സാവിത്രിക്ക് ശേഷവും ഒരുപാട് ബന്ധങ്ങൾ; മലേഷ്യയിൽ നിന്ന് വന്ന സ്ത്രീയെ കയറ്റി വിടാൻ പെട്ട പാട്; തുറന്ന് പറച്ചിൽ
ഒരു കാലത്ത് സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ് അന്തരിച്ച ജെമിനി ഗണേശനും സാവിത്രിയും തമ്മിലുണ്ടായിരുന്ന പ്രണയം. ജെമിനി ഗണേശൻ തമിഴകത്തെ സൂപ്പർ താരമായിരുന്നെങ്കിൽ സാവിത്രി തെലുങ്ക് സിനിമാ ലോകത്തെ താര റാണിയായിരുന്നു സാവിത്രി. ആരാധകർ ആഘോഷിച്ച സാവിത്രിക്ക് ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഒരുമിച്ച് അഭിനയിക്കവെയാണ് ജെമിനി ഗണേശനുമായി സാവിത്രി അടുക്കുന്നത്. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് ജെമിനി ഗണേശൻ സാവിത്രിയെ വിവാഹം ചെയ്തത്.
നടന്റെ രണ്ടാം ഭാര്യയായി മറ്റൊരു വീട്ടിൽ താമസിക്കാൻ സാവിത്രിക്ക് സമ്മതമായിരുന്നു. ജെമിനി ഗണേശന്റെ ആദ്യ ഭാര്യക്ക് ഈ ബന്ധം എതിർക്കാനുമായില്ല. സാവിത്രിക്കും ജെമിനി ഗണേശനും രണ്ട് മക്കളാണ് ജനിച്ചത്. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. ജെമിനി ഗണേശൻ മറ്റ് സ്ത്രീകളുമായി അടുക്കാൻ തുടങ്ങിയത് സാവിത്രിക്ക് ഇഷ്ടപ്പെട്ടില്ല.

ബന്ധത്തിൽ നിന്നും അകന്ന സാവിത്രി പിന്നീട് മദ്യത്തിൽ അഭയം തേടി. കടുത്ത മദ്യപാനിയായി മാറിയ സാവിത്രിയുടെ കരിയറും തകർന്നു. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി. മറ്റൊരു സ്ത്രീ ജെമിനി ഗണേശന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതാണ് സാവിത്രിക്ക് ഉൾക്കൊള്ളാനാകാതെ പോയത്.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജെമിനി ഗണേശന്റെ മകൾ ഡോ. കമല സെൽവരാജ്. നടി കുട്ടി പത്മിനിയുമായുള്ള അഭിമുഖത്തിലാണ് താരപുത്രി മനസ് തുറന്നത്. അച്ഛൻ സുമുഖനും വിദ്യാഭ്യാസമുള്ളയാളും ആയതിനാൽ പല സ്ത്രീകളും അച്ഛനുമായി ബന്ധം വെച്ചെന്ന് കമല പറയുന്നു. അതേസമയം അച്ഛന്റെ പങ്കാളിയായിരുന്ന പുഷ്പവല്ലി തങ്ങൾക്ക് പ്രിയപ്പെട്ടയാളായിരുന്നെന്ന് കമല പറയുന്നു.

പുഷ്പവല്ലി മല്ലിപ്പൂ കോർത്ത് തരുമായിരുന്നു. പട്ടു പാവാടകൾ തരും. കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾക്ക് അതിലെല്ലാം ആകൃഷ്ടരായി. മറ്റൊന്നും അറിയില്ലായിരുന്നു. വളരെ സ്നേഹത്തോടെയാണ് അവർ പെരുമാറിയത്. അമ്മ ഇതേക്കുറിച്ചൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഞങ്ങൾ ചെറിയ കുട്ടികളാണ്. അച്ഛനുമായി അമ്മ അഗാധമായി പ്രണയത്തിലായിരുന്നെന്നും കമല സെൽവരാജ് പറയുന്നു.
പതിനഞ്ച് വയസ് മുതൽ ഒരുമിച്ച് കഴിഞ്ഞവരാണ്. അവർക്ക് പിരിയാൻ പറ്റില്ലായിരുന്നെന്നും കമല സെൽവരാജ് പറഞ്ഞു.
അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ അറിയില്ലെന്ന് പറയാൻ അമ്മ പറഞ്ഞിരുന്നു. അതിനാൽ ആര് ചോദിച്ചാലും അറിയില്ല എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നതെന്ന് കമല സെൽവരാജ് വ്യക്തമാക്കി. സാവിത്രിയുടെ മക്കളുമായി തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കമല സെൽവരാജ് പറയുന്നു. ഞങ്ങൾ സഹോദരിമാർ എപ്പോഴും ഒരുമിച്ചാണ്. രേഖയുൾപ്പെടെയുള്ള സഹോദരിമാരുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും കമല പറഞ്ഞു.
ജെമിനി ഗണേശനെക്കുറിച്ച് കുട്ടി പത്മിനിയും അഭിമുഖത്തിൽ സംസാരിച്ചു. സാവിത്രിയമ്മയ്ക്ക് ശേഷവും അദ്ദേഹത്തിന് ഒരുപാട് കണക്ഷനുണ്ടായിരുന്നു. നമ്മൾക്കെല്ലാം അറിയാവുന്നതാണ്. അവരെ കയറ്റി വിടാൻ നിങ്ങളെല്ലാവരും ഒരുപാട് പാട് പെട്ടെന്നും കുട്ടി പത്മിനി കമലയെ ഓർമ്മിപ്പിച്ചു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ഇരുവരും തയ്യാറായില്ല. നിരവധി സ്ത്രീകളുമായി ജെമിനി ഗണേശന് അക്കാലത്ത് ബന്ധമുണ്ടായിരുന്നു. നടി പുഷ്പവല്ലിയെ ജെമിനി ഗണേശൻ വിവാഹം ചെയ്തിരുന്നില്ല. ഇരുവർക്കും ജനിച്ച മക്കളാണ് നടി രേഖയും രാധയും.


Click it and Unblock the Notifications











