ഒരു കട്ട കൂട്ടിക്കോ, സണ്ണി ലിയോണിനുള്ള പാട്ടിന് സജഷന്‍ പറഞ്ഞത് മമ്മൂക്ക!ഗോപി സുന്ദര്‍ പറയുന്നതിങ്ങനെ
മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളികള്‍ ആസ്വദിച്ച ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പിറന്നതായിരുന്നു. ഇതിനിടെ അദ്ദേഹം മറ്റ് ഭാഷകളില്‍ നിന്നും കോപ്പി അടിക്കുന്നതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്ന് പലപ്പോഴായി തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
ചില സിനിമകളും പാട്ടുകളും വലിയ തരംഗം സൃഷ്ടിക്കും. അത്തരത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് തിയററ്ററുകളിലേക്ക് എത്തിയ മധുരരാജയിലെ പാട്ടും ഹിറ്റായിരുന്നു. ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ പാട്ടില്‍ അഭിനയിക്കാന്‍ എത്തിയത് സണ്ണി ലിയോണ്‍ ആയിരുന്നു. ഈ പാട്ട് ഒരുക്കുന്നതിന് മമ്മൂട്ടി നല്‍കിയ സജക്ഷനെ കുറിച്ചും അത് വലിയൊരു നിമിത്തമായെന്നും ഗോപി സുന്ദര്‍ പറഞ്ഞിരിക്കുകയാണ്.

മധുരരാജയില്‍ സണ്ണി ലിയോണാണ് ചുവട് വെക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ നല്ലൊരു പാട്ടായിരിക്കണമെന്ന് മനസിലുണ്ടായിരുന്നെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹം മനസ് തുറന്നത്. ഞാന്‍ മ്യൂസിക് കമ്പോസ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് പടത്തിന്റെ ഡയറക്ടര്‍ ഒരു വീഡിയോ കാണിച്ച് തരാമെന്ന് പറഞ്ഞ് വരുന്നത്. വീഡിയോയില്‍ മമ്മൂക്കയായിരുന്നു. എന്തുണ്ട് വിശേഷം എന്ന് പറഞ്ഞ് സംസാരിച്ചു. അപ്പോഴാണ് അദ്ദേഹം ചിത്രത്തിന് വേണ്ടിയുള്ള പാട്ടെന്ന് പാടാന്‍ ആവശ്യപ്പെട്ടത്.

മോഹമുന്തിരി എന്ന് തുടങ്ങുന്ന പാട്ട് ചെറുതായി ഒന്ന് പാടി കൊടുത്തപ്പോള്‍ അദ്ദേഹം ഒരു കട്ട കൂടി കൂട്ടി പിടിച്ചോ എന്ന് പറഞ്ഞു. മമ്മൂട്ടി പറഞ്ഞത് അനുസരിച്ച് ഒരു കട്ട കൂട്ടി വീണ്ടും പാടിയപ്പോള്‍ ഇത് ഓക്കെയാണെന്നും അടിപൊളിയാണെന്നും ആ സമയത്ത് വീഡിയോ കോളില്‍ വന്ന മമ്മൂക്ക പറഞ്ഞതായും ഗോപി സുന്ദര്‍ വ്യക്തമാക്കുന്നു. അങ്ങനെ മമ്മൂക്കയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചപ്പോള്‍ ആ പാട്ട് കൂടുതല്‍ പെര്‍ഫെക്ട് ആയെന്നും മമ്മൂക്കയുടെ സജക്ഷന്‍ ആ സമയത്ത് ഒരു നിമിത്തമായെന്നും ഗോപി സുന്ദര്‍ പറയുന്നു.

സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയ സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് മധുരരാജ എത്തുന്നത്. സിനിമയിലെ ഒരു ഐറ്റം ഡാന്‍സിന് വേണ്ടിയാണ് സണ്ണി എത്തിയതെങ്കിലും അത് വലിയ വിജയമായി മാറി. ഈ വര്‍ഷം കേരളം വലിയ തരംഗമുണ്ടാക്കി ആസ്വദിച്ച ഹിറ്റ് പാട്ടുകളിലൊന്നായിരുന്നു മധുരരാജയിലെ 'മോഹമുന്തിരി വാറ്റിയ രാവ്' എന്ന് തുടങ്ങുന്ന പാട്ട്. നായകന്മാര്‍ക്ക് വേണ്ടി ഒരുക്കിയ ഡാന്‍സ് പാര്‍ട്ടിയ്ക്കിടെയായിരുന്നു സണ്ണിയുടെ കിടിലന്‍ ഡാന്‍സ്. ബി കെ ഹരിനാരായണന്‍ വരികള്‍ ഒരുക്കിയപ്പോള്‍ സിത്താര കൃഷ്ണ കുമാര്‍ ആയിരുന്നു പാടിയത്.

മമ്മൂട്ടിയുടെ ഹിറ്റ് സിനിമ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖിന്റെ സംവിധാനത്തിലൊരുക്കിയ സിനിമയാണ് മധുരരാജ. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയ സിനിമ ഇക്കൊല്ലത്തെ വിഷുവിന് മുന്നോടിയായി ഏപ്രിലിലായിരുന്നു റിലീസ് ചെയ്തത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. ബോക്‌സോഫീസില്‍ വലിയ സാമ്പത്തിക വിജയം സ്വന്തമാക്കിയ മധുരരാജ എല്ലാ ബിസിനസുകളില്‍ നിന്നുമായി നൂറ് കോടിയോളം കളക്ഷന്‍ വാരിക്കൂട്ടി. അങ്ങനെ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമായി മധുരരാജ മാറി.


Click it and Unblock the Notifications











