പിരിഞ്ഞത് ഒരു കാരണം കൊണ്ട് മാത്രമല്ല, അത് കാണേണ്ടി വരുന്നത് വേദനാജനകമാണ്; തുറന്ന് പറഞ്ഞ് ഗൗതമി
ജീവിതത്തിൽ പല ഘട്ടങ്ങൾ നടി ഗൗതമി കണ്ടിട്ടുണ്ട്. സിനിമകളിൽ തിരക്കേറിയ സമയത്ത് വിവാഹം, പിന്നീട് വേർപിരിയൽ, കമൽ ഹാസനോടൊപ്പമുള്ള ജീവിതം, കാൻസർ പിടിപെട്ട നാളുകൾ തുടങ്ങി ഗൗതമി ജീവിതത്തിൽ പിന്നിട്ട വഴികൾ എളുപ്പമായിരുന്നില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി ബിസിനസുകാരൻ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്യുന്നത്. സുബ്ബലക്ഷ്മി എന്ന മകളും പിറന്നു. 1998 ൽ വിവാഹിതരായ ഇരുവരും ഒരു വർഷത്തിന് ശേഷം പിരിഞ്ഞു.
ഇപ്പോഴിതാ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതമി. കുഞ്ഞ് വേണമെന്ന ആഗ്രഹം കൊണ്ടാണ് താൻ വിവാഹം ചെയ്തതെന്ന് ഗൗതമി പറയുന്നു. കുഞ്ഞ് വേണമെന്നായിരുന്നു എന്റെ ആഗ്രഹം. ജീവിതത്തിൽ എന്തോ എന്ന് കുറവുണ്ടെന്ന ചിന്ത വന്നു. ഒരു കുഞ്ഞുണ്ടെങ്കിൽ ജീവിതം മനോഹരമാകുമെന്ന് തിരിച്ചറിഞ്ഞു. കുഞ്ഞ് പിറന്നാൽ കുഞ്ഞിനാണ് പ്രഥമ പരിഗണന. അല്ലെങ്കിൽ കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ട് വരരുത്.

കുഞ്ഞ് വേണമെന്ന് ആഗ്രഹം വന്നതോടെ വർക്കുകൾ കുറച്ചു. സിനിമകളിൽ വർക്ക് ചെയ്യുമ്പോൾ അന്ന് ഒന്നിനും സമയമുണ്ടായിരുന്നില്ല. പാർലറിൽ പോകാനോ അമ്മയ്ക്കൊപ്പം ഐസ്ക്രീം കഴിക്കാൻ പോകാനോ പോലും സമയമുണ്ടാകില്ല. ജീവിതത്തിൽ എനിക്കായി സമയം വേണമെന്ന് തീരുമാനിച്ചു. അങ്ങനെ കരിയറിൽ നിന്ന് മാറുകയും വിവാഹം ചെയ്യുകയും ചെയ്തെന്ന് ഗൗതമി പറയുന്നു.
ബന്ധം പിരിയാൻ തീരുമാനിച്ചത് ഒരു കാരണം കൊണ്ടല്ലെന്നും ഗൗതമി പറയുന്നു. ഒരു റിലേഷൻഷിപ്പിലും ഒരു കാരണം കൊണ്ട് പിരിയാനാകില്ല. വളരെ ഇന്റൻസായ തീരുമാനമാണത്. മനസ് കൊണ്ട് നമ്മൾ എല്ലാം ആ റിലേഷൻഷിപ്പിലേക്ക് നൽകുന്നു. ചിലർ റിലേഷൻഷിപ്പിലാണെങ്കിലും ഒറ്റപ്പെടൽ അനുഭവിക്കും. ഞാനെപ്പോഴും ഇൻഡിപെൻഡന്റായിരുന്നു. ഒറ്റപ്പെടൽ എന്നെ ബാധിച്ചിട്ടില്ല. കാരണം ഞാൻ ഒരിക്കലും ആരെയും ആശ്രയിച്ചിട്ടില്ല. എനിക്ക് ഈ ബന്ധം ശരിയായി തോന്നിയില്ല എന്നത് കൊണ്ട് മാത്രമല്ല പിരിഞ്ഞത്. അത് തെറ്റായ ചിന്തയാണെന്ന് ഞാൻ കരുതുന്നു.

ഏത് റിലേഷൻഷിപ്പിലായാലും രണ്ട് പേർ ഒരേ ദിശയിലേക്ക് പോകുമ്പോഴേ അത് ആരോഗ്യകരമായ ബന്ധമാകൂ. ഒരാൾ അങ്ങോട്ടും ഒരാൾ ഇങ്ങോട്ടും പോയാൽ അത് ഒരു റിലേഷൻഷിപ്പായി നിൽക്കില്ല. അത് കാണുന്നത് വേദനാജനകമാണ്. ഒരിക്കൽ തുടങ്ങിയ അടുപ്പം ഇന്ന് മാറിയത് കാണുന്നത് വേദനിപ്പിക്കില്ലേയെന്നും ഗൗതമി അഭിമുഖത്തിൽ ചോദിച്ചു.
പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറമാണ് ഗൗതമിയും കമൽ ഹാസനും ഒരുമിച്ച് ജീവിതമാരംഭിക്കുന്നത്. 13 വർഷങ്ങൾക്ക് ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. കമലിന് കമ്മിറ്റ്മെന്റിലുള്ള പ്രശ്നം കൊണ്ടാണ് പിരിഞ്ഞതെന്ന് ഗൗതമി നേരത്തെ തുറന്ന് പറഞ്ഞിരുന്നു. നടന്റെ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചതിന്റെ പ്രതിഫലം ലഭിച്ചില്ലെന്നും ഗൗതമി ആരോപിച്ചു. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഇന്നും നടി സാന്നിധ്യം അറിയിക്കുന്നുണ്ട്. മകളാണ് തന്റെ എല്ലാമെന്നാണ് ഗൗതമി പറയാറുള്ളത്.


Click it and Unblock the Notifications











