96 ൽ എന്നെ തെരഞ്ഞെടുത്തിരുന്നില്ല; തൃഷയുമായി ചേർന്നില്ല; സിനിമയ്ക്ക് പിന്നിൽ സംഭവിച്ചത്; ഗൗരി കിഷൻ
96 എന്ന സിനിമയിലൂടെ വൻജനശ്രദ്ധ നേടിയ നടിയാണ് ഗൗരി കിഷൻ. 2018 ൽ റിലീസ് ചെയ്ത സിനിമ തമിഴകത്തെ ഏറ്റവും ജനപ്രിയ പ്രണയ സിനിമകളിൽ ഇന്നും മുൻനിരയിൽ തുടരുന്നു. തൃഷ, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഇവരുടെ ചെറുപ്പകാലമാണ് ഗൗരി കിഷനും ആദിത്യ ഭാസ്കറും അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ അവിസ്മരണീയ പ്രകടനം ഗൗരി കാഴ്ച വെച്ചു. ജാനു എന്ന കഥാപാത്രമായാണ് ഇന്നും ഗൗരിയെ പ്രേക്ഷകർ കാണുന്നത്. തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി ഗൗരി മാറുമെന്ന് 96 കണ്ട ഏവരും പറഞ്ഞു.
96 ന് ശേഷം അത്രയും ഹിറ്റായ മറ്റൊരു സിനിമ ഗൗരിക്ക് ലഭിച്ചിട്ടില്ല. അതേസമയം നടി സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ലിറ്റിൽ മിസ് റാവുത്തറാണ് ഗൗരി കിഷന്റെ പുതിയ സിനിമ. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഗൗരി കിഷൻ പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 96 എന്ന സിനിമയിലേക്ക് തനിക്ക് അവസരം കിട്ടിയതിനെക്കുറിച്ചാണ് നടി സംസാരിച്ചത്.

സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നല്ല പോലെ പഠിക്കുമായിരുന്നു, നേതൃപാടവവും ഉണ്ടായിരുന്നു. അമ്മയും അച്ഛനും ഞങ്ങളെ സിനിമകൾ കാണിച്ചു. ചെന്നെെയിൽ സിനിമകളല്ലാതെ വലിയ എന്റർടെയ്ന്റ്മെന്റ് ഒന്നുമില്ല. ശനിയും ഞായറും ഏതെങ്കിലും പടത്തിന് പോയിരിക്കും. ബന്ധുക്കൾ കളിയാക്കാൻ തുടങ്ങി. എവിടെയെങ്കിലും വൈകിയെത്തിയാൽ എന്താ തിയറ്ററിൽ ആയിരുന്നോ എന്ന് ചോദിക്കും. എനിക്ക് അഭിമുഖങ്ങൾ കാണാനിഷ്ടമായിരുന്നു.
96 ന്റെ അവസരം വന്നത് ഞാൻ സ്കൂളിൽ ആയിരുന്നപ്പോഴാണ്. എനിക്ക് പോകണം എന്നില്ലായിരുന്നു. ബോർഡ് എക്സാം ആയിരുന്നു. പോയി നോക്ക് എന്ന് അച്ഛൻ പറഞ്ഞു. പോയി ബർത്ത് ഡേ സീൻ ഓഡിഷൻ ചെയ്തു. പക്ഷെ എനിക്ക് കിട്ടിയില്ല. തൃഷയും ഞാനും ഫിസിക്കലി ചേർച്ചയില്ല എന്നായിരുന്നു കാരണം. എട്ട് മാസം എനിക്ക് കോളുകൾ വന്നില്ല.

ഞാൻ മറന്നിരുന്നു. കോളേജിൽ ആദ്യ വർഷം ആസ്വദിക്കവെയാണ് തിരിച്ച് വരണം നാലഞ്ച് റൗണ്ട് ബാക്കിയുണ്ട് എന്ന് പറഞ്ഞ് വിളിക്കുന്നത്. 28 ദിവസത്തെ ഷൂട്ട് ആണ്. എന്നും സ്കൂളിൽ പോകുന്നത് പോലെ രാവിലെ മുടിയൊക്കെ കെട്ടി പോകും. സംവിധായകൻ പ്രേം സർ ചില സീനൊക്കെ കഴിഞ്ഞ് എന്നെ നോക്കും. എങ്ങനെ എനിക്കത് ചെയ്യാൻ കഴിഞ്ഞെന്ന്. അതെനിക്കൊരു വാലിഡേഷൻ തന്നിരുന്നെന്നും ഗൗരി ഓർത്തു. ഇപ്പോഴും 96 ലെ ജാനുവായാണ് പ്രേക്ഷകർ തന്നെ ഓർക്കുന്നതെന്നും സിനിമയുടെ സ്വാധീനം അവഗണിക്കാൻ പറ്റില്ലെന്നും ഗൗരി കിഷൻ വ്യക്തമാക്കി.
ഉയരമില്ലാത്തതിന്റെ ഇൻസെക്യൂരിറ്റി എനിക്ക് തോന്നിയിട്ടുണ്ട്. അമ്മയോട് പറഞ്ഞപ്പോൾ നിനക്കുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാൻ പറഞ്ഞു. ഇപ്പോഴും ഉയരമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ പലരും നമ്മളെ കൊച്ചാക്കും. എന്നാൽ ഇപ്പോൾ ഉയരമില്ലാത്തത് വലിയ കാര്യമല്ലെന്നാണ് തോന്നുന്നതെന്നും ഗൗരി കിഷൻ വ്യക്തമാക്കി.
ഒക്ടോബർ ആറിനാണ് ഗൗരിയുടെ പുതിയ ചിത്രം ലിറ്റിൽ മിസ് റാവുത്തർ റിലീസ് ചെയ്യുന്നത്. ഹൃദയം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെർഷയാണ് ലിറ്റിൽ മിസ് റാവുത്തറിലെ നായകൻ. ഷെർഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും. അനുരാഗം ആണ് ഇതിന് മുമ്പ് മലയാളത്തിൽ റിലീസ് ചെയ്ത ഗൗരിയുടെ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications











