നിങ്ങൾ തീരുമാനിച്ചോ എന്ന് പൃഥിരാജ്; സ്ട്രിക്റ്റായ മണിയൻ പിള്ള രാജുവും; പാവാടയുടെ ഷൂട്ടിനിടെ നടന്നത്
സഹസംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ശേഷമാണ് ജി മാർത്താണ്ഡൻ സ്വതന്ത്ര്യ സംവിധായകായി പേരെടുക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു ആദ്യ സിനിമ. പിന്നീട് അച്ഛ ദിൻ, ജോണി ജോണി യെസ് പപ്പ, പാവാട തുടങ്ങിയ സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തു. മാർത്താണ്ഡന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് പാവാട എന്ന ചിത്രമാണ്. 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പൃഥിരാജാണ് നായകനായെത്തിയത്. സിനിമയിലെ പല സീനുകളും ഇന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മാർത്താണ്ഡൻ. ക്ലബ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് ഇദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്. പാവാടയിൽ വർക്ക് ചെയ്യുന്ന സമയത്ത് പൃഥിരാജിനെ ആരുമറിയാതെ മൂന്ന് ദിവസത്തേക്ക് മറ്റൊരു സിനിമയിലേക്ക് വിട്ടിട്ടുണ്ടെന്ന് മാർത്താണ്ഡൻ പറയുന്നു. അന്തരിച്ച തിരക്കഥാകൃത്ത് സച്ചി ആവശ്യപ്പെട്ടത് മൂലമാണ് അങ്ങനെ ചെയ്തതെന്നും സംവിധായകൻ വ്യക്തമാക്കി. നിർമാതാവ് മണിയൻ പിള്ള രാജു ചേട്ടന് പാവടയുടെ ഷൂട്ട് സ്ട്രിക്റ്റായി തുടങ്ങിയേ പറ്റൂ.

നിങ്ങൾ തീരുമാനിച്ചോ എന്ന് പറഞ്ഞാണ് രാജു അഭിനയിക്കാൻ വന്നത്. സച്ചിയുടെ സിനിമ കുറെ ഷെഡ്യൂൾ നീണ്ട് പോയതിന്റെ പ്രശ്നം രാജുവിന് ഉണ്ടായിരുന്നു. രാജു കറക്ടായി വന്ന് പാവാടയിൽ ജോയിൻ ചെയ്തു. ജോയിൻ ചെയ്ത ശേഷമാണ് സഹായിക്കണമെന്ന് പറഞ്ഞ് സച്ചിയേട്ടൻ വിളിക്കുന്നത്.
മണിയൻ പിള്ള രാജു ചേട്ടനാണെങ്കിൽ ഭയങ്കര സ്ട്രിക്റ്റാണ്. ചാർട്ടൊക്കെ അദ്ദേഹത്തിന് കാണാപ്പാഠമാണ്. അവസാനം താൻ സംസാരിച്ച് മൂന്ന് ദിവസം താൻ രാജുവിനെ സച്ചിയേട്ടന്റെ സിനിമയിലേക്ക് വിട്ട് കൊടുത്തു. ഇവിടെയും അവിടെയും പ്രശ്നമുണ്ടായില്ല. പിന്നീട് പാവാടയിൽ കോടതി സീനെടുക്കുമ്പോൾ സച്ചിയേട്ടൻ വന്നു. എന്നെ ചേർത്ത് പിടിച്ച് നന്ദിയുണ്ടെന്ന് പറഞ്ഞു. നന്ദി വേണ്ട ഒരു തിരക്കഥയായിട്ട് തന്നാൽ മതിയെന്ന് പറഞ്ഞു.

തരാമെന്ന് പറഞ്ഞെങ്കിലും കിട്ടിയില്ല. അദ്ദേഹത്തിന്റെ മരണം തനിക്കിന്നും ഒരു നൊമ്പരമാണെന്നും മാർത്താണ്ഡൻ വ്യക്തമാക്കി. തൊട്ട് മുമ്പ് ഇറങ്ങിയ സിനിമ നിരാശപ്പെടുത്തിയതിനാൽ ആത്മവിശ്വാസക്കുറവോടെയാണ് പാവാടയുടെ ഷൂട്ട് തുടങ്ങിയതെന്നും മാർത്താണ്ഡൻ പറയുന്നു. പടം കണ്ടപ്പോൾ ആളുകൾ ഏറ്റെടുക്കുമെന്ന് ഉറപ്പായി. മഞ്ജു വാര്യർ പ്രതിഫലം പോലും വാങ്ങിക്കാതെയാണ് സിനിമയിൽ അതിഥി വേഷം ചെയ്തതെന്നും ജി മാർത്താണ്ഡൻ ചൂണ്ടിക്കാട്ടി.
സിനിമയിൽ പൃഥിരാജിന്റെ തലയിൽ മീൻ ചട്ടി കൊണ്ട് അടിക്കുന്ന രംഗത്തെക്കുറിച്ചും മാർത്താണ്ഡൻ സംസാരിച്ചു. ചട്ടിയുണ്ടാക്കി. ഒറിജിനൽ മീൻ കറി തന്നെ വേണമെന്ന് രാജു പറഞ്ഞിരുന്നു. ആ മണം ഉണ്ടെങ്കിലേ എഫക്ട് കറക്ടാവൂ എന്നാണ് രാജു ഇതിന് കാരണമായി പറഞ്ഞതെന്നും സംവിധായകൻ വ്യക്തമാക്കി. ആ സീൻ കഴിഞ്ഞ് രണ്ട് ദിവസം പൃഥിരാജിന് മീനിന്റെ മണം ഉണ്ടായിരുന്നെന്നും മാർത്താണ്ഡൻ ഓർത്തു.
അസിസ്റ്റന്റ് ഡയറക്ടായിരുന്ന കാലത്തെ അനുഭവങ്ങളും മാർത്താണ്ഡൻ പങ്കുവെച്ചു. ഛോട്ടാ മുംബെെയിൽ ഷക്കീല വരുന്ന രംഗം ഷൂട്ട് ചെയ്യുമ്പോൾ വലിയ ആൾക്കൂട്ടമുണ്ടായിരുന്നെന്ന് സംവിധായകൻ ഓർത്തു. മോഹൻലാൽ സാറിന്റെ ആദ്യത്തെ സീൻ അതായിരുന്നു.
അൻവർ റഷീദ് ഇങ്ങനെ ഷൂട്ട് ചാർട്ട് ചെയ്തതിന് എന്നെ വഴക്ക് പറഞ്ഞിരുന്നു. മണ്ടത്തരം പറ്റിയ ചാർട്ടിംഗായല്ലോ എന്ന് ഞാനും കരുതി. രണ്ടും കൽപ്പിച്ച് ഇറങ്ങി. ലാൽ സാർ വളരെ നന്നായി സഹകരിച്ചു. ആൾക്കൂട്ടത്തെ കണ്ട് അദ്ദേഹം അസ്വസ്ഥനാകുമെന്ന് ഞാൻ കരുതി. പക്ഷെ പുള്ളി അതൊന്നും മൈൻഡ് ചെയ്തില്ല. അത് കുഴപ്പമില്ല, ആളുകൾ കണ്ടോട്ടെയെന്നാണ് പറഞ്ഞതെന്നും മാർത്താണ്ഡൻ വ്യക്തമാക്കി. മഹാറാണിയാണ് മാർത്താണ്ഡന്റെ പുതിയ ചിത്രം.


Click it and Unblock the Notifications