'സന്തോഷം തോന്നുമെങ്കിലും ആളുകൾ പിടിച്ച് വലിക്കുമ്പോൾ വിഷമമാകും, വെള്ളം പോലും കിട്ടില്ലെന്നാ കരുതിയത്'; അമൃത!
മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ. ശീതളായി എത്തും മുമ്പ് തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും അമൃത എത്തിയിട്ടുണ്ട്. അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ താരത്തെ ശ്രദ്ധിച്ച് തുടങ്ങിയത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്.
തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യമാണ് ശീതളെന്ന് എപ്പോഴും അമൃത നായർ പറയാറുണ്ട്. കുടുംബവിളക്കിന് ശേഷം കളിവീട്, ഗീതഗോവിന്ദം തുടങ്ങിയ സീരിയലുകളിലാണ് അമൃത അഭിനയിക്കുന്നത്. സീരിയൽ താരമായതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകർക്കാണ് അമൃത നായർ കൂടുതൽ പരിചിത. വളരെ കുറച്ച് നാളുകളെയായുള്ളു അഭിനയലോകത്തേക്ക് അമൃത എത്തിയിട്ട്.

പക്ഷെ നായിക വേഷം ചെയ്തില്ലെങ്കിലും പേരും പ്രശസ്തിയും നേടിയെടുക്കാൻ താരത്തിനായി. അഭിനയത്തിന് പുറമെ മോഡലിങും യുട്യൂബ് വ്ലോഗിങുമെല്ലാമായി അമൃത സജീവമാണ്. അമ്മയും സഹോദരനുമാണ് അമൃതയുടെ എല്ലാം. ഇപ്പോഴിതാ തിരുവല്ലയിൽ ചക്കുളത്ത് പൊങ്കാലയിൽ പങ്കെടുക്കാൻ പോയതിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് അമൃത നായർ. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമൃതയും അമ്മയും ചക്കുളത്ത് പൊങ്കാലയിൽ പങ്കെടുത്തത്.
ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയ അനുഭൂതിയാണ് പൊങ്കാലയിൽ പങ്കെടുത്ത് കഴിഞ്ഞപ്പോൾ തോന്നിയതെന്നാണ് അമൃത നായർ പുതിയ വ്ലോഗിൽ പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ആയിരക്കണക്കിന് ഭക്തര്‍ ദിവസങ്ങള്‍ മുമ്പ് തന്നെ ക്ഷേത്ര പരിസരത്ത് പൊങ്കാലയടുപ്പുകള്‍ ഒരുക്കിയിരുന്നു.
അടുപ്പുകളുടെ നിര കിലോമീറ്ററുകള്‍ക്കപ്പുറം തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, മാന്നാര്‍, എടത്വ, കിടങ്ങറ എന്നിവിടങ്ങളിലേക്ക് വരെ നീണ്ടിരുന്നു. എംസിറോഡിലും തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലും ചക്കുളത്തു കാവിന് സമീപത്തുള്ള ഗ്രാമീണ റോഡുകളിലും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞിരുന്നു.
കുടിക്കാൻ വെള്ളം പോലും കിട്ടില്ലെന്നാണ് പൊങ്കാലയ്ക്ക് എത്തിയപ്പോൾ കരുതിയതെന്നും പക്ഷെ പ്രദേശത്ത് നല്ല മനസുള്ള ആളുകളുടെ സ്നേഹം കാരണം വിശ്രമിക്കാനുള്ള സൗകര്യം വരെ ലഭിച്ചുവെന്നും പൊങ്കാല വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ അമൃത പറഞ്ഞു. 'മുമ്പത്തെ അനുഭവം വെച്ച് വസ്ത്രം മാറാൻ സ്ഥലം കിട്ടുമോയെന്ന് പോലും സംശയിച്ചാണ് ഞങ്ങൾ വന്നത്. പക്ഷെ തിരുവല്ലയിൽ വന്നപ്പോൾ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് കിട്ടി.'

'നമ്മൾ ആ വീട്ടിലാണ് വിശ്രമിച്ചത്. തലേദിവസം തന്നെ എത്തി അമ്പലത്തിൽ പോയി തൊഴുതിരുന്നു. അമ്പലത്തിലേക്ക് തൊഴാൻ പോയപ്പോഴും പൊങ്കാലയിട്ടപ്പോഴുമെല്ലാം നിരവധി പേർ സീരിയൽ കണ്ട് സ്നേഹം പ്രകടപ്പിക്കാനും സെൽഫി പകർത്താനും എത്തിയിരുന്നു. പരമാവധി എല്ലാവർക്കും ഒപ്പം സെൽഫി എടുത്താണ് പോയത്. എല്ലാവരും സീരിയൽ ഫാൻസാണ്. പക്ഷെ ചില സമയത്ത് എനിക്ക് വിഷമം വന്നു.'
'സെൽഫി എടുക്കാനും മറ്റുമായി ആളുകൾ പിടിച്ച് വലിക്കുകയൊക്കെ ചെയ്തപ്പോഴാണ് എനിക്ക് സങ്കടം വന്നത്. ഒരു ദിവസം ഓച്ചിറയിൽ പോയപ്പോഴും സമാന സംഭവമുണ്ടായിരുന്നു. സെൽഫി എടുക്കാൻ വന്നവർ കൂട്ടം കൂടി അവസാനം പിടിവലിയായിരുന്നു', എന്നാണ് അമൃത നായർ പറയുന്നത്. പത്ത് വർഷത്തിന് ശേഷമാണ് അമൃത ചക്കുളത്ത് പൊങ്കാലയിടാൻ വന്നത്.
അമ്പലത്തിൽ പ്രവേശിച്ചപ്പോൾ സീരിയൽ ആരാധകർ വന്ന് അമൃതയോട് സംസാരിക്കുന്നത് വീഡിയോയിൽ ഉടനീളം കാണാമായിരുന്നു. പൊങ്കാലയിടാൻ എത്തിയപ്പോൾ വിശ്രമിക്കാൻ സൗകര്യമൊരുക്കി തന്ന കുടുംബത്തെയും അമൃത വീഡിയോയിലൂടെ തന്റെ ആരാധകർക്ക് പരിചയപ്പെടുത്തി.
പൊങ്കാല കഴിഞ്ഞ് വീട്ടുകാരോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും അമൃത പറയുന്നു. അമൃതയും അമ്മയും ചേർന്നാണ് പൊങ്കാലയിട്ടത്. ഒട്ടേറെ കൗതുകങ്ങള്‍ നിറച്ച ഒരു സീരിയലാണ് അമൃതയും ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഗീതാഗോവിന്ദം.


Click it and Unblock the Notifications