താരപുത്രന്‍മാര്‍ ഒരുമിച്ചെത്തുമ്പോള്‍! പ്രണവിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞത്?
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് താരങ്ങളുടെ മക്കളും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയിലെ പ്രതതിനിധികളില്‍ പലരും ഇതിനോടകം തന്നെ തങ്ങളുടേതായ ഇടം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചവരും ഇതിനിടയില്‍ നായകനായും നായികയായുമൊക്കെ അരങ്ങേറിക്കഴിഞ്ഞു. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന അരങ്ങേറ്റങ്ങളിലൊന്നായിരുന്നു പ്രണവിന്റേത്. മുന്‍നിര സംവിധായകരും ബാനറുകളുമെല്ലാം താരപുത്രനായി ക്യൂനിന്നിരുന്നുവെങ്കിലും അപ്പു അവരെയൊന്നും ഗൗനിച്ചിരുന്നില്ല. ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തന്നെ സിനിമയായ ആദിയിലൂടെയായിരുന്നു താരപുത്രന്‍ നായകനായി രംഗപ്രവേശം ചെയ്തത്.
മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അസാമാന്യ അഭിനയമികവിലൂടെയായിരുന്നില്ല താരപുത്രന്‍ ഞെട്ടിച്ചത്. മറിച്ച് ആക്ഷന്‍ രംഗങ്ങളിലെ പ്രകടനത്തിനായിരുന്നു കൈയ്യടി. കുട്ടിക്കാലം മുതലേ തന്നെ ജിംനാസ്റ്റിക്‌സിനോട് താല്‍പര്യമായിരുന്നു അപ്പുവിനെന്നും നിലത്ത് നില്‍ക്കാത്ത തരത്തിലുള്ള പ്രകൃതമായിരുന്നുവെന്നുമൊക്കെ പലരും പറഞ്ഞിരുന്നു. അത് ശരിവെക്കുകയായിരുന്നു ആദിയിലൂടെ. പാര്‍ക്കൗര്‍ അഭ്യാസിയായാണ് താരമെത്തിയത്. ആദി കഴിഞ്ഞു അടുത്തതെന്താണെന്നുള്ള ചോദ്യമായിരുന്നു പിന്നീട്. അരുണ്‍ ഗോപിയായിരുന്നു അതേക്കുറിച്ച് വ്യക്തമാക്കിയത്.

അടുത്ത തലമുറയിലെ താരങ്ങള്‍
മോഹന്‍ലാലും സുരേഷ് ഗോപിയും ഒരുമിച്ച് നിരവധി തവണ അഭിനയിച്ചിരുന്നു. വില്ലനായും നായകനായും നിറഞ്ഞുനിന്നിരുന്നു ഇരുവരും. ഇരുവരും ഒരുമിച്ച് ഏറ്റുമുട്ടിയ സിനിമകളിലൊന്നായിരുന്നു ഇരുപതാം നൂറ്റാണ്ട്. കെ മധു സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ പ്രണവും ഗോകുലും ഒരുമിച്ചെത്തുകയാണ്. ഇവരുടെ സമാഗമം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആദിക്കിടയിലെ കൂടിക്കാഴ്ച
ആദിയുടെ ചിത്രീകരണത്തിനിടയില്‍ പ്രണവിനെക്കാണാന്‍ ഗോകുലെത്തിയിരുന്നു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എന്നായിരിക്കും ഇരുവരും ഒരുമിച്ചൊരു സിനിമയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്കെത്തിയപ്പോഴാണ് ഗോകുല്‍ പ്രണവിനെക്കാണാനായി എത്തിയത്.

ദുല്‍ഖറിനൊപ്പം പിടിച്ചുനില്‍ക്കാന്‍
ഡ്യൂപ്പില്ലാതെ സാഹസികമായി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാകുന്നത് കണ്ട പ്രണവിനോട് ഗോകുല്‍ ഇത്രയധികം റിസ്ക്കെടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. രസകരമായൊരു മറുപടിയായിരുന്നു അന്ന് അദ്ദേഹം നല്‍കിയത്. ചാര്‍ലിക്കയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇത്രയെങ്കിലും വേണ്ടെയെന്നായിരുന്നു മറുപടി. ദുല്‍ഖറിനെക്കുറിച്ചായിരുന്നു പ്രണവ് സൂചിപ്പിച്ചത്. അപ്പുവിന്റെ അരങ്ങേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് ദുല്‍ഖറും എത്തിയിരുന്നു.

അതിഥിയായെത്തുന്നു
സിനിമയിലെ തുടക്കകാലത്ത് മോഹന്‍ലാലും സുരേഷ് ഗോപിയും നിരവധി സിനിമകള്‍ക്കായി ഒരുമിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ മക്കളും അതാവര്‍ത്തിക്കുകയാണ്. പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സുപ്രധാന കഥാപാത്രമായി ഗോകുലും എത്തുന്നുണ്ട്. അതിഥി വേഷത്തിലാണ് താരമെത്തുന്നത്.

അധികം സംസാരിക്കില്ല
ആദിയുടെ ചിത്രീകരണത്തിനിടയില്‍ പ്രണവിനെ കണ്ടിരുന്നുവെങ്കിലും അധികം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് അത് സാധ്യമായതെന്നും ഗോകുല്‍ പറയുന്നു. അധികം സംസാരിക്കാത്തയാളാണ് പ്രണവ്. തനിക്ക് വ്യക്തിപരമായി വലിയ അടുപ്പമൊന്നും ഇല്ലെന്നും ഗോകുല്‍ പറയുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലാന്‍ ഇഷ്ടമല്ലാത്തതിനാല്‍ പ്രണവിന് അദ്ദേഹത്തിന്‍രെ വഴിക്ക് വിട്ടുവെന്നും ഗോകുല്‍ പറഞ്ഞിരുന്നു.

മണിക്കൂറുകള്‍ കൂടി
ആക്ഷനും തമാശയും പ്രണയും ഡ്രാമയുമെല്ലാം നിറഞ്ഞ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആക്ഷന്‍ ഓറിയന്റഡ് ചിത്രമല്ലെങ്കില്‍ക്കൂടിയും സാഹസികമായ രംഗങ്ങള്‍ സിനിമയിലുണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനുവരി 25ന് സിനിമയെത്തുകയാണ്. ആദ്യ സിനിമയായ ആദി ഇറങ്ങി ഒരു വര്‍ഷം തികയുന്നതിനിടയിലാണ് അടുത്ത ചിത്രവുമായി താരപുത്രനെത്തുന്നത്.


Click it and Unblock the Notifications











