12 മിനുട്ടോളം മരവിച്ച് പോയോ? നായകന്റെ വാദത്തിന് പിന്നാലെ ഗൗരി; പ്രതീക്ഷിച്ചവർ സപ്പോർട്ട് ചെയ്തില്ലെന്ന് നടി
അദേർസ് എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ മാധ്യമപ്രവർത്തകനിൽ നിന്നും ബോഡി ഷെയ്മിംഗ് നേരിട്ടപ്പോൾ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷനെ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. ചുറ്റും കൂടിയ ജേർണലിസ്റ്റുകളെല്ലാം എതിരെ നിന്നിട്ടും ഗൗരി ഒറ്റയ്ക്ക് തക്ക മറുപടി നൽകി. സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി കിഷനിപ്പോൾ. സംഭവം നടക്കുമ്പോൾ നായക നടനും സംവിധായകനും മൗനം പാലിച്ചതിൽ ഗൗരി വിമർശനം ഉന്നയിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ സംസാരിക്കുകയായിരുന്നു നടി.
ഒരാളുടെ ആത്മവിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണിത്. ഇതിന് മുന്നേ കഴിഞ്ഞയാഴ്ച നടന്ന പ്രസ് മീറ്റിൽ ഹീറോയോട് എന്റെ വെയ്റ്റിനെക്കുറിച്ച് തമാശയ്ക്ക് കമന്റ് പറഞ്ഞു. രണ്ട് മണിക്കൂർ നേരമുള്ള പരിപാടിയിൽ എന്നോട് സിനിമയെക്കുറിച്ചോ ഞാൻ ചെയ്ത കഥാപാത്രത്തെക്കുറിച്ചോ ഒന്നും ചോദിക്കാതെ ഇങ്ങനെ പറഞ്ഞു. അന്ന് അത്രയും സീനാക്കേണ്ട, എന്റെ പടത്തിനെ അത് ബാധിക്കുമോ എന്ന് ചിന്തിച്ചു. പ്രോസസ് ചെയ്യാൻ വേണ്ടി കുറച്ച് സമയമെടുത്തു. അത് കഴിഞ്ഞ് ഇന്റർവ്യൂവിൽ ഇത് ചോദിച്ചപ്പോൾ ഞാൻ പ്രതികരണം കൊടുത്തിരുന്നു. അതിന്റെ ബാക്ക് ഫയറാണ് ഇന്നലെ നടന്ന പ്രസ്മീറ്റിലുണ്ടായത്.

പുള്ളിയുടെ ഈഗോ ഹിറ്റായത് സംസാരിച്ചു. നിങ്ങൾക്കെന്തറിയാം എന്റെ 31 വർഷത്തെ ജേർണലിസം എക്സ്പീരിയൻസിനെക്കുറിച്ച് എന്നെല്ലാം ചോദിച്ചു. എന്റെ അഭിപ്രായത്തിൽ ഇതൊന്നുമല്ല ജേർണലിസം. എന്റെ കോളേജ് ഡിഗ്രി ജേർണലിസമായിരുന്നു. അത്രയും ബഹുമാനം കൊടുക്കുന്ന ഇൻഡ്സ്ട്രിയുടെ പേര് വെച്ച് ഇങ്ങനെയുള്ള മോശം കമന്റിനെ നമ്മൾ നോർമലെെസ് ചെയ്യാൻ പാടില്ല. ഇതൊരിക്കലും ഒരു ഹീറോയോടോ പുരുഷ കഥാപാത്രം ചെയ്യുന്ന ആരോടും ചോദിക്കില്ല.
സ്ത്രീയായത് കൊണ്ട് മാത്രം അവർക്ക് എന്ത് അർഹതയാണ് ഇത് ചോദിക്കാനുള്ളത്. ഒരു മുറി മുഴുവൻ പുരുഷൻമാർ മാത്രമുള്ള സ്ഥലത്ത് ഞാൻ ഒറ്റ സ്ത്രീയായി എനിക്ക് വേണ്ടി നിൽക്കേണ്ടി വന്നു. സ്ത്രീകൾ അവർക്ക് വേണ്ടി നിൽക്കണം. ഇനിയൊരു നടി ഇത് അഭിമുഖീകരിക്കാൻ പാടില്ല. നാളെക്കൊണ്ട് തീരും എന്നല്ല ഞാൻ പറയുന്നത്. ഇങ്ങനെയുള്ളവർ ചിലപ്പോൾ ഇനിയും തുടരും. പക്ഷെ എന്റെ ഡ്യൂട്ടിയായി എനിക്ക് തോന്നി. ഞാൻ പ്രതികരിച്ചില്ലെങ്കിൽ അതൊരു വലിയ തെറ്റായേനെ.

പക്ഷെ 10-12 മിനുട്ട് നടന്ന സംഭവത്തിൽ എന്താണ് എന്നെ ആരും സപ്പോർട്ട് ചെയ്യാത്തത്, ഞാൻ പറയുന്നത് തെറ്റാണോ എന്നും ഞാൻ ചിന്തിച്ചു. രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞ് മെസേജുകളും ഇൻഡസ്ട്രിയിൽ നിന്നുള്ള സോളിഡാരിറ്റിയും കിട്ടുമ്പോഴാണ് ഞാൻ ചെയ്തത് ശരിയാണെന്ന് മനസിലായത്. പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന ആൾക്കാർ നമ്മളെ സപ്പോർട്ട് ചെയ്യില്ല. പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ. നിരാശപ്പെടുത്തിയ സംഭവമായിരുന്നു. പക്ഷെ ഇത് സംസാരിക്കപ്പെടണമെന്ന് താൻ വിശ്വസിക്കുന്നെന്നും ഗൗരി കിഷൻ വ്യക്തമാക്കി.
ഒപ്പമുള്ളവരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നെങ്കിൽ കുറേക്കൂടി എളുപ്പമായേനെ. സംവിധായകനോടാണ് എന്റെ ഭാരത്തെക്കുറിച്ച് ചോദിച്ചത്. ഈ കാരണം കൊണ്ടാണ് ഗൗരിയെ കാസ്റ്റ് ചെയ്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ അവിടെ തീർന്നേനെ. പക്ഷെ അവരുടെ ആദ്യ സിനിമയാണ് എന്നാണ് ഇതേക്കുറിച്ച് അവർ പറഞ്ഞത്. സംവിധായകനെയും ആക്ടറെയും കുറ്റപ്പെടുത്തുന്നില്ല. പല സാഹചര്യത്തിലും നമ്മൾ ഫ്രീസ് ആകും. ഇത് പക്ഷെ 10-12 മിനുട്ടുള്ള ഫ്രീസിംഗ് എനിക്കത്ര ഡിഫൻസായി തോന്നുന്നില്ല. അവർ സേഫ് കളിച്ചു. അത് അംഗീകരിച്ച് ക്ഷമ പറഞ്ഞാൽ കുഴപ്പമില്ലെന്നും ഗൗരി കിഷൻ പറഞ്ഞു. പ്രശ്നം നടക്കുമ്പോൾ മരവിച്ച് പോയെന്നും അത് കൊണ്ടാണ് പ്രതികരിക്കാഞ്ഞതെന്നും അദേഴ്സിലെ നായക നടൻ ആദിത്യ മാധവൻ പറഞ്ഞിരുന്നു. സംഭവത്തിൽ ക്ഷമ പറയുകയും ചെയ്തു.


Click it and Unblock the Notifications











