വിവാഹമോചിതരായത് പരസ്പര സന്തോഷത്തിന് വേണ്ടി, ഞങ്ങൾക്കിടയിൽ നല്ലത് സൗഹൃദം; മുൻ ഭർത്താവിനെ കുറിച്ച് ഗൗതമി!
സെക്കന്റ് ഷോ എന്ന സിനിമ മലയാളികൾക്ക് സമ്മാനിച്ചത് ദുൽഖർ സൽമാൻ എന്ന സൂപ്പർ താരത്തെ മാത്രമല്ല ഗൗതമി നായർ എന്ന പ്രതിഭയെ കൂടിയാണ്. ഇരുപതുകളുടെ തുടക്കത്തിൽ ലഭിച്ച കഥാപാത്രം വളരെ പക്വതയോടെയാണ് ഗൗതമി കൈകാര്യം ചെയ്തത്. ഡയമണ്ട് നെക്ലേസ് ചെയ്തശേഷമാണ് പ്രേക്ഷക മനസിൽ നടിക്ക് സ്ഥാനം ലഭിച്ചത്. സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല ചെറിയ പ്രായത്തിൽ അഭിനയത്തിലേക്ക് എത്തിയതുകൊണ്ട് സിനിമ എനിക്ക് പുതിയ അനുഭവമായിരുന്നു.
കുറച്ച് നാൾ കഴിഞ്ഞ് സിനിമ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചിന്തയും ഉണ്ടായിരുന്നു. പഠനം പൂർത്തിയാക്കണം എന്നത് അമ്മയ്ക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. അതിനാലാണ് സിനിമ ഇല്ലാത്തപ്പോൾ പഠിക്കുന്നതും പഠനത്തിന് ഇടയിൽ സിനിമ വന്നാൽ ചെയ്യുന്നതും ഗൗതമി പറയുന്നു.

തുടർച്ചയായി സിനിമ കിട്ടാതെ വരുമ്പോൾ വിഷമം അനുഭവപ്പെടാറുണ്ട്. വീട്ടിൽ ഫ്രീയായി ഇരിക്കുകയാണ് ആ സമയത്തെങ്കിൽ കൂടുതൽ വിഷമം തോന്നിയേനെ. പക്ഷെ അത്തരത്തിലുള്ള സമയങ്ങളിൽ ഞാൻ പഠനത്തിലാണ് ശ്രദ്ധ കൊടുക്കാറ്. സൈക്കോളജിയാണ് പഠിക്കുന്നത്. അവിടെ പഠിക്കുന്നത് ഹ്യൂമൺ ബിഹേവിയറാണ്. അത് സിനിമയിൽ അഭിനയിക്കുമ്പോൾ പ്രയോചനപ്പെടാറുമുണ്ട്.
സൈക്കോളജി പഠിച്ചത് ഒരു തരത്തിൽ പറഞ്ഞാൽ ജീവിതത്തെ എളുപ്പമാക്കിയിട്ടുണ്ട്. അത് പഠിച്ചത് വലിയൊരു അനുഗ്രഹമായി തോന്നിയിട്ടുണ്ട്. എന്നെ എനിക്ക് കുറച്ചുകൂടി മനസിലാക്കാൻ പറ്റി. ജീവിത്തെ നോക്കി കാണുന്ന രീതി ഒരുപാട് മാറും. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണം, സന്തോഷിക്കേണ്ട അവസരങ്ങൾ വരുമ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി നല്ലൊരു ബാലൻസ് തുടർന്ന് കൊണ്ടുപോകാൻ കഴിയും.
സ്കൂളുകളിൽ നിർബന്ധമായും സൈക്കോളജി ഒരു സബ്ജെക്ടായി ഉൾപ്പെടുത്തിയാൽ നല്ലതാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. കാരണം സൈക്കോളജിയിലെ കുറച്ച് കാര്യങ്ങൾ ആളുകൾ പഠിക്കുകയാണെങ്കിൽ തന്നെ ജീവിതത്തിലെ പല പ്രശ്നങ്ങളേയും നേരിടാൻ കഴിയും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗൗതമി പറഞ്ഞു. സിനിമയിലുള്ള എന്റെ സൗഹൃദങ്ങളെ സെക്യൂരിറ്റിയായോ പ്രിവിലേജായോ കാണാറില്ല.
എനിക്ക് അടുപ്പമുള്ള സുഹൃത്ത് കഥയുമായി വന്നാലും അത് സ്വീകരിക്കും മുമ്പ് എന്റെ കരിയറും കാര്യങ്ങളും നോക്കണം. ഗുണം ചെയ്യുമോ എന്നത്. ജോലിയെ ജോലിയായും ബന്ധങ്ങളെ ബന്ധങ്ങളായും സൂക്ഷിക്കുന്നയാളാണ് ഞാൻ കൂട്ടിക്കുഴയ്ക്കാറില്ല. സെറ്റിലെ പ്രശ്നം പോലും സെറ്റിന് പുറത്തേക്ക് ഞാൻ കൊണ്ടുവരാറില്ല.

ആരെയും ഗോ ടു ഓപ്ഷനായി വെച്ചിട്ടില്ല എന്നാണ് ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കവെ നടി പറഞ്ഞത്. വിവാഹമോചനത്തിലേക്ക് എത്തിയതിനെ കുറിച്ചും നടി മനസ് തുറന്നു. സെക്കന്റ് ഷോ സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനേയാണ് ഗൗതമി വിവാഹം ചെയ്തത്. 2017ൽ ആയിരുന്നു വിവാഹം. മൂന്ന് വർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു.
പ്രത്യേയശാസ്ത്രപരമായ വ്യത്യാസങ്ങളാണ് പിരിയാൻ കാരണമെന്ന് നടി പറഞ്ഞു. ശ്രീനാഥുമായി ഇപ്പോഴും സൗഹൃദം നിലനിർത്താൻ സൈക്കോളജി പഠനവും പ്രയോജനപ്പെട്ട് കാണും. ഡിവോഴ്സ് എന്ന പൊതുവെ ഒന്നും എന്റെ വീട്ടിലുള്ളവർ വലിയ സംഭവമായി കാണാറില്ല. എനിക്കും ചേച്ചിക്കും എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം മാതാപിതാക്കൾ നൽകിയിട്ടുണ്ട്.
കുടുംബക്കാരെല്ലാം ഈ ഒരു ആറ്ററ്റ്യൂഡ് ഉള്ളവരാണ്. എന്തെങ്കിലും കാര്യം തീരുമാനിക്കുമ്പോൾ വേണോ വേണ്ടയോ എന്നത് അവർ പറയും. എന്നിട്ടും ചെയ്യണമെന്ന് തന്നെയാണ് എന്റെ തീരുമാനമെങ്കിൽ അവർ പിന്തുണയ്ക്കും. അടിയായതുകൊണ്ട് മാത്രമാണ് രണ്ട് പേർ പിരിയുന്നത് എന്നില്ല. പ്രത്യേയശാസ്ത്രപരമായ വ്യത്യാസങ്ങളാണ് പിരിയാൻ കാരണം.
എനിക്ക് എന്റെ ജീവിതം ഒരു രീതിയിൽ ആയിരുന്നു വേണ്ടത്. ശ്രീനാഥിന് അദ്ദേഹത്തിന്റേതായ രീതിയിൽ ആയിരുന്നു വേണ്ടത്. അതിനാൽ ഞങ്ങൾക്ക് മനസിലായി സൗഹൃദമാണ് ഞങ്ങൾക്കിടയിൽ നല്ലതെന്ന്. മാത്രമല്ല വേറെ പാട്നേഴ്സിനെ കണ്ടെത്തുകയാണെങ്കിൽ കുറച്ച് കൂടി സന്തോഷം കിട്ടിയേക്കാമെന്ന് മനസിലായി. ആ രീതിയിൽ തീരുമാനമെടുത്ത് ഷെയ്ക്ക് ഹാന്റ് കൊടുത്ത് പിരിഞ്ഞു എന്നും താരം പറഞ്ഞു.


Click it and Unblock the Notifications

















