നിന്റെ അമ്മയുടെ ത്യാഗമാണ് എന്റെ പാട്ടുകൾ; അന്നെനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു; മകനോട് ജി വേണുഗോപാൽ
അച്ഛനെ പോലെ തന്നെ മകൻ അരവിന്ദും സംഗീത ലോകത്ത് ഇന്ന് പ്രശസ്തനാണ്.
മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് ജി വേണുഗോപാൽ. അനശ്വരമായ ഒരുപിടി ശബ്ദങ്ങൾ ജി വേണുഗോപാലിന്റെ ശബ്ദത്തിൽ പിറന്നു. മികച്ച ഗായകനായിട്ടും അർഹമായ അവസരങ്ങൾ ലഭിക്കാതെ കരിയറിൽ തഴയപ്പെട്ട വ്യക്തിയാണ് വേണുഗാേപാലെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.
യേശുദാസ് മലയാള പിന്നണി ഗാനരംഗത്തെ അവസാന വാക്കായി നിൽക്കുന്ന സമയത്താണ് ജു വേണുഗാപാലിന്റെ കടന്ന് വരവ്, അന്നത്തെ മറ്റു ഗായകരെ പോലെ തന്നെ യേശുദാസിന്റെ താരപ്രഭയിൽ ജി വേണുഗോപാലിനും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.
അതേസമയം ഇദ്ദേഹം പാടിയതിൽ മിക്കതും ജനപ്രിയ ഗാനങ്ങളാണ്. രാരീ രാരീരം രാരോ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ ഹിറ്റ് സൃഷ്ടിക്കാൻ ജി വേണുഗോപാലിന് കഴിഞ്ഞു. വേണുഗോപാൽ പണ്ട് പാടിയ മിക്ക പാട്ടുകളും വ്യത്യസ്തവുമായിരുന്നു. കൂടുതലും മെലഡി ഗാനങ്ങളാണ് ജി വേണുഗോപാൽ പാടിയത്.
അച്ഛനെ പോലെ സംഗീത ലോകത്തേക്കാണ് മകൻ അരവിന്ദ് വേണുഗോപാലും കടന്ന് വന്നത്. ഹൃദയം സിനിമയിലെ നഗുമോ എന്ന ഗാനത്തിലൂടെ വൻ തരംഗം സൃഷ്ടിക്കാൻ അരവിന്ദിന് കഴിഞ്ഞു. രശ്മി വേണുഗോപാലാണ് ജി വേണുഗോപാലിന്റെ ഭാര്യ.

ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് ജി വേണുഗാേപാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മനോരമയിൽ മകൻ അരവിന്ദിനൊപ്പം അഭിമുഖ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി വേണു ഗോപാൽ.
കരിയറിലെ തിരക്കു പിടിച്ച കാലത്തെക്കുറിച്ചും കുടുംബത്തെ മിസ് ചെയ്ത സന്ദർഭങ്ങളെക്കുറിച്ചും വേണുഗോപാൽ സംസാരിച്ചു. നിന്റെ സ്കൂൾ സമയം മുഴുവൻ ഞാൻ വീട്ടിന് പുറത്തായിരുന്നു. ഒരുപാട് കാര്യങ്ങൾ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട്. സ്കൂൾ ഡേ, പാരന്റ്സ് ടീച്ചേഴ്സ് ഡേയൊക്കെ. എന്തായിരുന്നു അന്ന് നിനക്ക് തോന്നിയിരുന്നതെന്ന് ജി വേണുഗോപാൽ മകനോട് ചോദിച്ചു.
എനിക്കാ ജീവിതം ശീലമായിരുന്നു. എല്ലാവരുടെയും ലൈഫ് അങ്ങനെയാണെന്നായിരുന്നു എന്റെ വിചാരം. പക്ഷെ മറ്റുള്ളവരുടെ വീട്ടിൽ അച്ഛൻ രാവിലെ പോയാൽ വൈകുന്നേരം തിരിച്ച് വരും. എനിക്ക് ഓർമ്മ വെച്ച കാലം മുതൽ അച്ഛൻ മിക്കവാറും വീട്ടിലുണ്ടാവാറില്ല. ഷോകളും മറ്റുമായി ട്രാവലിലായിരിക്കുമെന്ന് മകൻ അരവിന്ദ് വേണുഗോപാൽ മറുപടി നൽകി.
'അരവിന്ദിന്റെ ചെറുപ്പക്കാലത്തുണ്ടായ കൗതുകകരമായ ഒരു കാര്യവും ഗായകൻ മകനോടായി പങ്കുവെച്ചു. ഞാനൊരു യാത്ര പോവുകയാണെങ്കിൽ അന്ന് രാത്രി നിനക്കൊരു പനി വരും. വയറ് സുഖമില്ലാതാവലൊക്കെ. അമ്മ പറയുന്നത് നിനുക്കുള്ള ഇൻസെക്യൂരിറ്റി ആണെന്നായിരുന്നു. കുട്ടിക്ക് അത് പറഞ്ഞ് മനസ്സിലാക്കാൻ പറ്റുന്നില്ല'

'പക്ഷെ അതെങ്ങനയോ ഒരു രോഗാവസ്ഥയായി വരുന്നു.അന്ന് വീട്ടിൽ നിന്ന് പോവുന്നതിൽ എനിക്ക് ദുഃഖം തോന്നുമായിരുന്നു. പക്ഷെ വേറെ നിവൃത്തിയില്ല, പക്ഷെ നിന്റെ അമ്മ, എന്റെ ഭാര്യ രശ്മി പറഞ്ഞു വേണു പൊയ്ക്കോളൂ, ഞാൻ വീട്ടിലെ കാര്യങ്ങൾ നോക്കിക്കോളാമെന്ന്'
'ഇതിനിടയിലാണ് നിങ്ങൾ വളർന്നത്. രശ്മിയുടെ ത്യാഗമാണ് എന്റെ നല്ല പാട്ടുകളുടെ അടിസ്ഥാനം,' ജി വേണുഗോപാൽ മകനോടായി പറഞ്ഞു. ഇരുവരും ഒരുപിടി ഗാനങ്ങളും അഭിമുഖ പരിപാടിയിൽ ആലപിച്ചു. ഗായകനെന്നതിനൊപ്പം ഫിലിം മേക്കറാവണെന്ന ആഗ്രഹവും മകൻ അരവിന്ദിനുണ്ട്.
ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും സിനിമാ പഠനം അരവിന്ദ് പൂർത്തിയാക്കിയിട്ടുണ്ട്. അരവിന്ദിന് പുറമെ അനുപല്ലവി എന്ന കളും ജി വേണുഗോപാലിനുണ്ട്. പ്രായം 60 കഴിഞ്ഞെങ്കിലും ജി വേണുഗോപാലിന്റെ ശബ്ദത്തിന് ഇപ്പോഴും പഴയ മാധുര്യമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications











