'ആ സങ്കടം ഈ വിവാഹത്തോടെ മാറട്ടെ...'; ഇളയ മകളുടെ വിവാഹ വിശേഷം പങ്കിട്ടെത്തിയ ലാലു അലക്സിനോട് ആരാധകർ!
മലയാള സിനിമയുടെ യശ്ശസ് ഉയർത്തുന്നതിൽ നായകരെക്കാൾ പങ്ക് വഹിച്ചിട്ടുള്ളത് നമ്മുടെ സഹനായകന്മാരും സഹനായികമാരും ആണെന്ന് പറയേണ്ടിവരും. മറ്റ് ഭാഷകളിൽ നിന്നും നമ്മുടെ സിനിമയെ വ്യത്യസ്തമാക്കുന്ന പ്രധാന വസ്തുത അമ്പരപ്പിക്കുന്ന അഭിനയപാടവമുള്ള സഹ അഭിനേതാക്കൾ നിരവധിയുണ്ടെന്നത് തന്നെയാണ്.
മലയാള സിനിമയുടെ എൺപതുകൾ തൊട്ട് ഇങ്ങോട്ട് ഇതുവരെയും തന്റെ സ്ഥാനം മലയാളി മനസിൽ കുറിച്ചിട്ട നടനാണ് ലാലു അലക്സ്. സ്ഥിരം നടന്മാർ പിന്തുടരുന്ന നടപ്പ് രീതികളിൽ നിന്നുമെല്ലാം വ്യത്യസ്തമായ അഭിനയ ശൈലിയാണ് ലാലു അലക്സിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.
മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന അദ്ദേഹത്തിന്റെ സംഭാഷണരീതി അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക് ആയി നിലകൊള്ളുന്നു. ഇരുന്നൂറ്റി അമ്പതിൽ പരം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന സിനിമയിലാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ്.

ഇപ്പോഴിതാ ഏറ്റവും പുതിയ വീഡിയോയിലൂടെ ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് ലാലു അലക്സ്. താരത്തിന്റെ ഇളയ മകൾ വിവാഹിതയാകാൻ പോവുകയാണ്. അതിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ വിശേഷങ്ങളാണ് ലാലു അലക്സ് പങ്കുവെച്ചിരിക്കുന്നത്. ബെറ്റിയാണ് ലാലുവിന്റെ ഭാര്യ. മൂന്ന് മക്കളാണ് താരത്തിന്. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്.
കൂടാതെ ഒരു മകൾ കൂടി താരത്തിനുണ്ടായിരുന്നു. എന്നാൽ പത്ത് മാസം പ്രായമുള്ളപ്പോൾ മരിച്ചു. ലാലു അലക്സ് തന്നെ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇളയ മകളുടെ വിവാഹ വിശേഷം താരം പങ്കുവെച്ചപ്പോൾ മരിച്ചുപോയ മകളെ കുറിച്ചുള്ള സങ്കടം ഈ വിവാഹത്തോടെ മാറട്ടെ എന്നാണ് ആരാധകർ കുറിച്ചത്.
'ജീവിതത്തിലെ വേദനകളെ കുറിച്ചോര്‍ത്താല്‍ സങ്കടം വരും. എനിക്ക് ഒരു മോളുണ്ടായിരുന്നു. പത്ത് മാസമെ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസിൽ നീറ്റലാണ്. ഉണ്ടായിരുന്നെങ്കിൽ അവൾക്കിപ്പോള്‍ മുപ്പത് വയസായേനെ... പക്ഷെ ആ ദുഃഖത്തെയും ഞാൻ മറികടന്നു. അനുഭവിച്ച വേദനകളെല്ലാം എനിക്ക് അനുഗ്രഹമായിക്കൊണ്ടിരിക്കുകയാണ്', എന്നാണ് ലാലു അലക്സ് ഒരിക്കൽ മകളെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്.
ബെൻ, സെൻ, സിയ എന്നിങ്ങനെയാണ് ലാലു അലക്സിന്റെ മക്കളുടെ പേരുകൾ. നിരവധി പേരാണ് ലാലു അലക്സിന്റെ മകൾക്ക് ആശംസകൾ നേർന്ന് എത്തിയത്. 1978 ൽ ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു ലാലു അലക്സിന്റെ അരങ്ങേറ്റം പിന്നെ ഐ.വി ശശി, ജോഷി തുടങ്ങിയ മികച്ച സംവിധായകരുടെ കൂടെ പ്രവർത്തിച്ചു.

സിനിമ ഇല്ലാതിരുന്ന കാലത്തും പൂർണപിന്തുണയോടെ ഭാര്യ ബെറ്റി ഒപ്പം നിന്നതിനെ കുറിച്ചും ലാലു അലക്സ് തുറന്ന് പറഞ്ഞിട്ടുണ്ട്. 'മുഴുവൻ പിന്തുണയോടെ ഭാര്യ ബെറ്റി എനിക്കൊപ്പം നിന്നു. പലപ്പോഴും സിനിമയില്ലാതെയായിട്ടുണ്ട്. മലയാള സിനിമ എന്നോട് കുറച്ചുനാൾ വീട്ടിലിരിക്കാന്‍ പറയും.'
'ഞാനത് അനുസരിക്കും. സിനിമയില്ലാതെ വീട്ടിൽ കുറേനാളിരിക്കുന്നത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതിൽ വലിയ പ്രതിസന്ധിയുണ്ട്. അതിനെ മറികടക്കുന്നതിന്റെ ത്രില്ലുമുണ്ട്. പൂമെത്തയിലൂടെയുള്ള യാത്രയായിരുന്നില്ല എന്റേത്.'
'ചുരുങ്ങി ജീവിച്ച ഒരുപാട് അനുഭവങ്ങളുണ്ടെന്നാണ്', അതിജീവിച്ച പ്രതിസന്ധികളെ കുറിച്ച് സംസാരിച്ച് ലാലു അലക്സ് പറഞ്ഞത്. മമ്മൂട്ടി-ജ്യോതിക സിനിമ കാതലിലും ലാലു അലക്സ് അഭിനയിച്ചിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് പ്രേക്ഷകർക്കും ഏറെ പ്രതീക്ഷയുണ്ട്. പന്ത്രണ്ട് വർഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കാതൽ.


Click it and Unblock the Notifications











