'ലീഡറായി ലാൽ സാർ നിന്നിരുന്നെങ്കിൽ നല്ലതായിരുന്നേനെയെന്ന് തോന്നി, എന്താണ് മനുഷ്യൻ ഇങ്ങനെയെന്ന് ആലോചിക്കും'
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന അംഗങ്ങൾക്കെതിരെ ലൈംഗീക അതിക്രമണവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നപ്പോൾ പ്രസിഡന്റായ മോഹൻലാൽ നീതിയുക്തമായി പ്രതികരിക്കും എന്നായിരുന്നു ജനങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ സംഭവിച്ചത് മറിച്ചായിരുന്നു. പ്രതികരണം വരാതെയായപ്പോൾ മാധ്യമങ്ങൾ അടക്കം അത് ചോദ്യം ചെയ്തു.
അതോടെ പ്രസിഡന്റ് സ്ഥാനം മോഹൻലാലും എക്സിക്യൂട്ട് കമ്മിറ്റിയിൽ നിന്ന് അതിലെ അംഗങ്ങളും കൂട്ട രാജി നടത്തി. അതൊരു ഒളിച്ചോട്ടമായാണ് ജനങ്ങൾ കണക്കാക്കിയത്. പിന്നീട് ദിവസങ്ങൾക്കുശേഷം ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മോഹൻലാൽ പ്രതികരിച്ചെങ്കിലും ജനങ്ങൾ അതിൽ തൃപ്തരായിരുന്നില്ല.

നിലപാട് വ്യക്തമാക്കാൻ മടിക്കുന്നതിന് മോഹൻലാലിനെ മാത്രമല്ല മമ്മൂട്ടിയേയും പ്രേക്ഷകർ വിമർശിച്ചിരുന്നു. ഇപ്പോഴിതാ അമ്മയിലെ കൂട്ടരാജിയെ കുറിച്ചുള്ള തന്റെ അഭിപ്രായം സംഘടനയിലെ പുതിയ അംഗമായ യുവ നടൻ ഗോകുൽ സുരേഷ് വെളിപ്പെടുത്തി. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോകുൽ. അമ്മയുടെ ലീഡറായി മോഹൻലാൽ മാധ്യമങ്ങളെ കാണണമായിരുന്നുവെന്ന് ഗോകുൽ പറയുന്നു.
ആദ്യം തന്നെ പറയട്ടെ... ഞാൻ അമ്മയിലെ പുതിയ മെമ്പറാണ്. അമ്മയിലെ ഒരു ബേബിയാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. ലാൽ സാറോ അല്ലെങ്കിൽ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ഇതിന്റെ പ്രസിഡന്റോ ചെയ്ത ഒരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല.
അവർ ഹെഡ് ചെയ്യുന്ന സ്ഥാപനത്തിലെ ആൾക്കാർക്ക് ഇങ്ങനൊരു മോശം അനുഭവം വന്നുവെന്ന് അവർ സ്വയമെ അറിഞ്ഞപ്പോൾ അവര് ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യരല്ലെന്ന് അവര് തന്നെ തീരുമാനിച്ചിട്ട് അവർ ഒഴിഞ്ഞതാണ്. ഒരു നല്ല രീതിയിൽ വേണമെങ്കിൽ അതിനെ കാണാം. ലീഡർ എന്ന രീതിയിൽ ലാൽ സാർ നിന്നിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് എനിക്ക് തോന്നി. പിന്നെ ഞാൻ അല്ല അത് തീരുമാനിക്കേണ്ടത്. എന്റെ ചിന്തയിൽ വരുന്നതല്ല അവർ ചെയ്യേണ്ടതും.
എല്ലാം കറക്ടായിട്ട് തന്നെയാകും അവർ ചെയ്യുക. അവസാനം അവരുടേത് നല്ല തീരുമാനമായിരുന്നുവെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കുമെന്നുമാണ് നടൻ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു... വിക്ടിം ആകുന്ന ഒരു വിഭാഗം ആളുകൾക്ക് സപ്പോർട്ട് സിസ്റ്റം തന്നെയാണ് ഇങ്ങനത്തെ പരിപാടി ഇനി നടക്കില്ലെന്ന അവസ്ഥ.

അതുപോലെ തന്നെ ഫേക്ക് വിക്ടിം പ്ലെ ചെയ്ത് ആളുകൾ വരുന്നതും നല്ലതല്ല. കാരണം ഇന്റസ്ട്രിയെ അത് ബാധിക്കുന്നുണ്ട്. കുറച്ച് ആളുകളുടെ പേരിൽ ഇത്രയും നല്ലൊരു ഇന്റസ്ട്രിയെ അടച്ച് ആക്ഷേപിക്കാൻ പാടില്ലെന്ന അഭിപ്രായവും എനിക്കുണ്ട്. സിനിമ മേഖലയിൽ നോക്കുകയാണെങ്കിൽ മലയാളത്തിൽ മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നത്.
ഇവിടെയുള്ളതിന്റെ പത്തോ നൂറോ ഇരട്ടിയാണ് മറ്റുള്ള ഇന്റസ്ട്രിയിൽ നടക്കുന്നതെന്നാണ് അറിയാനും കേൾക്കാനും സാധിക്കുന്നത്. ഇന്ത്യയിൽ തന്നെ പഠിച്ചതുകൊണ്ട് സ്കൂളിലും കോളജിലും എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരെല്ലാം ഐടി, ബാങ്കിങ് അടക്കമുള്ള പല ഇന്റസ്ട്രികളിലാണ് വർക്ക് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ അവിടെയൊക്കെ ആരൊക്കെ ഏതൊക്കെ രീതിയിലാണ് പെരുമാറുന്നതെന്ന് കൃത്യമായി അറിയാൻ സാധിക്കാറുണ്ട്. സ്ത്രീ സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്.
അതുകൊണ്ട് തന്നെ എന്താണ് മനുഷ്യൻ ഇങ്ങനെയെന്ന് പലപ്പോഴും നമ്മൾ ആലോചിക്കും. എല്ലാവർക്കും തെറ്റ് കുറ്റങ്ങളുണ്ടാകും എല്ലാവരും മനുഷ്യർ തന്നെയാണ്. എന്നാൽ നല്ല രീതിക്ക് എല്ലാവരും ജീവിക്കാൻ നോക്കിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവില്ലെന്നും ഗോകുൽ പറഞ്ഞു.


Click it and Unblock the Notifications











