മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് മലയാള സിനിമാ ലോകം. മോഹൻലാൽ, മമ്മൂട്ടി, ദീലീപ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയത്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. സിനിമാ രംഗത്തെ പ്രമുഖർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് എത്തിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ദ്ധക്യസഹജമായ അസുഖം മൂലമായിരുന്നു നടന്റെ അന്ത്യം. 97 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1996 ൽ പുറത്തിറങ്ങിയ ദേശാടനം എന്ന ചിത്രത്തിലൂടെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിൽ എത്തുന്നത്. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണരാമനിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രജിനികാന്ത് ചിത്രമായ ചന്ദ്രമുഖിയായിരുന്നു അദ്ദേഹത്തിൻറെ തമിഴ് ചിത്രം.


Click it and Unblock the Notifications











