'അയാള്‍ കാണിക്കുന്നതൊക്കെ എന്റടെയ്ൻ ചെയ്യിക്കാന്‍, എന്നെ കാണാൻ വന്നപ്പോൾ ഷൈൻ അങ്ങനെയായിരുന്നില്ല'; സുരേഷ്!
അഭിനയ മോഹവുമായി പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന ഒരു പയ്യൻ സംവിധായകൻ കമലിന്റെ കൂടെ സംവിധാന സഹായിയായി തുടങ്ങുകയും തുടർന്ന് സിനിമയിൽ ചുവടുറപ്പിച്ച് വരുന്ന സമയത്ത് ലഹരി കേസിൽ പെട്ട് ജയിലിലാകുകയും അതിനുശേഷം അതുവരെയുണ്ടായിരുന്ന അഭിനയ പ്രകടനങ്ങളിൽ നിന്ന് മാറി ഏറെ നിലവാരത്തിൽ കൂടുതൽ മികച്ച കഥാപാത്രങ്ങളുമായി വീണ്ടും മലയാളത്തിൽ സ്ഥാനമുറപ്പിക്കുകയും ചെയ്ത നടനാണ് ഷൈൻ ടോം ചാക്കോ.
താരത്തിന്റെ അഭിനയ ജീവിതം ഓരോ സിനിമാ പ്രേമിക്കും കൗതുകം പകരുന്നതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അഭിമുഖങ്ങൾ വഴി ആരാധകരെ സമ്പാദിച്ച ഒരു നടനും ഷൈൻ തന്നെയാണ്. മലയാളവും കടന്ന് തെലുങ്കിൽ വരെ എത്തിനിൽക്കുന്ന ഷൈനിന്റെ അഭിമുഖങ്ങൾ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്.

മനപൂർവം ഷൈൻ കോമളിയായി പെരുമാറുന്നതായി തോന്നുന്നുവെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനാലാണ് ഒരു നടനും പെരുമാറാത്ത തരത്തിൽ ഷൈൻ അഭിമുഖങ്ങളിൽ പെരുമാറുന്നതെന്നായിരുന്നു മറ്റൊരു വിഭാഗം പറഞ്ഞത്.
അഭിമുഖത്തിനിടെ ഫോണും മൈക്കും എല്ലാം എറിഞ്ഞും മാധ്യമങ്ങളെ കാണാതെ ഇറങ്ങിയോടിയുമെല്ലാം ഷൈൻ പലവട്ടം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. പക്ഷെ എല്ലാവരും പറയുന്നത് പോലൊരു ഷൈനിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടൻ സുരേഷ് ഗോപി.
ഒരിക്കൽ പോലും അത്തരത്തിൽ ഷൈൻ തന്നോട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ലെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു. 'എനിക്ക് ഷൈന്‍ ടോം ചാക്കോയെ ഭയങ്കര ഇഷ്ടമാണ്. എന്റെ വിശ്വാസത്തില്‍ അയാള്‍ ഈ കാണിക്കുന്നതൊക്കെ മറ്റുള്ളവരെ എന്റടെയ്ൻ ചെയ്യിക്കാന്‍ വേണ്ടിയാണ്.'
'കാരണം അയാള്‍ എന്നെ കാണാന്‍ രണ്ട് തവണ വന്നിട്ടുണ്ട്. ഈ രണ്ട് സമയത്തും ഞാന്‍ അയാളില്‍ അങ്ങനെയൊന്നും കണ്ടിട്ടില്ല. അപ്പോള്‍ ഞാന്‍ ഇയാളെന്താണ് ഇങ്ങനെയെന്ന് ചിന്തിക്കും. ഞങ്ങള്‍ പരസ്പരം കണ്ട ശേഷം അയാള്‍ കൊടുത്ത ഇന്റര്‍വ്യൂവിൽ ഞാന്‍ കണ്ടിട്ടുള്ളത് കൈ കുത്തി തറയില്‍ വീഴുന്നതും ഫോണ്‍ എറിഞ്ഞു പിടിക്കുന്നതുമൊക്കെയാണ്.'

'ഞാന്‍ പറഞ്ഞ് വരുന്നത്... പലപ്പോഴും എനിക്ക് അയാളുടെ പ്രേതം കയറാറുണ്ടെന്നാണ്. ബിജുവുമായി ഈ പടത്തിന്റെ പ്രമോഷന് വേണ്ടി ഇരിക്കുമ്പോള്‍ എന്നില്‍ കുറച്ച് ഷൈന്‍ ടോം ചാക്കോയെ പ്രതീക്ഷിക്കാമെന്നുമാണ്', സുരേഷ് ഗോപി പറഞ്ഞത്.
ഗരുഡൻ സിനിമയുടെ പ്രമോഷനായി എത്തിയപ്പോഴാണ് സുരേഷ് ഗോപി ഷൈൻ ടോം ചാക്കോയെ കുറിച്ച് സംസാരിച്ചത്. 2020 കഥ കേട്ട് ഓക്കെ പറഞ്ഞതാണെന്നും എന്നാൽ ബിജു മേനോന് സമയം ഇല്ലാതിരുന്നതിനാൽ ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗരുഡന് വേണ്ടി സമയം മാറ്റി വെച്ച് നിന്നപ്പോഴൊന്നും ബിജു മേനോൻ വന്നില്ലെന്നും അതുകൊണ്ട് തന്നെ ആ സമയങ്ങളിൽ മറ്റ് സിനിമകൾ തനിക്ക് ചെയ്യാൻ പറ്റാതെ വീട്ടിലിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മനപൂർവം ഡേറ്റ് കൊടുക്കാതെ ഇരുന്നതല്ലെന്നായിരുന്നു ബിജു മേനോൻ സുരേഷ് ഗോപിക്ക് നൽകിയ മറുപടി. അഭിരാമിയാണ് ഗരുഡനിൽ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്.


Click it and Unblock the Notifications