ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടൻ... ബന്ധുക്കൾ ഉപേക്ഷിച്ചതോട ഗാന്ധിഭവനിൽ, ഗുരുതരാവസ്ഥയിൽ ടി.പി മാധവൻ
ഒട്ടനവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ അനുഗ്രഹീത നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ ടി.പി മാധവൻ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായിരുന്നു ടി.പി മാധവൻ. താരം ചെയ്ത ക്യാരക്ടർ റോളുകൾ എല്ലാം തന്നെ എന്നേക്കും മലയാളിയുടെ മനസിൽ തങ്ങി നിൽക്കുന്നവയാണ്.
വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നടനെ കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടനെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

നടന്റെ സര്‍ജറി പൂര്‍ത്തിയായെന്നും എങ്കിലും ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ പ്രാർത്ഥനകൾ വേണമെന്നും ഗാന്ധിഭവൻ അധികൃതർ സോഷ്യൽമീഡിയ പേജിലൂടെ അറിയിച്ചു. നിരവധി പേരാണ് താരത്തിന് പ്രാർത്ഥനകൾ നേർന്ന് എത്തിയത്. ഉറ്റവർ ഉപേക്ഷിച്ചതിനാൽ മാധവന്റെ സ്വന്തവും ബന്ധവുമെല്ലാം ഗാന്ധി ഭവനിലെ അംഗങ്ങളും അവിടുത്തെ ജീവനക്കാരുമാണ്. ഗാന്ധി ഭവനിൽ എത്തിയശേഷം മറവി രോഗവും നടനെ ബാധിച്ചിട്ടുണ്ട്.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി പിള്ളയുടെ മകനാണ് ടി.പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. പിപ്പ, ഷെഫ്, എയർലിഫ്റ്റ് എന്നിവയാണ് രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. അമ്മയ്ക്കൊപ്പം ബാംഗ്ലൂരിലാണ് രാജകൃഷ്ണമേനോന്‍ പഠിച്ചതും വളര്‍ന്നതും.
മകന് രണ്ടര വയസ് പ്രായമുള്ളപ്പേഴാണ് ടി.പി മാധവന്‍ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമാ മോഹം കൂടിയപ്പോൾ കുടുംബവുമായി പിന്നെ ബന്ധപ്പെട്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് മകനെ കാണണം എന്ന ആഗ്രഹം താരം പറഞ്ഞത്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചുപോയ അച്ഛനെ ഇനി കാണണ്ട എന്ന നിലപാടിലാണ് രാജകൃഷ്ണമേനോന്‍. 2015ൽ ഹരിദ്വാർ യാത്രക്കിടയിൽ താരത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു.
പിന്നീട് തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് കണ്ടെത്തിയതും എട്ട് വര്‍ഷങ്ങൾക്ക് മുമ്പ് ഗാന്ധിഭവനില്‍ എത്തിച്ചതും. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം മെച്ചപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവൻ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു.

1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്. നടൻ സുരേഷ് ഗോപി, കെ.ബി ഗണേഷ്‌കുമാർ, നടി ചിപ്പി ഭര്‍ത്താവ് രഞ്ജിത്ത്, ജയരാജ് വാര്യര്‍, മധുപാല്‍ തുടങ്ങിയ ചുരുക്കം ചില സിനിമാക്കാർ മാധവനെ കാണാൻ ഇടയ്ക്ക് ഗാന്ധി ഭവനിൽ എത്താറുണ്ട്. അടുത്തിടെ മാധവനെ കണ്ടപ്പോൾ വികാരധീനയായാണ് നടി നവ്യ നായർ സംസാരിച്ചത്.
ഗാന്ധി ഭവനിലാണ് മാധവൻ കഴിയുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി പറഞ്ഞത്. നിരവധി സിനിമകളിൽ ടി.പി മാധവനൊപ്പം നവ്യ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











