'എല്ലാവരേയും ശിഷ്യരായി സ്വീകരിക്കില്ലായിരുന്നു, ഫീസും വാങ്ങാറില്ല, അറിഞ്ഞ് മാത്രം വിദ്യ വിളമ്പി'; വേണുഗോപാല്‍
പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി.ശശികുമാറിന്റെ വേർപാടുണ്ടാക്കിയ വേദനയിലാണ് സംഗീതലോകം. ശനിയാഴ്ച രാത്രി 7.30ഓടെ ജഗതിയിലെ വർണത്തിലായിരുന്നു എഴുപത്തിനാലുകാരനായ ബി.ശശികുമാറിന്റെ അന്ത്യം. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കർ ബി.ശശികുമാറിന്റെ അനന്തരവനാണ്. ആകാശവാണി ആർട്ടിസ്റ്റുകൂടിയായിരുന്ന ശശികുമാറിന് ധാരാളം ശിഷ്യരുണ്ടായിരുന്നു. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.
ബി.ശശികുമാറിന്റെ ശിഷ്യരിൽ പ്രധാനിയായിരുന്നു പിന്നണി ഗായകൻ ജി. വേണുഗോപാൽ. ബി.ശശികുമാറിന്റെ വേർപാടിനെ തുടർന്ന് ജി.വേണുഗോപാൽ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഫീസും വാങ്ങാതെ വിദ്യ വിളമ്പിയിരുന്ന ഗുരുവായിരുന്നു ബി.ശശികുമാർ എന്നാണ് ജി.വേണുഗോപാൽ പ്രിയ ഗുരുവിന്റെ വേർപാടിന്റെ വേദനയിൽ കുറിച്ചത്.

'ബി.ശശികുമാർ സാർ ഇനി ഓർമ്മകളിൽ മാത്രം... എൻ്റെ ഗുരുക്കന്മാരിൽ അഗാധ പാണ്ഡിത്യമുള്ള ഗുരു ശ്രേഷ്ഠനായിരുന്നു ശശികുമാർ സാർ. തികച്ചും വ്യത്യസ്തനായൊരു സംഗീതജ്ഞൻ... ഗുരു. അറിഞ്ഞ് മാത്രം വിദ്യ വിളമ്പുക എന്നതായിരുന്നു സാറിൻ്റെ രീതി. എല്ലാവരേയും ശിഷ്യരായി അദ്ദേഹം സ്വീകരിക്കില്ലായിരുന്നു.'
'തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരിൽ നിന്നും അദ്ദേഹം ഫീസും വാങ്ങില്ലായിരുന്നു. നാദസ്വര വിദ്വാനായിരുന്ന സ്വന്തം അച്ഛൻ തന്നെയിരുന്നു ശശികുമാർ സാറിൻ്റെ ഗുരു. എൻ്റെ അച്ഛൻ കാശ് വാങ്ങാതെയായിരുന്നു വിദ്യ പകർന്ന് കൊടുത്തിരുന്നത്. അതിനൊരു മാറ്റം ഞാനും വരുത്തില്ലെന്ന് സാർ പറയുമായിരുന്നു. മറ്റാരും പറഞ്ഞ് തരാത്ത സംഗീത സാധന മുറകളായിരുന്നു സാറിൻ്റേത്.'
'ആദ്യം കഠിനമെന്ന് തോന്നുന്ന പാഠങ്ങൾ നിരന്തരം സാധകം ചെയ്യുന്നതിലൂടെ വോക്കൽ റേഞ്ച് മാത്രമല്ല ഓരോ രാഗങ്ങളെക്കുറിച്ചുള്ള ബോധവും വർധിപ്പിക്കുന്ന പാഠഭേദങ്ങളായിരുന്നു ശശികുമാർ സാറിൻ്റേത്. ഗ്രൂപ്പ് ക്ലാസുകളായിരുന്നു സാർ സാധാരണ എടുത്തിരുന്നത്. ഗായകരും വയലിനിസ്റ്റുകളുമൊക്കെ ഒരുമിച്ചിരുന്ന് സാധന ചെയ്യുന്ന ഒരു രീതി. ഓരോ പാഠവും കൃത്യമായി സാർ വയലിനിലൂടെയും പാടിയും പഠിപ്പിച്ചിരുന്നു.'
'കാവാലം ശ്രീകുമാറും കല്ലറ ഗോപനും ശ്രീറാമും ബാലഭാസ്ക്കറുമൊക്കെ ചേർന്നുള്ള ഞങ്ങളുടെ ഗ്രൂപ്പ് സെഷൻസ് ഒരിക്കലും മറക്കാനാകില്ല. ശശികുമാർ സാറിൻ്റെ വേർപാടിലൂടെ കേരളത്തിന് അതിപ്രശസ്തനായ ഒരു വയലിനിസ്റ്റിനേയാണ് നഷ്ടമായിരിക്കുന്നത്. ഞങ്ങൾ ശിഷ്യർക്ക് മഹാപണ്ഡിതനും വാത്സല്യനിധിയുമായ ഗുരുവിനേയും', എന്നാണ് ജി.വേണുഗോപാൽ പ്രിയ ഗുരുവിനെ ഓർത്ത് കുറിച്ചത്.

ജി.വേണുഗോപാലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അതുല്യകലാകാരന് നിത്യാശാന്തി നേർന്ന് എത്തിയത്. എം.കെ ഭാസ്‌കരപ്പണിക്കരുടെയും ജി.സരോജിനിയമ്മയുടെയും മകനായി തിരുവല്ലയിലായിരുന്നു ബി.ശശികുമാറിന്റെ ജനനം. ജി.ശാന്തകുമാരി, ബി.ശ്രീകുമാരി, ബി.ഗിരിജ, സതീഷ് കുമാർ എന്നിവരാണ് സഹോദരങ്ങൾ. സ്വാതിതിരുനാൾ കോളജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായി.
സ്വാതിതിരുനാൾ സംഗീത കോളജിൽ അധ്യാപകനായിരുന്നു. വയലിൻ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും വയലിൻ വായിച്ചിട്ടുണ്ട്. വയലിനിസ്റ്റ് ബാലഭാസ്കർ ഏറ്റവും കൂടുതൽ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുള്ളത് ബി.ശശികുമാറിനെ കുറിച്ചാണ്.
വയലിൻ പഠിപ്പിക്കുമ്പോൾ തന്റെ മടിയിൽ കയറിയിരിക്കുന്ന അനന്തരവന്റെ കുസൃതികൾ ബി.ശശികുമാറും പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. ആ ഓർമകൾ തീരാവ്യഥയായി മരണംവരെ അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അച്ഛൻ സി.കെ ഉണ്ണിക്കൊപ്പം നിയമപോരാട്ടത്തിന് പിന്തുണയുമായി അദ്ദേഹവും ഒപ്പമുണ്ടായിരുന്നു.
ആ ആഗ്രഹം പൂർത്തീകരിക്കായാണ് അദ്ദേഹം മടങ്ങുന്നത്. ബാലഭാസ്കറിന്റെ വേർപാട് സംഭവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴാണ് ബി.ശശികുമാറിന്റെ വേർപാട് സംഭവിച്ചിരിക്കുന്നത്. വയലിൻ എന്ന് കേൾക്കുമ്പോൾ തന്നെ സംഗീതപ്രേമികളുടെ മനസിലേക്ക് ബാലഭാസ്കറിന്റെയും ബി.ശശികുമാറിന്റെയും മുഖം തെളിഞ്ഞ് വരും.


Click it and Unblock the Notifications