തിലകനെ ഉൾപ്പെടെ നോട്ടം കൊണ്ട് വിറപ്പിച്ച് മഞ്ജു വാര്യർ! രാധ മുതൽ പച്ചൈയമ്മാൾ വരെ....
മോഹൻലാലും മമ്മൂട്ടിയുമെല്ലാം അരങ്ങ് വാഴുന്ന സമയത്തായിരുന്നു ലോഹിതാദസിന്റെ രാധയായ മഞ്ജു എത്തുന്നത്. 1995 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ഒറ്റ ചിത്രം കൊണ്ട് മഞ്ജു മലയാള സിനിമയിൽ പുതിയ നായിക സങ്കൽപം സൃഷ്ടിക്കുകയായിരുന്നു. 1995 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു മഞ്ജു പ്രേക്ഷകർക്കായി നൽകിയത്. ഇന്നും രാധയും ഭഭ്രയും ഭാനുവും താമരയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
യുവതാരങ്ങളുടെ ഇടയിൽ പോലും മഞ്ജുവിന് ആരാധകരുണ്ട്. സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോൾ പോലും മഞ്ജു തന്നെയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി. സിനിമയിലൂടെ നടി സൃഷ്ടിച്ച ശക്തമായ കഥാപാത്രങ്ങൾ തന്നെയാണ് ഇതിന്റെ കാരണവും. രണ്ടാം വരവിലും ഗംഭീര പ്രേക്ഷക സ്വീകാര്യതയായിരുന്നു മഞ്ജുവിന് ലഭിച്ചത്. 41 ാം പിറന്നാൾ ആഘോഷിക്കുനന വേളയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മഞ്ജുവിന്റെ തരംഗം സൃഷ്ടിച്ച കഥാപാത്രങ്ങളാണ്.

ലോഹിതദാസ് തിരക്കഥ എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ എത്തുന്നത്. സംവിധായകൻ സുന്ദർദാസിന്റേയും ആദ്യ ചിത്രമായിരുന്നു ഇത്. ഗ്രമീണ പശ്ചാത്തലത്തിൽ ഒരുങ്ങി ഈ ചിത്രത്തിൽ മികച്ച ഒരുപിടി താരങ്ങളായിരുന്നു അണിനിരന്നത്. ദിലീപ്, മനോജ് കെ. ജയൻ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദ്, എൻഎഫ് വർഗീസ് തുടങ്ങിയ താരങ്ങൾ ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1998 ൽ ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത കന്മദം മഞ്ജുവിന്റെ കരിയറിലെ മറ്റൊരു വിജയ ചിത്രമായിരുന്നു. ഭാനുയായുള്ള മഞ്ജുവാര്യരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, മോഹൻലാലും മഞ്ജുവും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് ചിത്രത്തിൽ കണ്ടത്. പ്രണവം ഇന്റർനാഷണലിന്റെ ബാനറിൽ സുചിത്ര മോഹൻലാലായിരുന്നു ചിത്രംനിർമ്മിച്ചത്. മോഹൻലാൽ , മഞ്ജു വാര്യർ എന്നിവരെ കൂടാതെ ലാൽ, സിദ്ദിഖ്, ശ്രീജ, കെപിഎസി ലളിത, കൊച്ചിൻ ഹനീഫ് എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

മഞ്ജു വാര്യരുടെ കരിയറിലെ മറ്റൊരു ഹിറ്റ് ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ടും. 1999 ൽ ടികെ രാജീവ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ഭാനു എന്ന പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രത്തിലൂടെ പറഞ്ഞത്. തിലകൻ, ബിജു മേനോ അബ്ബസ്, കലാഭവൻ മണി, സിദ്ദിഖ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . ഈ ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് മഞ്ജു ചെറിയ ഇടവേള എടുക്കുകയായിരുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരുന്ന മഞ്ജു വാര്യർ ചിത്രമായിരുന്നു ഹൗ ഓൾ ആർ യൂ. ബോബി- സഞ്ജയ് യുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 15 വർഷത്തിന് ശേഷം മഞ്ജുവാര്യർ ബിഗ് സ്ക്രീൻ എത്തിയത് നിരുപമ രാജീവ് എന്ന കഥാപാത്രത്തിലൂടെയായിരുന്നു. മഞ്ജു വാര്യരുടെ വ്യത്യസ്തമായ സ്ത്രീ കഥാപാത്രമായിരുന്നു നിരുപമ. നടിയുടെ വേറിട്ട ഒരു ഗെറ്റപ്പായിരുന്നു ഇത്.മഞ്ജു വാര്യരെക്കൂടാതെ കുഞ്ചാക്കോ ബോബൻ, ലാലു അലക്സ് , കനിഹ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Recommended Video

മലയാള സിനിമയിൽ നിരവധി ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രത്തിൽ മഞ്ജു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം 2019 ൽ ആയിരുന്നു, വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷ് ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. പച്ചൈയമ്മാൾ എന്ന കഥപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു മഞ്ജുവിന്റെ ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ തമിഴിലും മികച്ച ആരാധകരെ സ്വന്തമാക്കാൻ ലേഡി സൂപ്പർ സ്റ്റാറിന് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications