അന്ന് പൃഥ്വിരാജ് ചെയ്തപ്പോഴുണ്ടായ പ്രശ്നങ്ങൾ, പാർവതിക്ക് ഒന്നും പറയാനില്ലേ; ചോദ്യങ്ങളുയരുന്നു
ടോക്സിക് ട്രെയിലറിന് പിന്നാലെ സിനിമാ രംഗത്ത് ചർച്ചകൾ തുടരുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രത്തിൽ നയൻതാര, കിയര അദ്വാനി, രുക്മിണി വാസന്ത്, താര സുതാര്യ, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ. 600 കോടിയോളമാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് പുറത്ത് വരുന്ന വിവരം. ടോക്സിക്കിൽ സ്ത്രീ വിരുദ്ധ രംഗങ്ങളുണ്ടെന്ന വാദം ട്രെയിലർ പുറത്തിറങ്ങുമ്പോഴേക്കും വന്നിട്ടുണ്ട്. യാഷിന്റെ ഇൻട്രോയ്ക്ക് മുമ്പ് ഒരു സ്ത്രീയുമായുള്ള ഇന്റിമേറ്റ് രംഗം കാണിക്കുന്നുണ്ട്. ഇതാണ് ചർച്ചകൾക്ക് കാരണമായത്.
സിനിമയിലെ സ്ത്രീവിരുദ്ധ സീനുകൾക്കെതിരെ ശക്തമായ നിലപാടെടുത്തയാളാണ് ഗീതു മോഹൻദാസ്. ഗീതു സംവിധാനം ചെയ്യുന്ന സിനിമയിൽ ഇത്തരമൊരു സീൻ വരുന്നത് പ്രേക്ഷകർ ചോദ്യം ചെയ്യുന്നു. എന്നാൽ പരസ്പര സമ്മതപ്രകാരമുള്ള ബന്ധം കാണിക്കുന്നത് എങ്ങനെ സ്ത്രീ വിരുദ്ധമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ളവർ ഗീതുവിനെ പിന്തുണച്ചിട്ടുണ്ട്. സമാന അഭിപ്രായമുള്ളവർ നിരവധിയാണ്.

എന്നാൽ നേരത്തെ പൃഥ്വിരാജിന്റെ ലൂസിഫർ എന്ന സിനിമയിൽ ഐറ്റം ഡാൻസ് ഉണ്ടായതിന്റെ പേരിൽ പൃഥ്വിരാജിനെ വിമർശിച്ചവർ ഏറെയാണ്. പൃഥ്വിരാജ് സ്ത്രീ വിരുദ്ധനാണെന്നും നിലപാടുകളിൽ ഇരട്ടത്താപ്പുണ്ടെന്നും വിമർശനങ്ങൾ വന്നു. നടി പാർവതി തിരുവോത്തിനോടും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വരുന്നുണ്ട്. അനിമൽ, അർജുൻ റെഡ്ഡി തുടങ്ങിയ സിനിമകൾക്കെതിരെ സ്ത്രീ വിരുദ്ധതയെന്ന വിമർശനം ഉന്നയിച്ചയാളാണ് പാർവതി തിരുവോത്ത്. എന്നാൽ ഗീതുവിനെതിരെ വിമർശനം ഉന്നയിക്കുന്നില്ലേയെന്നാണ് റെഡിറ്റിൽ ഉയരുന്ന ചോദ്യം.
സ്ത്രീ വിരുദ്ധ സിനിമകളും സീനുകളും ചെയ്യില്ലെന്ന് പൃഥ്വിരാജ് നേരത്തെ നിലപാടെടുത്തിരുന്നു. ഇതിന് ശേഷമാണ് ലൂസിഫറിലെ ഡാൻസ് നമ്പർ വരുന്നത്. വിമർശനങ്ങൾക്ക് പൃഥ്വിരാജ് അന്ന് മറുപടി നൽകിയതാണ്. മുംബെെയിലെ ഡാൻസ് ബാർ എങ്ങനെയാണെന്ന് കാണിക്കുമ്പോൾ അവിടെ ഓട്ടൻതുള്ളൽ കാണിച്ചാൽ അഭംഗിയാകില്ലേ എന്നാണ് പൃഥ്വിരാജ് ചോദിച്ചത്. ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചുള്ള സ്ത്രീയുടെ ഡാൻസ് ചിത്രത്തിൽ ഉണ്ടായത് എങ്ങനെയാണ് സ്ത്രീകളെ തരം താഴ്ത്തുന്ന തരത്തിൽ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നതെന്നും പൃഥ്വിരാജ് ചോദിച്ചു.
മൂത്തോൻ ആണ് ടോക്സിക്കിന് മുമ്പ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത സിനിമ. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മൂത്തോൻ പ്രദർശിപ്പിച്ചിട്ടുണ്ട്. നിവിൻ പോളിയായിരുന്നു നായകൻ. സിനിമ പക്ഷെ സാമ്പത്തിക വിജയം നേടിയില്ല. ടോക്സിക് എങ്ങനെയായിരിക്കും ഗീതു ചിത്രീകരിച്ചതെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. യാഷിനെ സംബന്ധിച്ച് ടോക്സിക് സാമ്പത്തിക വിജയം നേടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ താരമൂല്യത്തിൽ മങ്ങലേൽക്കാനിടയുണ്ട്. യാഷ് ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയുമാണ്. കരിയറിലെ പ്രധാനപ്പെട്ട സമയം ടോക്സിക്കിന് വേണ്ടി യാഷ് മാറ്റി വെച്ചിട്ടുണ്ട്.


Click it and Unblock the Notifications











