കടുംപിടുത്തക്കാരനാണെങ്കിലും അങ്ങോട്ട് വിരട്ടിയാൽ മമ്മൂക്ക പേടിച്ച് പോകും, പൊതുവിൽ പുള്ളി ഒരു വല്യേട്ടനാണ്!
നടൻ മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തെ കുറിച്ചും ആദ്യമായി പ്രതികരിച്ച് മന്ത്രിയും നടനുമായ ഗണേഷ് കുമാർ. വയനാട് ടൗണ്‍ഷിപ്പിൽ വെച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. ഒരാളുടെ വായിൽ നിന്നും ഒരു മിസ്റ്റേക്ക് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
കടുംപിടുത്തക്കാരനാണ് മമ്മൂക്ക എന്നൊക്കെ പറയുമെങ്കിലും അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയാണെന്നും പാവമാണെന്നും മന്ത്രി പറയുന്നു. മമ്മൂക്കയ്ക്ക് എതിരെ നടന്ന സൈബർ അറ്റാക്ക് അനാവശ്യമായിരുന്നു. ഓരോരുത്തർക്കും ഓരോ നേച്ചർ അല്ലേ?. അദ്ദേഹത്തിന്റെ നേച്ചർ അനുസരിച്ച് അദ്ദേഹം പറഞ്ഞു. അതൊരു തെറ്റിദ്ധാരണ പരത്തി. അതൊന്നും സാരമില്ല. പോട്ടേ... അദ്ദേഹം ഇത്രയും വലിയൊരു മനുഷ്യനല്ലേ?.

മലയാള സിനിമയ്ക്ക് എത്ര വലിയ സംഭാവനകൾ നൽകിയാളാണ്. ഒരാളുടെ വായിൽ നിന്നും ഒരു മിസ്റ്റേക്ക് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. പ്രായമുള്ള ആളാണ്. അദ്ദേഹം മുതിർന്ന ആളാണ്. അദ്ദേഹം അത് പറഞ്ഞു. അതിൽ തെറ്റുണ്ടോ ശരിയുണ്ടോയെന്ന് വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല. അദ്ദേഹം കേരളത്തിന് ഒരുപാട് സംഭാവനകൾ നൽകിയ അഭിമാനകരമായ ഒരു വ്യക്തിയാണ്.
ആ വ്യക്തിയെ കുറിച്ച് അനാവശ്യമായ ചർച്ചകൾ പാടില്ല. അതൊക്കെ അങ്ങ് വിട്ടേക്കുക. അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജില്ല സെക്രട്ടറിക്കും ഒന്നും സംഭവിക്കില്ല, അദ്ദേഹത്തിനും ഒന്നും സംഭവിക്കില്ല. ജില്ല സെക്രട്ടറി ജില്ല സെക്രട്ടറി അല്ലാതെ ആവുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടും. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ മമ്മൂട്ടിയേയും ഇഷ്ടപ്പെടും.
മമ്മൂക്കയുടെ സ്വഭാവം ഇങ്ങനൊക്കെ തന്നെയാണ്. നമ്മളൊക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് എനിക്കൊരു പ്രശ്നമായി തോന്നിയില്ല. പുള്ളി മുഖത്ത് നോക്കി ഇതുപോലെ ഓരോ കാര്യങ്ങൾ ഇങ്ങനെ പറയും. അത് അത്ര സീരയസായി എടുക്കേണ്ടതില്ല. ദുഷ്ട ലക്ഷ്യത്തോടെ പറയുന്നതല്ല. ദുഷ്ടലാക്കൊന്നുമില്ല. വെറുതെ അങ്ങ് പറയുന്നതാണ്.
കടുംപിടുത്തക്കാരനാണ് മമ്മൂക്ക എന്നൊക്കെ പറയുമെങ്കിലും അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയാണ്. പാവമാണ്. നമ്മൾ വിചാരിക്കുന്നയാളല്ല. ഇങ്ങോട്ട് വിരട്ടുകയൊക്കെ ചെയ്യുമെങ്കിലും അങ്ങോട്ട് ആരെങ്കിലും വിരട്ടിയാൽ പുള്ളി പേടിച്ച് പോകും. ദുഷ്ടനൊന്നുമല്ല പാവമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നിസാരമായി വിടണം. അല്ലാതെ അധിക്ഷേപിക്കേണ്ടതില്ല. ആ വിഷയം സംസാരിക്കേണ്ടതില്ല, ചർച്ച ചെയ്യേണ്ടതില്ല... വിട്ടേക്കുക.

അദ്ദേഹം ഒരു വല്യേട്ടനാണ്. സിനിമയിൽ കാണുന്ന വല്യേട്ടൻ മാത്രമല്ല. പൊതുവിൽ ഒരു വല്യേട്ടനാണ്. എല്ലാവരേയും പുള്ളി അങ്ങനെയങ്ങ് വിരട്ടും എന്നും ഗണേഷ് കുമാർ പറഞ്ഞു. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് ഗണേഷ് കുമാറും മമ്മൂട്ടിയും. പക്ഷെ മോഹൻലാലിനോട് ഉള്ളതുപോലൊരു അടുപ്പം മമ്മൂട്ടിയും ഗണേഷ് കുമാറും തമ്മിൽ ഇല്ല.
മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ് ഞാന്‍. പക്ഷെ പുള്ളിക്ക് എന്നെ അത്ര ഇഷ്ടമില്ല. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. കാരണവും മനസിലായില്ല. പക്ഷെ ഞാന്‍ മമ്മൂട്ടി എന്ന് പറയുന്ന ആളിനെ എന്‍റെ റോള്‍ മോഡലായും നടനെന്ന നിലയിലും കണ്ടിട്ടുള്ള ആളായിരുന്നു. പിന്നീട് പുള്ളി നമ്മളോട് അകന്നു. അതൊന്നും കുഴപ്പമില്ല.
ഞങ്ങളിപ്പോള്‍ അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തില്‍ അധികമായി എന്നായിരുന്നു ഗണേഷ് കുമാർ മുമ്പൊരിക്കൽ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാൻ വരുമ്പോൾ പോലും ഇരുവരും മിണ്ടാറില്ലത്രെ.


Click it and Unblock the Notifications

















