കാക്ക കാക്കയും വാരണമായിരവുമെല്ലാം ചെയ്തത് ഞാനല്ലേ?, സൂര്യ എന്നെ വിശ്വസിച്ചില്ല, ആ സംഭവം വേദനിപ്പിച്ചു!
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. വിണ്ണയ് താണ്ടി വരുവായ, കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണമായിരം എന്നീ സിനിമകളൊക്കെ ഇപ്പോഴും ആവർത്തിച്ച് കാണുന്നവരാണ് മലയാളികൾ അടക്കമുള്ള പ്രേക്ഷകർ. പാതി മലയാളിയായ ഗൗതം രാജീവ് മേനോന്റെ സഹായിയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. മിന്നലേ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
പിന്നീടാണ് കാക്ക കാക്ക, വാരണം ആയിരം, വേട്ടയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ, എന്നെ നോക്കി പായും തോട്ട തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഗൗതം മേനോന്റെ ഏറ്റവും പുതിയ സിനിമ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സാണ്. മമ്മൂട്ടിയാണ് നായകൻ. ആദ്യമായി മലയാളത്തിൽ ഗൗതം മേനോൻ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്.

മമ്മൂട്ടി തന്നെയാണ് നിർമ്മാണവും. സിനിമയുടെ പ്രമോഷനുമായി സജീവമാണ് ഗൗതം. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു സിനിമയുടെ സ്ക്രിപ്റ്റ് പറഞ്ഞപ്പോൾ സൂര്യ അത് ചെയ്യാൻ വിസമ്മതിച്ചത് തന്നെ വിഷമിപ്പിച്ചുവെന്നാണ് ഗൗതം മേനോൻ പറഞ്ഞത്.
ധ്രുവനച്ചത്തിരം സിനിമയുടെ കഥയാണ് താൻ സൂര്യയോട് പറഞ്ഞതെന്നും ഗൗതം വെളിപ്പെടുത്തി. ഞാൻ സൂര്യയോട് ധ്രുവനക്ഷത്രത്തിൻ്റെ കഥ പറഞ്ഞിരുന്നു. അദ്ദേഹം കഥ കേട്ട് ഈ സിനിമയുടെ റഫറൻസ് എന്താണെന്ന് ചോദിച്ചു. ഇത് എൻ്റെ ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞ സിനിമയാണെന്നും റഫറൻസില്ലെന്നും ഞാൻ സൂര്യയോട് പറഞ്ഞു.
ധ്രുവനച്ചത്തിരം ലോകമെമ്പാടുമുള്ള ആരാധകർ കാണണമെന്ന് കരുതി ഞാൻ എടുത്ത സിനിമയാണ്. സൂര്യ ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് കൂടുതൽ ആലോചിക്കാൻ പാടില്ലായിരുന്നു. കാക്ക കാക്ക, വാരണമായിരം സിനിമകളിൽ അദ്ദേഹം എന്നെ പൂർണമായി വിശ്വസിച്ചു. പക്ഷെ ഈ സിനിമയിൽ അദ്ദേഹം വിശ്വസിച്ചില്ല. ഈ സിനിമയുടെ നിർമ്മാതാവും ഞാനായിരുന്നു. ധ്രുവനച്ചത്തിരത്തിൽ അഭിനയിച്ചാൽ എന്ത് സംഭവിക്കാനാണ്.
അടുത്ത സിനിമാ അവസരം സൂര്യയ്ക്ക് വരാതിരിക്കില്ലല്ലോ. പക്ഷെ അദ്ദേഹം എന്നെ വിശ്വസിച്ചില്ല. കാക്ക കാക്ക, വാരണമായിരം തുടങ്ങിയ ചിത്രങ്ങൾ തന്ന സംവിധായകനെ അദ്ദേഹം വിശ്വസിച്ചില്ല. ഞാൻ ഒന്നും ചോദിച്ചിട്ടില്ല ഒരു ഉപകാരമായി പോലും. എന്തുകൊണ്ടാണ് ധ്രുവനച്ചത്തിരത്തെ കുറിച്ച് എനിക്ക് ഇപ്പോഴും അത്ര ഉറപ്പുള്ളതെന്ന് ചോദിച്ചാൽ കാരണം സിനിമ കഴിഞ്ഞ ആഴ്‌ച ചിത്രീകരിച്ചതായി കണ്ടാൽ തോന്നും എന്നതാണ്.

മദഗജരാജയുടെ റിലീസിന് ശേഷം എനിക്ക് കൂടുതൽ ആത്മവിശ്വാസവും ഉന്മേഷവും തോന്നുന്നുണ്ട് ധ്രുവനച്ചത്തിരത്തിൽ. ഞാൻ ധ്രുവനച്ചത്തിരം ഉണ്ടാക്കിയത് പണത്തിന് വേണ്ടിയല്ല. സിനിമയ്ക്ക് ലോകനിലവാരം നൽകണമെന്ന ആഗ്രഹത്തിന്റെ പുറത്താണ്. അത്രയേയുള്ളൂ. താൻ അഭിനയിക്കില്ലെന്ന് സൂര്യ പറഞ്ഞത് എന്നെ വിഷമിപ്പിച്ചുവെന്ന് പറഞ്ഞാണ് ഗൗതം മേനോൻ അവസാനിപ്പിച്ചത്.
ചിയാൻ വിക്രമിന്റെ ആരാധകർ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന സിനിമയാണ് ധ്രുവനച്ചത്തിരം. 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചു. പിന്നീട് ഒരിടവേളയ്ക്കുശേഷമാണ് വീണ്ടും ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications