'പ്രണയത്തിലാണ്... കല്യാണമാകുമ്പോൾ പരസ്യമാക്കും'; രണ്ട് വർഷം മുമ്പ് ഗോപിക അനിൽ പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു!
മിനിസ്ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവർന്ന രണ്ടുപേർ ജീവിതത്തിൽ ഒന്നാകാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞ സന്തോഷത്തിലാണ് ആരാധകർ. അതും സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതൽ അമ്പരപ്പിച്ചത്.
കഴിഞ്ഞ ദിവസം ആർഭാടമായി ഇരുവരുടെയും വിവാഹനിശ്ചയം കോഴിക്കോട് വെച്ച് നടന്നു. പ്രണയവിവാഹമാണോ അറേഞ്ച്ഡ് മാരേജാണോ എന്നതൊന്നും ഇരുവരും പരസ്യപ്പെടുത്തിയിട്ടില്ല.
എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞത് അറിയിച്ച് ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച കുറിപ്പിൽ നിന്നും ഇരുവരുടെയും വിവാഹം വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ചതാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും വിശ്വസിക്കാൻ ആരാധകർ തയ്യാറായിരുന്നില്ല. ഇരുവരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളുടെ അടക്കം പഴയ വീഡിയോകൾ കുത്തിപൊക്കി കൊണ്ടുവന്ന് ഇരുവരും നാളുകളായി പ്രണയിക്കുകയാണെന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.

മാത്രമല്ല രണ്ട് വർഷം മുമ്പ് പ്രണയത്തെ കുറിച്ച് ഗോപിക അനിൽ പറഞ്ഞ പഴയൊരു വീഡിയോയും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സീരിയൽ താരം അനു ജോസഫിന്റെ യുട്യൂബ് ചാനലിൽ സാന്ത്വനം സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ രണ്ട് വർഷം മുമ്പ് ഗോപിക എത്തിയിരുന്നു.
അന്ന് സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രണയമുണ്ടോയെന്നും ഗോപികയോട് അനു ജോസഫ് ചോദിച്ചിരുന്നു. ജീവിതത്തിൽ ആരൊടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ... പ്രണയമുണ്ടോ എന്നാണ് അനു ജോസഫ് ഗോപികയോട് ചോദിച്ചത്. ഉണ്ട് എന്ന തരത്തിൽ മൂളുകളാണ് ഗോപിക ചെയ്തത്.
ഇപ്പോഴും ഉണ്ടോ അതോ തകർന്നോ എന്ന് ചോദിച്ചപ്പോൾ ഇങ്ങനെയൊന്നും ചോദിക്കാൻ പാടില്ല. പ്രണയം എന്നത് രണ്ടുപേരുടെ മനസിൽ മാത്രം തോന്നിക്കുന്ന ഒന്നാണ് അത് പരസ്യമാക്കാൻ പാടില്ല അല്ലേ എന്ന് അനു ചോദിച്ചപ്പോഴും എല്ലാം ശരിവെച്ച് ഗോപിക മൂളി. മാത്രമല്ല അതൊരു സീക്രട്ടാണ് കല്യാണമാകുമ്പോൾ പരസ്യമാക്കുമെന്നും ഗോപിക അതേ വീഡിയോയിൽ പറയുന്നുണ്ട്. ഈ വാക്കുകളാണ് ആരാധകരിൽ സംശയമുണ്ടാക്കിയത്.
അപ്പോൾ രണ്ട് വർഷമായി ജിപിയുമായി ഗോപിക പ്രണയത്തിലാണോ എന്നാണ് ഗോപികയുടെ പഴയ വീഡിയോ വീണ്ടും വൈറലായതോടെ ആരാധകർ ചോദിക്കുന്നത്. കോഴിക്കോടുകാരിയായ ഗോപിക്ക് ആരാധകർ വർധിച്ചത് സാന്ത്വനം സീരിയലിൽ അഞ്ജലിയായി അഭിനയിച്ച് തുടങ്ങിയപ്പോൾ മുതലാണ്.

സാന്ത്വനത്തിലെ ശിവൻ-അഞ്ജലി കോമ്പോയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ബാലേട്ടൻ, മയിലാട്ടം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചാണ് ഗോപികയുടെ അഭിനയ ജീവിതത്തിന്റെ ആരംഭം. ഡോക്ടർ കൂടിയായ ഗോപിക ഇപ്പോൾ അഭിനയത്തിലും മോഡലിങിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.
ഗോപികയെ ജിപി വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്ത വിശ്വസിക്കാൻ ഇപ്പോഴും ആരാധകർക്കായിട്ടില്ല. ഇത്ര വലിയൊരു ട്വിസ്റ്റ് സിനിമയിൽ പോലും കണ്ടിട്ടില്ല... വല്ലാത്ത ട്വിസ്റ്റായിപ്പോയി എന്നൊക്കെയാണ് ആരാധകർ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ കുറിച്ചത്. മുപ്പത്തിയാറുകാരനായ ജിപിയുടെ വിവാഹം നടന്ന് കാണാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു.
വിവാഹ ആലോചനകൾ നടക്കുകയാണെന്ന് അടുത്തിടെ ജിപി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തിരക്കുള്ള നടനും അവതാരകനുമെല്ലാമാണ് ജിപി. അലവൈകുണ്ഡപുരമലുവിൽ അഭിനയിച്ചശേഷം അന്യഭാഷ ചിത്രങ്ങളിൽ നിന്നാണ് ഗോവിന്ദിന് അവസരങ്ങൾ ഏറെയും വരുന്നത്. ഒപ്പം ഒരു യുട്യൂബ് ചാനലും ജിപിക്കുണ്ട്.
വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ജി ആന്റ് ജി എന്നാണ് ജിപി ഇരുവരെയും വിശേഷിപ്പിച്ചത്. ഇതിനോടകം ഗോഗോ എന്ന ഹാഷ് ടാഗും ട്രെന്റിങ് ആയിക്കഴിഞ്ഞു. നിങ്ങള്‍ ഞങ്ങളെ സ്‌നേഹിക്കുന്നതിലും അധികം ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നാണ് ആശംസകൾ നേർന്ന ആരാധകരോട് ജിപി പറഞ്ഞത്.


Click it and Unblock the Notifications