'ബാങ്ക് ജോലി ആഗ്രഹിച്ചിരുന്നില്ല, പൈസയുണ്ടാക്കാൻ തുടങ്ങിയപ്പോൾ പിടിച്ച് നിന്നു, അവളുടെ ഹീറോ ഞാനായിരുന്നു'
പത്ത് വർഷമായി തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. ജമ്നാപ്യാരിയിൽ കുഞ്ചാക്കോ ബോബന്റെ നായിക വേഷം ചെയ്തുകൊണ്ട് ആരംഭിച്ച കരിയറായിരുന്നു താരത്തിന്റേത്. ബാങ്ക് ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയ ഗായത്രി കഴിഞ്ഞ അഞ്ച് വർഷമായി തെലുങ്കിലാണ് ഏറെയും സിനിമകൾ ചെയ്യുന്നത്. നല്ല ശമ്പളമുണ്ടായിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ച് സ്ഥിര വരുമാനമില്ലാത്തെ അഭിനയം തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചാൽ ബാങ്ക് ജോലി തനിക്ക് പറ്റിയതല്ലെന്നാണ് നടിയുടെ മറുപടി.
ഒറ്റ സിനിമയിൽ അഭിനയിച്ച് നിർത്തുമെന്ന് അച്ഛന് ഉറപ്പ് നൽകിയാണ് സിനിമയിലേക്ക് ഗായത്രി എത്തിയത്. കുട്ടിക്കാലം മുതൽ അഭിനയ മോഹം ഉള്ളിൽ കൊണ്ട് നടന്നിരുന്നു. എന്നാൽ ആദ്യ സിനിമയ്ക്കുശേഷം കാര്യങ്ങൾ മാറി മറിഞ്ഞു.

തുടരെ തുടരെ മലയാളത്തിൽ തന്നെ മുൻനിര താരങ്ങൾക്കൊപ്പം നായിക വേഷങ്ങൾ തന്നെ ഗായത്രിക്ക് കിട്ടി. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും സജീവമാണ് താരം. ഒന്നിന് പുറകെ ഒന്നായി സിനിമകൾ കിട്ടിയപ്പോൾ മുന്നോട്ട് പോവുകയായിരുന്നുവെന്നും ആരുടേയും ഉപദേശം സിനിമയുടെ കാര്യത്തിൽ താൻ സ്വീകരിച്ചിട്ടില്ലെന്നും ഗായത്രി പറയാറുണ്ട്.
അഭിമുഖങ്ങൾ വഴിയും ആരാധകരെ സമ്പാദിച്ചയാളാണ് ഗായത്രി. നടിയാണ്... ഡിപ്ലോമാറ്റിക്കായി സംസാരിക്കണം, ട്രോളുകൾ വാങ്ങരുത് എന്നതൊന്നും നടിയെ ഒരിക്കലും ബാധിച്ചിട്ടില്ല. സത്യസന്ധമായി സംസാരിച്ചാലാണ് ആളുകൾക്ക് തങ്ങളിൽ വിശ്വാസം വരികയെന്ന ചിന്താഗതിക്കാരിയുമാണ് നടി. അതുകൊണ്ട് തന്നെ പലപ്പോഴും പരിഹാസപാത്രമാകേണ്ടി വന്നിട്ടുമുണ്ട്.
പക്ഷെ ഒരിക്കൽ പോലും ട്രോളുകൾക്കും മീമുകൾക്കും കളിയാക്കലുകൾക്കും എതിരെ നടി പ്രതികരിച്ചിട്ടില്ല. എല്ലാം അതിന്റേതായ രീതിയിൽ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് രീതി. ഇപ്പോഴിതാ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാങ്കിലെ നല്ല ജോലി ഉപേക്ഷിക്കാനുണ്ടായ കാരണവും അനിയത്തി കല്യാണിയുമായുള്ള ബോണ്ടിങ്ങിനെ കുറിച്ചും മനസ് തുറന്ന ഗായത്രിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ഞാൻ ജനിച്ചത് തൃശൂരാണെങ്കിലും എൽകെജി വരെ വളർന്നത് എറണാകുളത്തായിരുന്നു. ഇരുപത്തിനാല് വയസായപ്പോഴേക്കും ഞാൻ ബാങ്കിൽ ജോലിക്ക് പ്രവേശിച്ചിരുന്നു. ബാങ്കിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ്. പക്ഷെ ഞാൻ ഫുൾടൈം ഫോൺ ഉപയോഗിക്കുമായിരുന്നു. അതിന്റെ പേരിൽ ഒരുപാട് വഴക്ക് കേട്ടിട്ടുമുണ്ട്. ഗായത്രി ആ ഫോൺ മാറ്റിവെച്ച് പണിയെടുക്കുവെന്നാണ് എന്നോട് പറഞ്ഞിരുന്നത്.

എന്നാലും ഞാൻ നിർത്തില്ല. സെൽഫിയൊക്കെ എടുത്തുകൊണ്ടേയിരിക്കും. ബാങ്ക് ലൈഫ് എനിക്ക് മിസ് ചെയ്യാറില്ല. കാരണം എനിക്ക് അത് ഇഷ്ടമായിരുന്നില്ല. എന്റെ കപ്പ് ഓഫ് ടീ ആയിരുന്നില്ല. ക്യാംപസ് പ്ലേസ്മെന്റ് വഴിയാണ് എനിക്ക് ബാങ്ക് ജോലി കിട്ടിയത്. എംബിഎയ്ക്ക് പോകാനായിരുന്നു ആഗ്രഹം. ഒരു കൊല്ലം ഒരു ജോബ് ചെയ്ത എക്സ്പീരിയൻസുണ്ടെങ്കിൽ നല്ലതാവുമല്ലോയെന്ന് കരുതിയാണ് പോയത്. പൈസയുണ്ടാക്കാൻ തുടങ്ങിയപ്പോൾ കുറേക്കാലം പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഗായത്രി പറഞ്ഞു.
അനിയത്തി കല്യാണിയുമായുള്ള ബോണ്ടിങ് എത്രത്തോളം ശക്തമാണെന്നതിനെ കുറിച്ചും ഗായത്രി സംസാരിച്ചു. അനിയത്തിയുടെ കുട്ടിക്കാലത്ത് അവളുടെ ഹീറോ താനായിരുന്നുവെന്നും ഗായത്രി പറഞ്ഞു. നമ്മുടെ അമ്മ നമ്മുടെ ഹീറോ അച്ഛൻ നമ്മുടെ ഹീറോ എന്നൊക്കെ പറയുന്നപോലെ കുട്ടിക്കാലത്ത് കല്യാണിയുടെ ഹീറോ ഞാനായിരുന്നു.
അതാണ് കുട്ടിക്കാലത്തെ ഫോട്ടോകളിൽ അവൾ എന്നെ ആരാധനയോടെ നോക്കുന്നത് പോലുള്ള പോസുകൾ ഉള്ളത്. ചേച്ചിമാരും ചേട്ടന്മാരും ചെയ്യുന്നതൊക്കെ നിരീക്ഷിച്ച് അത് തന്നെ അനുകരിക്കാനുള്ള ശ്രമം ഉണ്ടാകില്ലേ എല്ലാവരിലും. അത് കല്യാണിയിലും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ച് ഫോട്ടോ എടുക്കുമ്പോൾ പോലും അവളിൽ അത് പ്രകടമായിരുന്നു എന്നും ഗായത്രി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











