പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുമ്പോൾ, കല്യാണം കഴിഞ്ഞ് വലിയ പ്രശ്നങ്ങൾ, പക്ഷെ...: ഗായത്രി അരുൺ
സീരിയൽ രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് വന്ന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞയാളാണ് ഗായത്രി അരുൺ. കളങ്കാവൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ഗായത്രിക്ക് ലഭിച്ചത്. അരുൺ എന്നാണ് ഗായത്രിയുടെ ഭർത്താവിന്റെ പേര്. തന്റെ ടീനേജ് ക്രഷ് ആയിരുന്നു അരുൺ എന്നാണ് ഗായത്രി പറയുന്നത്. വിവാഹ ജീവിതത്തിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് ഗായത്രി അരുൺ ഇപ്പോൾ. പിങ്ക് പോഡ്കാസ്റ്റിലാണ് ഗായത്രി മനസ് തുറന്നത്.
പെർഫെക്ട് മാരീഡ് ലെെഫ് എന്നൊന്നില്ല. ആരും പെർഫെക്ട് അല്ല. നമ്മൾ മനുഷ്യരല്ലേ. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നീ ബന്ധങ്ങളിലൊന്നും പെർഫെക്ഷൻ ഇല്ല. മനുഷ്യരെന്ന നിലയിൽ നമ്മളാരും പെർഫെക്ട് അല്ല. ആ ഇംപെർഫെക്ഷൻ എല്ലാ ബന്ധത്തിലും പ്രതിഫലിക്കും. വിവാഹ ജീവിതം പെർഫെക്ട് ആണെന്ന് പറഞ്ഞാൽ അത് നുണയാകും. കല്യാണം കഴിക്കുന്ന സുഹൃത്തുക്കളോടും ഫ്രണ്ട്സിനോടും ഞാൻ പറയാറ് ആദ്യത്തെ അഞ്ച് വർഷം വളരെ നിർണായകമാണ്. അതിൽ ഏറ്റവും പ്രധാനം ആദ്യത്തെ രണ്ട് വർഷമാണ്. ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് പോലെയായിരിക്കും.

15 വയസിൽ തുടങ്ങിയ ഇഷ്ടമാണ് എനിക്ക്. കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ട് കഴിഞ്ഞാൽ പരമാവധി ഒരു വർഷത്തിനപ്പുറം പോകില്ലെന്ന് തോന്നും. അത്രയ്ക്ക് പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലുണ്ടാകും. ഞങ്ങൾ രണ്ട് വ്യക്തികളാണ്. പ്രണയിക്കുമ്പോൾ നമ്മൾ സംസാരിക്കുന്ന കാര്യങ്ങളായിരിക്കില്ല യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ. അത് വേറെ തന്നെ ജീവിതമാണ്. പ്രണയിച്ചാലും ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോൾ പല കാര്യങ്ങളും വ്യത്യസ്തമാണെന്ന് ഞാൻ മനസിലാക്കി.
വലിയ പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് എന്ന പ്രയോഗം എനിക്കിഷ്ടമല്ല. പരസ്പരം മനസിലാക്കി ജീവിക്കാൻ പറ്റണം. നമ്മൾക്ക് ഒരു കംപാനിയൻ വേണം. ഒറ്റയ്ക്കുള്ള ആൾക്കാരോട് എനിക്ക് സങ്കടം തോന്നും. തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ കാത്തിരിക്കാൻ ഒരാൾ വേണമെന്ന് തോന്നും. അത് നിയമപരമായി വിവാഹം ചെയ്ത ദമ്പതികളായിരിക്കണമെന്ന് ഞാൻ പറയില്ല. നമുക്ക് വേണ്ടിയൊരാൾ. അതിന് സുഹൃത്തുക്കൾക്കോ കുടുംബത്തിനോ പറ്റില്ല.
കാരണം അവർക്ക് അവരുടെ ജീവിതമുണ്ട്. അതിനെ എന്ത് പേരിട്ടും വിളിക്കാം. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയാരാളുണ്ടായിരുന്നെങ്കിൽ എന്ന് തോന്നും. അങ്ങനെയാരാൾ വേണമെന്നാണ് നിങ്ങളുടെ തീരുമാനമെങ്കിൽ വിവാഹം കഴിഞ്ഞ് ആദ്യത്തെ അഞ്ച് വർഷത്തിന് ശേഷം പിന്നെ അയാളുമായി സെറ്റാകും. പിന്നെ ജീവിതകാലം മുഴുവൻ കൂടെ അവരുണ്ടാകും. ആദ്യത്തെ അഞ്ച് വർഷം അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാൻ എടുക്കുന്ന സമയമാണതെന്നും ഗായത്രി അരുൺ പറയുന്നു.


Click it and Unblock the Notifications
















