'ഗോവർദ്ധനും സേനാപതിയും മേജർ മഹാദേവനും നായർ സാബും'; വെള്ളിത്തിരയിൽ തംരഗം തീർത്ത രാജ്യസ്നേഹികളായ ധീരന്മാർ!
സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ടും ഇന്ത്യൻ സൈന്യത്തിന്റെ വീരപോരാട്ടങ്ങളെ കുറിച്ചുമുള്ള കഥകൾ നിരവധി കേട്ട് വളർന്നവരാണ് നമ്മൾ ഇന്ത്യക്കാർ. പുസ്തകങ്ങളായി മാത്രമല്ല ചില മഹാന്മാരുടെ പോരാട്ടങ്ങൾ സിനിമയായും നമ്മളിലേക്ക് എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ തന്റെ സമ്പത്തായ പട്ടാളക്കാരുടെ ത്യാഗം നിറഞ്ഞ ജീവിതം നാം ഓരോരുത്തരും കൂടുതലായി മനസിലാക്കി തുടങ്ങിയതും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ വന്നശേഷമാണ്.
അതുകൊണ്ട് തന്നെയാണ് ചരിത്രം പറയുന്നതും ആർമിയുടെ അനുഭവങ്ങൾ വിഷയമാകുന്നതുമായ സിനിമകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നത്. അത്തരത്തിൽ ഇതുവരെ പുറത്തിറങ്ങിയ സിനിമകളിലെ ചില പ്രധാന കഥാപാത്രങ്ങൾ വലിയ രീതിയിൽ പ്രേക്ഷകർ ആഘോഷിച്ചിരുന്നു. അവയിൽ ചില കഥാപാത്രങ്ങൾ പരിശോധിക്കാം....

ഗോവർദ്ധൻ
മലയാള സിനിമ കണ്ട ക്ലാസിക്കുകളിൽ ഒന്നാണ് പ്രിയദർശൻ എന്ന സംവിധായകന്റെ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ കാലാപാനി. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച് ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ധീരന്മാരുടെ കഥയായിരുന്നു കാലാപാനി. മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവുള്ള സിനിമകളിലൊന്ന് കൂടിയായ കാലാപാനിയിലെ ഗോവർദ്ധൻ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു കഥാപാത്രമാണ്.
മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു കാലാപാനിയിലേത്. ഗോവർദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്നേഹവും നിസ്സഹായതയും പ്രതികാരവുമൊക്കെ അത്രയേറെ സൂക്ഷമതയോടെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. 1995 ക്രിസ്തുമസ് റിലീസായിട്ടാണ് കാലാപാനി ആദ്യം ചാർട്ട് ചെയ്തിരുന്നത്. പിന്നീടത് റിലിസ് 1996 ഏപ്രിലിലേക്ക് മാറ്റി. റിലീസിന് മുമ്പ് തന്നെ മികച്ച നടൻ ഉൾപ്പെടെ 1995ലെ സംസ്ഥാന അവാർഡുകൾ കാലാപാനി തൂത്ത് വാരിയിരുന്നു.
മേജർ മഹാദേവൻ
പട്ടാളക്കാരെ കുറിച്ചുള്ള കഥകളും വാർത്തകളും കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ള മേജർ മഹാദേവൻ എന്ന കഥാപാത്രമാകും. മേജർ രവി സൃഷ്ടിച്ച കഥാപാത്രമാണ് മേജർ മഹാദേവൻ.
ഇന്ത്യൻ ആർമിയിലെ ഒരു കമാന്റിങ് ഓഫീസറായ മേജർ മഹാദേവൻ ആദ്യം മലയാളികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത് 2006ൽ പുറത്തിറങ്ങിയ കീർത്തി ചക്രയിലൂടെയാണ്. പിന്നീട് ഇതേ സീരിസിൽ പുറത്തിറങ്ങിയ കുരുക്ഷേത്ര, കാണ്ഡഹാർ, 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്നീ ചിത്രങ്ങളിലും മോഹൻലാൽ പട്ടാള ഉദ്യോഗസ്ഥനായ മഹാദേവനായി പ്രത്യക്ഷപ്പെട്ടു.

നായർ സാബ്
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989ൽ പുറത്തിറങ്ങിയ ഒരു സൈനിക പശ്ചാത്തലത്തിലുള്ള മലയാള ചലച്ചിത്രമാണ് നായർ സാബ്.
ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിബർട്ടി പ്രൊഡക്ഷൻസ് നിർമ്മാണം ചെയ്ത ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് വിതരണം ചെയ്തിരിക്കുന്നു. മേജർ രവീന്ദ്രൻ നായർ എന്ന കർക്കശക്കാരനായ പട്ടാള ഉദ്യോഗസ്ഥനെ മമ്മൂട്ടി മികവുറ്റതാക്കി. വൻ വിജയം നേടിയ മമ്മൂട്ടിയുടെ ന്യൂ ഡൽഹി എന്ന ചിത്രത്തിന് പിന്നാലെ എത്തിയ ചിത്രമായിരുന്നു ഇത്. ഇരുനൂറോളം ദിവസമാണ് പ്രധാന കേന്ദ്രങ്ങളിൽ ഈ സിനിമ പ്രദർശിപ്പിച്ചത്.
സേനാപതി
1996ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. അഴിമതിക്കെതിരെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സേനാപതി എന്ന വൃദ്ധൻ നടത്തുന്ന പോരാട്ടമാണ് ഇന്ത്യന്റെ ഇതിവൃത്തം.
കമല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ സേനാപതി എന്ന കഥാപാത്രത്തിനാണ് ആരാധകർ ഏറെയും. 1996ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയുമായിരുന്നു ഇന്ത്യൻ. അടുത്തിടെ സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തുവെങ്കിലും വൻ പരാജയമായി മാറി.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണൻ
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അതിന്റെ ഭാവതീവ്രതയിൽ ആവിഷ്കരിച്ച സിനിമയായിരുന്നു മേജർ എന്ന ചിത്രം. മുംബൈ താജ് ഹോട്ടലിൽ 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തെ ചെറുക്കുന്നതിനിടയിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു വരിച്ചത്.
എന്‍എസ്ജി കമാന്‍ഡോയായിരുന്ന അദ്ദേഹത്തിത്തോടുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു. വീരമൃത്യു വരിച്ച ഒരു പട്ടാളക്കാരൻ എന്നതിലുപരി സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ കേട്ടതിലും അറിഞ്ഞതിലുമുപരിയായുള്ള ജീവിതം മേജറിലൂടെ അണിയറപ്രവർത്തകർ പ്രേക്ഷകരിലേക്ക് എത്തിച്ചു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് മനോഹരമായി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോൾ അഭിനയിച്ചു.


Click it and Unblock the Notifications











