എങ്ങോട്ട് തിരിഞ്ഞാലും വിവാദം; ഒടുവിൽ തല മുണ്ഡനം; പൃഥിയുടെ ആദ്യ നായികയുടെ ഇന്നത്തെ ജീവിതം
ഒന്നോ രണ്ടോ സിനിമകളിൽ മാത്രം കണ്ട് പിന്നീട് മലയാള സിനിമയിൽ നിന്നും അകന്ന നിരവധി നടിമാരുണ്ട്. മറുഭാഷയിൽ നിന്നെത്തിയ ഷീല കൗർ, മീനാക്ഷി തുടങ്ങിയ നടിമാരെല്ലാം ഇതിന് ഉദാഹരണമാണ്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടിയാണ് ഗായത്രി രഘുറാം. പൃഥിരാജിന്റെ ആദ്യ സിനിമയായിരുന്നു ഇത്. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ കൊടുത്ത ഗായത്രിയെ പിന്നീട് മലയാളത്തിൽ കണ്ടിട്ടില്ല.
അതേസമയം തമിഴകത്ത് വിവാദ താരമായി ഇന്നും ഗായത്രി വാർത്തകളിൽ നിറയാറുണ്ട്. 2006 ലാണ് ദീപക് ചന്ദ്രശേഖരൻ എന്നയാളെ ഗായത്രി വിവാഹം ചെയ്യുന്നത്. കാലിഫോർണിയയിലെ സോഫ്റ്റ്വെയർ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിവാഹശേഷം അഭിനയം നിർത്തി ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയെങ്കിലും നാല് വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകുകയും ചെയ്തു.

സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ ഗായത്രി പിന്നീട് രാഷ്ട്രീയത്തിലേക്കും ശ്രദ്ധ നൽകി. 2020 ൽ അഭിനയ രംഗത്ത് നിന്നും പിൻവാങ്ങുകയാണെന്ന് ഗായത്രി പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് പൂർണ ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഗായത്രി രഘുറാം പങ്കുവെച്ച പോസ്റ്റാണ് ആരാധക ശ്രദ്ധ നേടുന്നത്. തല മുണ്ഡനം ചെയ്ത വീഡിയോയാണ് ഗായത്രി പങ്കുവെച്ചിരിക്കുന്നത്. തിരുപ്പതിയിൽ തല മുണ്ഡനം ചെയ്യുകയായിരുന്നു നടി. പത്ത് വർഷത്തെ പ്രാർത്ഥന സഫലമായതിനാലാണ് നടി തലമുണ്ഡനം ചെയ്തത്. നിരവധി പേർ ഗായത്രിയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ചു.

അതേസമയം നടി തല തലമുണ്ഡനം ചെയ്തതിന് കാരണമെന്ന് പറഞ്ഞ് പല തെറ്റായ പ്രചരണങ്ങളും തമിഴിലെ ചില യൂട്യൂബ് ചാനലുകളിൽ വരുന്നുണ്ട്. തമിഴകത്ത് എപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട താരമാണ് ഗായത്രി രഘുറാം. 2017 ൽ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴും നടി വാർത്തകളിൽ നിറഞ്ഞു. 56 ദിവസം ബിഗ് ബോസ് വീട്ടിൽ ഗായത്രി നിന്നു. ഷോയിൽ അപമര്യാദയായി പെരുമാറി എന്ന ആരോപണം ഗായത്രിക്ക് നേരെ തുടരെ വന്നു.
മറ്റൊരു മത്സരാർത്ഥിയായ ഒവിയയെ അധിക്ഷേപിച്ചതിന്റെ പേരിൽ പൊലീസ് കേസ് വരെ ഗായത്രിക്ക് നേരെ വന്നു. ചേരിയിലെ പെരുമാറ്റം എന്നാണ് ഒവിയയെ ഗായത്രി അധിക്ഷേപിച്ച് കൊണ്ട് പറഞ്ഞത്. ഈ പരാമർശത്തിനെതിരെയാണ് കേസ് വന്നത്.
നടി രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും വിവാദങ്ങൾ ഉടലെടുത്തു. 2019 ൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഗായത്രിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പാർട്ടിയിൽ നിന്നുൾപ്പെടെ നടിക്ക് ഇതിന്റെ പേരിൽ വിമർശനം വന്നു. എന്നാൽ വ്യാജ വാർത്തയെന്ന് പറഞ്ഞാണ് ഗായത്രി ആരോപണങ്ങളെ തടുത്തത്. ബിജെപി പാർട്ടിക്ക് വേണ്ടിയാണ് ഗായത്രി രഘുറാം പ്രവർത്തിച്ചത്. 2023 ൽ നടി രാഷ്ട്രീയം വിട്ടു.
മനുസ്മൃതിയുമായി ബന്ധപ്പെട്ട് നടത്തിയ ചില ട്വീറ്റുകൾ കാരണം ഗായത്രിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്യപ്പെടുകയുമുണ്ടായി. തമിഴിൽ നിരവധി ഷോകളിൽ ഗായത്രി രഘുറാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഡാൻസ് കൊറിയോഗ്രാഫർമാരായ രഘുറാമിന്റെയും ഗിരിജ രഘുറാമിന്റെയും മകളാണ് ഗായത്രി. പ്രമുഖ കൊറിയോഗ്രാഫർമാരായ ബ്രിന്ദ മാസ്റ്റർ, കല മാസ്റ്റർ എന്നിവർ ഇവരുടെ ബന്ധുക്കളാണ്. വിവാദങ്ങളൊന്നും കാര്യമാക്കാതെ തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണ് ഗായത്രി രഘുറാം.


Click it and Unblock the Notifications











