'ഞാൻ പെൺവേഷം കെട്ടുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ല, റെസ്പോൺസിബിൾ വൈഫാണ്, എല്ലാത്തിനും പ്രോത്സാഹനം നൽകുന്നത് മകൾ'
ഭാര്യയ്ക്ക് ഒന്നര ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുണ്ടെങ്കിലും ഗിന്നസ് പക്രു വളരെ വിരളമായി മാത്രമെ ഗായത്രിയുടെ വ്ലോഗുകളിൽ പ്രത്യക്ഷപ്പെടാറുള്ളു. ഇത്തവണ ഗായത്രി ക്യു ആന്റ് എ വീഡിയോ ചെയ്തപ്പോൾ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പക്രുവും എത്തിയിരുന്നു. താൻ പെൺവേഷം കെട്ടി അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് യോജിപ്പില്ലെന്ന് നടൻ വെളിപ്പെടുത്തി. ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമകളിൽ സ്ത്രീവേഷത്തിൽ പക്രു എത്തിയിരുന്നു.
എന്റെ കോമഡികൾ ഗായത്രിക്ക് അത്ര ഇഷ്മല്ല. കാരണം അവ കാണുമ്പോൾ ചിരിച്ച് കണ്ടിട്ടില്ല. ഞാൻ പെൺവേഷം കെട്ടുന്നതിനോടും വലിയ താൽപര്യമില്ല. ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്യാറില്ല. കുഞ്ഞിക്കൂനനുശേഷം സിനിമയിൽ പെൺവേഷം ചെയ്തിട്ടില്ല. കുഞ്ഞിക്കൂനൻ സിനിമ ഗായത്രി കണ്ടതും വിവാഹശേഷമാണ്.

കോമഡി റോൾ ചെയ്യുന്നതിനേക്കാൾ ഞാൻ സീരിയസ് റോളുകൾ ചെയ്യുന്നത് കാണാനാണ് ഗായത്രിക്ക് ഇഷ്ടം. ഞാൻ എന്ത് കാണിച്ചാലും നന്നായി പ്രോത്സാഹിപ്പിക്കുന്നൊരാൾ എന്റെ മോൾ ദീപ്തയാണെന്നും നടൻ പറഞ്ഞു. സിനിമാ ലോകത്ത് ഇത്രയേറെ വളർച്ചയുണ്ടായതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... നേട്ടങ്ങൾ കൈവരിക്കാൻ എന്തൊക്കെ ഫോളോ ചെയ്തുവെന്ന് ചോദിച്ചാൽ ദൈവാദീനവും ഭാഗ്യവും പ്രധാന ഘടകമാണെന്ന് ഞാൻ പറയും.
അതുപോലെ ജീവിതത്തിൽ ഞാൻ പുലർത്തുന്ന ചില നിയമങ്ങളുണ്ട്. പറഞ്ഞ വാക്ക് പാലിക്കുക എന്നതാണ് ഒന്ന്. എന്തെങ്കിലും കാര്യം ഏറ്റ് കഴിഞ്ഞാൽ എന്ത് വേദന അനുഭവിക്കേണ്ടി വന്നാലും അത് ചെയ്യും. ഏത് വിഷയത്തേയും അർപ്പണ മനോഭാവത്തോടെയാണ് സമീപിക്കുന്നത്. ഒരു പ്രോഗ്രാമോ എന്തുമാകട്ടെ അത് ഏറ്റ് കഴിഞ്ഞാൽ അതിനേക്കാൾ ഗുണകരമാകുന്ന സാമ്പത്തികമായിട്ടാണെങ്കിൽ പോലും ഗുണകരമാകുന്ന എന്ത് എന്നെ തേടി വന്നാലും ഞാൻ അത് ചെയ്യില്ല.
ആദ്യം ഏതാണോ കമ്മിറ്റ് ചെയ്തത് അത് മാത്രമെ എടുക്കൂ. സാമ്പത്തീകമായി വളരെ താഴെ നിന്നിടത്ത് നിന്നാണ് ഇന്ന് കാണുന്ന രീതിയിലേക്ക് എന്റെ ജീവിതം മാറിയത്. അർപ്പണ മനോഭാവത്തോടെ സമീപിച്ചാൽ ജീവിത വിജയമുണ്ടാകുമെന്ന വിശ്വാസം എനിക്കുണ്ട് പക്രു പറഞ്ഞു. വഴക്കുണ്ടാകാറുണ്ടോയെന്ന ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞത് ഗായത്രിയാണ്. ഞങ്ങൾ തമ്മിൽ വഴക്കിടാറുണ്ട്. ആദ്യം പോയി മിണ്ടുന്നത് ഞാനാണ്.
ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ രണ്ട്, മൂന്ന് ദിവസമൊന്നും നീണ്ടുനിൽക്കാറില്ല. ഗായത്രി വന്ന് സംസാരിക്കും സംഗതി തീരും. കാര്യമായ പിണക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പക്രുവും പറഞ്ഞു. പാരന്റിങ് രീതിയെ കുറിച്ചും മക്കളെ കുറിച്ചും നടൻ സംസാരിച്ചു. മൂത്തമകൾ ദീപ്ത കീർത്തി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സിബിഎസ്ഇയാണ് പഠിക്കുന്നത്. പത്താം ക്ലാസിൽ കുഴപ്പമില്ലാത്ത മാർക്കൊക്കെ ഉണ്ടായിരുന്നു.

എൺപത്തിയഞ്ച് ശതമാനത്തോളം മാർക്കുണ്ടായിരുന്നു. നൃത്തവും അഭ്യസിക്കുന്നുണ്ട്. കുട്ടികളോട് ചേർന്നിരിക്കുക. അവരുടെ സുഹൃത്താകാൻ ശ്രമിക്കുക. ഞാൻ അത് അവളുടെ കുട്ടികാലം മുതൽ ചെയ്യുന്നുണ്ട്. ഗായത്രിയോട് പറയാത്ത കാര്യങ്ങൾ പോലും അവൾ വന്ന് എന്നോട് പറയും. കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക. ഒന്നിനും നിർബന്ധിക്കാറില്ല. എല്ലാത്തിനും സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്. കുടുംബകാര്യങ്ങളിൽ മോളോടും അഭിപ്രായം ചോദിക്കും. അതുകൊണ്ടാണോയെന്ന് അറിയില്ല.
മൂത്തമകൾ ഇടയ്ക്ക് സീരിയസായിട്ടൊക്കെ പെരുമാറുകയും സംസാരിക്കുകയും ചെയ്യും. പ്ലാൻഡ് പാരന്റിങ് ഇല്ല. കുട്ടികളെ മനസിലാക്കണം. ബോധവത്കരണമാണ് അവർക്ക് വേണ്ടത്. രണ്ടാമത്തെ മകൾ എന്നെ അച്ഛനായിട്ടല്ല അവളുടെ കൂടെയുള്ള ആളായിട്ടാണ് കാണുന്നത്. ഞാൻ ചെയ്യുന്നതെല്ലാം അവളും അനുകരിക്കും നടൻ പറഞ്ഞു. ഭർത്താവിലെ നല്ല ഗുണത്തെ കുറിച്ച് ചോദിച്ചപ്പോൾ... അജയൻ ചേട്ടനിലെ ഏറ്റവും നല്ല ക്വാളിറ്റി വളരെ സപ്പോർട്ടീവാണ് എന്നതാണ്. പോസിറ്റീവ് ഫീൽ തരും ഗായത്രി പറഞ്ഞു.
ഗായത്രി എന്നെ മനസിലാക്കിയാണ് ജീവിക്കുന്നത്. അന്യോന്യം മനസിലാക്കിയാൽ അണ്ടർസ്റ്റാന്റിങ്ങോടെ സ്നേഹത്തോടെ ജീവിക്കാൻ കഴിയും. പല കാര്യങ്ങളിലും ഞങ്ങൾ ഒരേ അഭിപ്രായക്കാരാണ്. റെസ്പോൺസിബിൾ വൈഫാണ്. കലാപരമായ കാര്യങ്ങൾക്ക് എനിക്ക് പോകാം. വീട്ടുകാര്യങ്ങൾ എല്ലാം കൃത്യമായി നോക്കിയവൾ ചെയ്യും എന്ന് പക്രുവും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











