'മകൻ ഭർത്താവ് അച്ഛൻ അഭിനേതാവ് എല്ലാത്തിലും ലക്കി, ഇതൊക്കെ കണ്ട് പഠിച്ചൂടെ ലിഡിയാ...'; വൈറലായി രസകരമായ വീഡിയോ!
ഒരു വിവാഹ ചടങ്ങ് എന്നതിലുപരി മലയാള സിനിമയിലെ താരങ്ങളുടെ റിയൂണിയൻ എന്നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തെ പ്രേക്ഷകർ വിശേഷിപ്പിച്ചത്. സൂപ്പർസ്റ്റാർസ് മുതൽ യുവതാരങ്ങളും സീരിയൽ താരങ്ങളും വരെ സംഗമിച്ച വേദിയായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹവേദി. ഒരുമിച്ച് സിനിമ ചെയ്യുന്നില്ലെങ്കിൽ പല താരങ്ങളും ഇത്തരം ഫങ്ഷനുകളിൽ വെച്ചാണ് വീണ്ടും കണ്ടുമുട്ടുന്നതും സൗഹൃദം പുതുക്കുന്നതുമെല്ലാം. ഭാഗ്യയുടെ താലികെട്ട് ഗുരവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി കുറച്ച് സീനിയർ താരങ്ങൾ മാത്രമാണ് താലികെട്ട് ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് വിവാഹത്തിന് ഗുരുവായൂരിൽ എത്താൻ സാധിക്കാത്തവർക്കായി കൊച്ചയിയിലും തിരുവനന്തപുരത്തും സുരേഷ് ഗോപി റിസപ്ഷൻ ഒരുക്കിയിരുന്നു. അതിൽ കൊച്ചിയിൽ റിസപ്ഷൻ ഒരുക്കിയപ്പോൾ താരങ്ങളുടെ ഒഴുക്കായിരുന്നു.

ഇപ്പോഴിതാ കൊച്ചിയിലെ ഭാഗ്യയുടെ വിവാഹ റിസപ്ഷനിൽ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയിൽ മലയാള സിനിമയിലെ യൂത്തന്മാരായ സൂപ്പർതാരങ്ങൾ ദുൽഖർ സൽമാനും ടൊവിനോ തോമസുമാണുള്ളത്. സോഷ്യൽമീഡിയ വഴിയും മറ്റും കോൺടാക്ടുണ്ടെങ്കിലും നാളുകൾക്ക് ശേഷമാണ് ഇരുവരും പരസ്പരം കാണുന്നതെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.
ഒരുമിച്ചുള്ള ഫോട്ടോ പകർത്തിയും മറ്റും രണ്ടുപേരും വിശേഷങ്ങൾ പരസ്പരം പങ്കുവെക്കുന്നുണ്ടായിരുന്നു. കുടുംബസമേതമാണ് ദുൽഖർ എത്തിയത്. ടൊവിനോയും അതുപോലെ തന്നെ. നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയായതിനാൽ ഇരുവരും ഒരുമിച്ച് ഓൺലൈൻ മീഡിയയ്ക്ക് മുമ്പിൽ പോസ് ചെയ്തു.
അതിനിടയിൽ ദുൽഖറിന്റെ മുടി ഭാര്യ അമാൽ വന്ന് ചീകി ഒതുക്കി. അമാലിന്റെ പ്രവൃത്തി നോക്കിനിന്ന ടൊവിനോ അരികിൽ നിന്ന ഭാര്യ ലിഡിയയോട് എന്തോ കൗണ്ടർ അടിച്ചു. ആ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ടൊവിനോയുടെ കൗണ്ടർ കേട്ട് ലിഡിയയും സമീപത്ത് നിന്ന മിഥുൻ അടക്കമുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണാം.
സംഭാഷണം വ്യക്തമല്ല. അതുകൊണ്ട് തന്നെ ടൊവിനോ അടിച്ച കൗണ്ടറെന്താണെന്നും വ്യക്തമല്ല. എന്നാൽ വീഡിയോ വൈറലായതോടെ ടൊവിനോ പറഞ്ഞ ഡയലോഗ് എന്തായിരിക്കുമെന്ന് ആരാധകർ ഊഹിച്ചെടുത്തു. ലിഡിയ ഇതൊക്കെ കാണുന്നുണ്ടോല്ലോ ലെ..?, കണ്ട് പഠിക്കൂ ലിഡിയാ.., ഡി നീ ഇത് വല്ലതും കാണുന്നുണ്ടോ എന്നാവാനാണ് സാധ്യത എന്നാണ് ഭൂരിഭാഗം പേരും കുറിച്ചത്.

ടൊവിനോയുടെ ആക്ഷൻ ആരാധകർ ഊഹിച്ച് കുറിച്ച ഡയലോഗിനും മാച്ചാണ്. വീഡിയോ വൈറലായതോടെ ചിലർ ശ്രദ്ധിച്ചതും അമാലും ദുൽഖറും തമ്മിലുള്ള സ്നേഹമാണ്. മകൻ ഭർത്താവ് അച്ഛൻ അഭിനേതാവ് തുടങ്ങി ജീവിതത്തിലെ എല്ലാ റോളുകളിലും ലക്കിയാണ് ദുൽഖർ സൽമാൻ എന്നാണ് ഒരാൾ കുറിച്ചത്. 2011ലായിരുന്നു അമാലിന്റെയും ദുൽഖറിന്റെയും വിവാഹം. പിതാവ് മമ്മൂട്ടിയെപ്പോലെ തന്നെ പക്ക ഫാമിലി മാനാണ് ദുൽഖറും.
മുമ്പ് ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഭാര്യ അമാൽ തന്നേക്കാൾ അഞ്ച് വയസിന് ഇളയതാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. താൻ 12-ാം ക്ലാസിൽ പഠിക്കുമ്പോൾ അമാൽ ഏഴാം ക്ലാസിലായിരുന്നുവെന്നാണ് ദുൽഖർ പറഞ്ഞത്. ഇരുവർക്കും മറിയം എന്നൊരു മകളുണ്ട്.
സിനിമയിലേക്ക് എത്തും മുമ്പ് തന്നെ ദുൽഖറിന്റെ വിവാഹം കഴിഞ്ഞിരുന്നു. അതുപോലെ ടൊവിനോ തോമസും പ്രണയിച്ച് വിവാഹിതനായതാണ്. സിനിമയിൽ അറിയപ്പെട്ട് തുടങ്ങുന്നതിന് മുമ്പാണ് ടൊവിനോയും വിവാഹിതനായത്. 2014ലാണ് താരം വിവാഹിതനായത്.
വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാര്യ ലിഡിയയെ ടൊവിനോ സ്വന്തമാക്കിയത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications