു വർഷം കൂടിയായിരുന്നു 2024. ഈ വർഷം റീലിസ് ചെയ്തതിൽ ഏറ്റവും ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങൾ സമ്മാനിച്ച ചില നടിമാരെ പരിചയപ്പെടാം...

അനശ്വര രാജൻ (എബ്രഹാം ഓസ്ലർ)
മലയാള സിനിമയില്‍ ഈ വർഷം ആദ്യം തിയേറ്ററിലെത്തിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് എബ്രഹാം ഓസ്ലര്‍. വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസായിരുന്നു സംവിധാനം. ജയറാമിനും മമ്മൂട്ടിക്കുമൊപ്പം സിനിമ റിലീസ് ചെയ്തശേഷം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അനശ്വര രാജൻ ചെയ്ത സുജ എന്ന കഥാപാത്രമായിരുന്നു. ചിലർ നമ്മളെ ചില പ്രകടനങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തും. അവർ അതിനുള്ള അവസരങ്ങൾ തേടി അലയും. ചിലപ്പോൾ ആ അവസരം ദൈവം കൈയ്യിൽ നേരിട്ട് കൊണ്ടുകൊടുക്കും. അങ്ങനെ ഭാഗ്യം ലഭിച്ച പെൺകുട്ടിയാണ് അനശ്വര രാജൻ. എബ്രഹാം ഓസ്ലറിന് പുറമെ മലയാളി ഫ്രം ഇന്ത്യ, ഗുരുവായൂർ അമ്പലനടയിൽ എന്നിവയാണ് അനശ്വര അഭിനയിച്ച് തിയേറ്ററുകളിൽ ഈ വർഷം എത്തിയ മറ്റ് സിനിമകൾ.
പൂജ മോഹൻരാജ് (ആവേശം)
ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ആവേശം റിലീസ് ചെയ്തശേഷം രംഗണ്ണനും അമ്പാനും ബിബിക്കുമെല്ലാം ഒപ്പം പ്രകടനം കൊണ്ട് പിടിച്ച് നിന്ന് ഒരേയൊരു കഥാപാത്രമേയുള്ളു അത് നടി പൂജ മോഹൻരാജ് അവതരിപ്പിച്ച കഥാപാത്രമാണ്. നർമ്മ രംഗങ്ങൾ അടക്കം പൂജ മനോഹരമായാണ് ആവേശത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. തൃശൂര്‍ ഡ്രാമ സ്‌കൂളിലും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആക്ടിങ് സ്‌കൂളിലും അഭിനയത്തില്‍ ഉപരിപഠനം നടത്തി നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് പൂജ മോഹന്‍രാജ്. മമ്മൂട്ടിയുടെ കാതലില്‍ തങ്കന്റെ സഹോദരിയുടെ കഥാപാത്രമായും ജോജു ജോര്‍ജ് നായകനായ ഇരട്ടയിലെ പൊലീസ് കഥാപാത്രമായുമൊക്കെ പൂജ എത്തിയിരുന്നു.
ബിന്ദു പണിക്കർ (ടർബോ)
അടുത്തിടെയായി നിരന്തരം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിക്കുന്ന നടിയാണ് ബിന്ദു പണിക്കർ. ഈ വർഷം മാരിവില്ലിൻ ഗോപുരങ്ങൾ, ടർബോ എന്നിങ്ങനെ രണ്ട് സിനിമകളാണ് ബിന്ദു പണിക്കർ അഭിനയിച്ച് തിയേറ്ററുകളിലെത്തിയത്. ടർബോയിൽ ബിന്ദു പണിക്കർ വേറെ ലെവലായിരുന്നു. തീയേറ്ററിൽ ഏറ്റവും കിടുവായി കോമഡി വർക്കൗട്ടായതും ബിന്ദുവിന്റെ റോസക്കുട്ടി എന്ന കഥാപാത്രത്തിന്റേതായിരുന്നു. ടർബോയിലെ കഥാപാത്രവും ബിന്ദു പണിക്കർ എന്ന മികച്ച നടിക്ക് കിട്ടിയ മികച്ച അംഗീകാരങ്ങളിൽ ഒന്ന് തന്നെയായിരുന്നു.

ഉർവശി (ഉള്ളൊഴുക്ക്, ഹെർ)
മലയാളികൾക്ക് എല്ലാ കാലത്തും ഉർവശി ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ്. കാലം എത്ര കഴിഞ്ഞാലും ഉർവശിയെ കടത്തിവെട്ടി ഒരു അഭിനയപ്രകടനം ഒപ്പം നിന്ന് അഭിനയിക്കുന്ന ആർക്കും സാധ്യമാകുകയില്ല. പാർവതിക്കൊപ്പമാണ് ഉർവശി ഉള്ളൊഴുക്കിൽ അഭിനയിച്ചത്. പലപ്പോഴും പാർവതിയുടെ പ്രകടനം പോലും ഉർവശിയുടെ പ്രഭയിൽ മങ്ങിപ്പോയി. സിനിമയുടെ ഓരോ മുക്കിലും മൂലയിലും അടക്കം ഉർവശിയുടെ പ്രകടനം കാണാം. ഹെർ എന്ന സിനിമയുടെ റിലീസിനുശേഷം ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെട്ട സെഗ്മെന്റും ഉർവശിയുടേതാണ്.
സുരഭി ലക്ഷ്മി (അജയന്റെ രണ്ടാം മോഷണം)
ഈ വർഷം ഇതുവരെ മൂന്ന് സിനിമകളാണ് സുരഭി ലക്ഷ്മി അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയത്. അതിൽ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനോയുടെ മണിയൻ എന്ന കഥാപാത്രത്തിന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ മാണിക്യമായി സുരഭി കാഴ്ചവെച്ചത്. അജയന്റെ രണ്ടാം മോഷണം റിലീസിനുശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചതും സുരഭിയുടെ കഥാപാത്രത്തിനാണ്.
ജ്യോതിർമയി (ബോഗെയ്ൻവില്ല)
വർഷങ്ങൾക്കുശേഷം ജ്യോതിർമയി വേണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയ സിനിമയായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല. സിനിമയുടെ റിലീസിനുശേഷം ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത് ജ്യോതിർമയിയുടെ പ്രകടനത്തിനായിരുന്നു. ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ ഗംഭീര പ്രകടനം തന്നെയാണ് ജ്യോതിർമയി കാഴ്ചവെച്ചത്. ഒരു സീൻ പോലും ജ്യോതിർമയിയുടെ റീത്തു കുറച്ചുകൂടി നന്നാകാമായിരുന്നുവെന്ന് കാഴ്ചക്കാരന് തോന്നിയതേ ഇല്ല.
നസ്രിയ നസീം (സൂക്ഷ്മദർശിനി)
ഒരിടവേളയ്ക്കുശേഷം നസ്രിയ മലയാളത്തിൽ ചെയ്ത സിനിമയാണ് സൂക്ഷ്മദർശിനി. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ സിനിമ ഈ വർഷത്തെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. ബേസിൽ ജോസഫ് നായകനായ സിനിമയിൽ പ്രിയദർശിനിയായി നസ്രിയ നസീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ആ കഥാപാത്രമായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാത്ത വിധം മികച്ചതാക്കി മാറ്റി നസ്രിയ.


Click it and Unblock the Notifications