'പൃഥ്വിരാജിന് മോശമായി തോന്നിക്കാണും, ആന്റണി എന്നെ വിളിച്ച് പറഞ്ഞതാണ്; ഇത് നിർബന്ധിച്ച് പറയിപ്പിച്ചത്'
മലയാള സിനിമാ നിർമാണ രംഗത്തെ പ്രതിസന്ധി സംബന്ധിച്ച് നിർമാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ജൂൺ ഒന്നിന് പ്രഖ്യാപിച്ച സിനിമാ സമരത്തെ പലരും അംഗീകരിക്കുന്നില്ല. പ്രൊഡ്യൂസേർസ് അസോസിയേഷനെ പ്രതിനിധീകരിച്ച് കൊണ്ട് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ആന്റണി പെരുമ്പാവൂർ പരസ്യമായി രംഗത്ത് വന്നു. ഒരു അഭിമുഖത്തിൽ എമ്പുരാന്റെ നിർമാണ ചെലവിനെക്കുറിച്ച് ജി സുരേഷ് കുമാർ പരാമർശിച്ചു. ഇതും ഫേസ്ബുക്ക് പോസ്റ്റിൽ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് ജി സുരേഷ് കുമാർ. തന്റെ വാക്കുകൾ പിൻവലിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് പരാമർശം. അനാവശ്യ കാര്യമാണത്. എന്റെ ഭാഗത്ത് നിന്നും ചെറിയ പിഴവ് പറ്റി. ഞാൻ ചോദിച്ചിട്ട് പറയേണ്ടതായിരുന്നു. ഒരു ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞതാണ്. ഞാൻ പറഞ്ഞപ്പോൾ തന്നെ അവരത് റിമൂവ് ചെയ്തു. വളരെ മോശമായിപ്പോയെന്ന് ആന്റണിയാണ് വിളിച്ച് പറഞ്ഞത്.

പൃഥ്വിരാജിന് അത് മോശമായി തോന്നിക്കാണും. അത്രയും ചെലവ് ആ സിനിമയ്ക്ക് വരുന്നില്ല. പുള്ളി ചെയ്ത പടത്തിന് ഇത്രയും ചെലവ് വന്നു എന്ന് പറഞ്ഞാൽ അത് മോശമല്ലേ. എനിക്ക് പറ്റിയ നാക്ക് പിഴയാണത്. അപ്പോൾ തന്നെ തിരുത്താൻ തയ്യാറായെന്നും സുരേഷ് കുമാർ വ്യക്തമാക്കി. പിന്നെയും അത് എടുത്തിട്ടതെന്തിനെന്ന് എനിക്കറിയില്ല.
പുള്ളിക്കാരന് ആരവകാശം കൊടുത്തെന്ന് ചോദിച്ച് പുള്ളി ( ആന്റണി പെരുമ്പാവൂർ) ഒരു പോസ്റ്റിട്ടു. എനിക്കാരും അവകാശം തരേണ്ട കാര്യമില്ല. ആന്റണിയായത് കൊണ്ട് മാത്രമാണ് ഞാൻ വിളിച്ച് പറഞ്ഞ് അപ്പോൾ അഭിമുഖം മാറ്റിയത്. അല്ലെങ്കിൽ മാറ്റേണ്ട കാര്യമില്ല. പിന്നെയും അത് തന്നെ എടുത്ത് വരുന്നത് വേറെ വിവാദമുണ്ടാക്കാനാണ്.

ആന്റണിയല്ല, ആന്റണിയുടെ പിന്നിൽ ആരൊക്കെയോ ഉണ്ട്. താരങ്ങൾ തന്നെയാണ് നിർബന്ധിച്ച് പറയിപ്പിക്കുന്നത്. എനിക്കതിൽ വിഷമവും ഇല്ലെന്നും സുരേഷ് കുമാർ പറയുന്നു. ആന്റണിയെ എത്രയോ കാലമായി കാണുന്നതാണ്. മോശക്കാരനായി ഇപ്പോഴും കാണുന്നില്ല. തനിക്കെതിരെ പോസ്റ്റിട്ടത് കൊണ്ട് അതിൽ മാറ്റം വന്നിട്ടില്ലെന്നും ജി സുരേഷ് കുമാർ വ്യക്തമാക്കി.
അതേസമയം വിവാദമാക്കാൻ പല താരങ്ങളും ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. തന്നെ ലക്ഷ്യം വെച്ചാണെന്ന് നന്നായറിയാം. അത് കാര്യമാക്കുന്നില്ലെന്നും ജി സുരേഷ് കുമാർ വ്യക്തമാക്കി. ഇൻഡസ്ട്രിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. തനിക്ക് വേണ്ടിയല്ലെന്നും ജി സുരേഷ് കുമാർ പറഞ്ഞു. സിനിമാ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ജി സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊഡ്യൂസേർസ് അസോസിയേഷനെ പ്രതിനിധീകരിച്ച് കൊണ്ടാണ് താൻ സംസാരിച്ചത്. സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണിതെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള തുടങ്ങിയ നിർമാതാക്കളും മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും സിനിമാ സമരത്തെ അനുകൂലിക്കുന്നില്ല. താരങ്ങൾ ഉയർന്ന പ്രതിഫലം കുറയ്ക്കുക, ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യം.


Click it and Unblock the Notifications











