ഇവൻ കൊച്ചിനെയും വിളിച്ച് വരുമെന്ന് അറിയാമായിരുന്നെന്ന് അച്ഛൻ; മേനക അന്ന് അഭിനയം നിർത്തിയതുകൊണ്ടുണ്ടായ ഗുണം
വിവാദങ്ങളുടെ നടുവിലാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി രംഗത്ത് വന്നതോടെ സുരേഷ് കുമാറിന് പല ദിക്കിൽ നിന്ന് ഒളിയമ്പുകൾ വരുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ വിമർശനത്തെ പിന്തുണച്ച് മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ രംഗത്ത് വന്നു. വിവാദങ്ങളിലേക്ക് സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷിന്റെ പേരും ചിലർ വലിച്ചിഴക്കുന്നു.
കീർത്തി സുരേഷ് പ്രതിഫലം കുറയ്ക്കാറുണ്ടോ എന്നാണ് ഇവരുടെ ചോദ്യം. അതേസമയം നിർമാതാക്കൾക്ക് ബഹുമാനം നൽകുന്നയാളാണ് കീർത്തിയെന്ന് കഴിഞ്ഞ ദിവസം സുരേഷ് കുമാർ വ്യക്തമാക്കുകയുണ്ടായി. സിനിമയിലെത്തി പത്ത് വർഷം പൂർത്തിയായപ്പോൾ അഭിനയിച്ച സിനിമകളുടെ നിർമാതാക്കൾക്ക് കീർത്തി മൊമന്റോ അയച്ചതും ഇദ്ദേഹം ചൂണ്ടിക്കാട്ടി. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭർത്താവ്. കീർത്തിയെക്കൂടാതെ രേവതി എന്ന മകളും ഇവർക്കുണ്ട്. ഇളയ മകളാണ് കീർത്തി സുരേഷ്.

മേനകയെ വിവാഹം ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുരേഷ് കുമാർ. സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് നിർമാതാവ് മനസ് തുറന്നത്.
ശങ്കറും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സെറ്റിൽ ശങ്കറിനെ കാണാൻ പോകുമ്പോഴാണ് അവളെ (മേനക) കാണുന്നത്. പരിചയപ്പെട്ടു. അന്ന് മേനക ഇഷ്ടം പോലെ സിനിമകൾ ചെയ്യുന്നുണ്ട്. എങ്ങനെ നീ മറക്കും എന്ന പടത്തിന് വന്നപ്പോൾ സുകുമാരി ചേച്ചി എന്നെ പരിചയപ്പെടുത്തി. അന്നും ശങ്കറിനെ കാണാനാണ് അവിടെ പോകുന്നത്. ദേവദാരു പൂത്തു എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോഴാണ് സുകുമാരി ചേച്ചി പരിചയപ്പെടുത്തുന്നത്.
പിന്നീട് പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയിൽ അഭിനയിച്ചു. അങ്ങനെ പ്രണയത്തിലേക്ക് മാറി. എന്റെ അച്ഛന് എതിർപ്പില്ലായിരുന്നു. ഈ ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞത് ഇവൻ ഈ കൊച്ചിനെയും വിളിച്ച് കൊണ്ട് വരുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ്. വിവാഹ ശേഷം മേനക അഭിനയം നിർത്തി. അന്നത് ട്രെൻഡായിരുന്നു. സിനിമയിൽ അഭിനയിക്കേണ്ട എന്നൊന്നും എനിക്കില്ലായിരുന്നു.

അവളുടെ താൽപര്യമായിരുന്നു. അതുകൊണ്ടുള്ള ഗുണം രണ്ട് കുട്ടികളെയും നന്നായി വളർത്താൻ പറ്റി എന്നതാണ്. ഇപ്പോൾ ആരെങ്കിലും വിളിച്ചാൽ ചിലപ്പോൾ മേനക അഭിനയിക്കും. അല്ലെങ്കിൽ അഭിനയിക്കില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. മകൾ കീർത്തി സുരേഷിന് ചെറുപ്പത്തിലേ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. കുബേരനിൽ ബാലതാരമായി കീർത്തി അഭിനയിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.
1987 ഒക്ടോബർ 27 നാണ് സുരേഷ് കുമാറും മേനകയും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം. ആന്റണി തട്ടിൽ എന്നാണ് ഭർത്താവിന്റെ പേര്. ഏറെക്കാലം നീണ്ട പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനമെന്ന് സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ വൈസ് പ്രസിഡന്റാണ് സുരേഷ് കുമാർ. ജൂൺ ഒന്ന് മുതലാണ് സിനിമാ സമരം.


Click it and Unblock the Notifications











